- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ ഐപിഎല്ലിൽ കളിപ്പിക്കാൻ ആഗ്രഹിക്കുന്ന 'ഡോഗ് ഓഫ് അംബാനി'! അർജുൻ ടെൻഡുൽക്കറിനെ ഇന്ത്യൻ ടീമിലെത്തിക്കാൻ അമിത് ഷായുടെ മകനും കനിയണം; ക്രിക്കറ്റ് ഇതിഹാസം നേരിടുന്നത് സമാനതകളില്ലാത്ത വിമർശനം; കർഷകരെ സച്ചിൻ മറന്നതിന് പിന്നിൽ സോഷ്യൽ മീഡിയ കാരണം കണ്ടെത്തുമ്പോൾ
ന്യൂഡൽഹി: ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ വില്ലനായി ക്രിക്കറ്റ് ഇതിഹാസം സച്ചൻ തെണ്ടുൽക്കർ. കർഷക സമരത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് ഇന്ത്യ ടുഗെദർ, ഇന്ത്യ എഗെൻസ്റ്റ് പ്രൊപ്പഗൻഡ ഹാഷ്ടാഗുകളിൽ ട്വീറ്റുകൾ പങ്കുവച്ച താരങ്ങളിൽ ഏറെ വിമർശനത്തിന് വിധേയനായത് സച്ചിൻ തെൻഡുൽക്കർ ആണ്. വലിയ ആക്രമണമാണ് സച്ചിനെതിരെ നടക്കുന്നത്.
മുൻ രാജ്യസഭാ അംഗം കൂടിയാണ് സച്ചിൻ. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴായിരുന്നു സച്ചിനെ കായിക സംഭാവനകൾ കണക്കിലെടുത്ത് രാജ്യസഭയിലെ നോമിനേറ്റഡ് പ്രതിനിധിയാക്കിയത്. ഇത്തരത്തിലൊരു താരമാണ് കർഷക നിയമത്തിൽ അഭിപ്രായവുമായി എത്തിയത്. കർഷക പ്രക്ഷോഭത്തെ പിന്തുണച്ച ഗ്രെറ്റ ട്യൂൻബെഗിനെയും പോപ്പ് ഗായിക റിയാനയെയും വിമർശിച്ചും കേന്ദ്രസർക്കാരിനെ പിന്തുണച്ചും രംഗത്തുവന്ന ക്രിക്കറ്റ് താരങ്ങൾക്ക് അവേശമായതും സച്ചിനാണ്. എന്നാൽ ഇവരെല്ലാം സോഷ്യൽ മീഡിയയിൽ ട്രോളുകളായി മാറുകയാണ്.
കാർഷിക നിയമത്തിനെതിരെ കർഷകർ സമരം തുടങ്ങിയിട്ടു മാസങ്ങളായി. അന്നൊന്നും അനുകമ്പയും ഐക്യദാർഢ്യവും പ്രഖ്യാപിക്കാത്ത താരങ്ങളാണ് ഗ്രേറ്റ ട്യൂൻബെഗും റിയാനയും പ്രതികരിച്ചപ്പോൾ സമൂഹമാധ്യമത്തിലൂടെ കേന്ദ്രസർക്കാരിനായി രംഗത്തു വന്നത്. കേന്ദ്രസർക്കാരിനെ പിന്തുണച്ച് ഇന്ത്യ ടുഗെദർ, ഇന്ത്യ എഗെൻസ്റ്റ് പ്രൊപ്പഗൻഡ ഹാഷ്ടാഗുകളിൽ ട്വീറ്റുകൾ പങ്കുവച്ച താരങ്ങളെല്ലാം പ്രതിസന്ധിയിലാണ്.
വിരാട് കോലിയും രോഹിത് ശർമയും അജിങ്ക്യ രഹാനെയും കർഷകരെക്കൂടി അനുസ്മരിച്ച് 'ഇലയ്ക്കും മുള്ളിനും'കേടില്ലാത്തവിധം ട്വീറ്റ് ചെയ്തപ്പോൾ സച്ചിന്റെ അക്കൗണ്ടിലെ ട്വീറ്റിൽ കർഷകനെക്കുറിച്ച് ഒരു വരിപോലും ഉണ്ടായില്ല. അതും സച്ചിന് വിനയായി. മുൻപ് മഹാരാഷ്ട്രയിൽ മറാത്താ വാദം ഉയർന്നപ്പോൾ (മഹാരാഷ്ട്രയിൽ മറാത്തികൾ മാത്രം മതി തൊഴിലെടുക്കാൻ എന്ന വാദം) അന്ന് അതിനെ എതിർത്ത ആളാണ് സച്ചിൻ. അന്ന് സച്ചിൻ പറഞ്ഞത് 'ഞാനൊരു മുംബൈക്കാരും മഹാരാഷ്ട്രക്കാരനുമാണ് എന്നാൽ ഞാൻ ഒരു ഇന്ത്യാക്കാരനുമാണ്'.
സച്ചിന് അന്ന് ഏറെ പിന്തുണ ലഭിച്ചിരുന്നു. രാജ്യത്ത് കർഷക ആത്മഹത്യകൾ ഏറെക്കൂടുതലുള്ള ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. സച്ചിൻ കർഷക സമരത്തെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുകയും എന്നാൽ കർഷകസമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികളെ വിമർശിക്കുകയും ചെയ്തതാണ് തിരിച്ചടിയായത്. മുൻപ് ബാൽ താക്കറെ സച്ചിനെക്കുറിച്ച് പറഞ്ഞ വിഡിയോവരെ പങ്കുവച്ചാണ് ആക്രണം. അങ്ങനെ എല്ലാ അർത്ഥത്തിലും സച്ചിന് ഇത് സോഷ്യൽ മീഡിയയിൽ കഷ്ടകാലമാണ്.
'സച്ചിൻ കളിക്കുന്നത് പണത്തിനുവേണ്ടിയാണെന്നായിരുന്നു താക്കറെയുടെ വിമർശനം. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകനായ ജയ്ഷാ ബിസിസിഐയുടെ തലപ്പത്ത് ഇരിക്കുമ്പോൾ മകൻ അർജുൻ തെൻഡുൽക്കറിന് ഇന്ത്യൻ ടീമിലെത്താനാണ് സച്ചിൻ ഇങ്ങനെ ട്വീറ്റ് ചെയ്തതെന്നും വിമർശനം ഉണ്ട്. റിലയൻസ് ഉടമ അംബാനിയുമായുള്ള അടുപ്പവും റിലയൻസിന്റെ സ്പോർട്സ് സംരംഭങ്ങളിലും പരസ്യങ്ങളിലും സച്ചിന്റെ സാന്നിധ്യവും ചൂണ്ടിക്കാട്ടിയാണ് സച്ചിനെ ചിലർ 'ഡോഗ് ഓഫ് അംബാനി'എന്നുവരെ വിമർശിച്ചത്.
സച്ചിന്റെ മകൻ മുംബൈ ടീമിൽ എത്തി കഴിഞ്ഞു. ട്വന്റി ട്വന്റിയിൽ കളിക്കുകയും ചെയ്തു. അത്ര പ്രതീക്ഷ നൽകുന്നതായിരുന്നില്ല പ്രകടനം. ട്വന്റി ട്വന്റിയിൽ മുംബൈ ടീം തകരുകയും ചെയ്തു. മുംബൈ ഇന്ത്യൻസിൽ ഇത്തവണ അർജുൻ ഇടം നേടുമെന്നാണ് വിലയിരുത്തൽ. ഇതിന് വേണ്ടിയാണ് ടീം ഉടമസ്ഥരായ അംബാനിക്ക് വേണ്ടിയുണ്ടാക്കിയ കാർഷിക നിയമത്തെ സച്ചിൻ അനുകൂലിക്കുന്നതെന്ന വാദവും സജീവമാണ്.
അതിനിടെ മുമ്പ് സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് താരം മരിയ ഷറപ്പോവയെ ട്രോളിയവർ ഇപ്പോൾ ഷറപ്പോവയോട് ക്ഷമചോദിച്ചിരിക്കുകയാണ്. ഷറപോവയെ കേരളത്തിലേക്കു ക്ഷണിച്ചിട്ടുമുണ്ട്. ഷറപ്പോവ അന്ന് പറഞ്ഞത് സത്യമായിരുന്നു എന്നാണ് അന്ന് ടെന്നിസ് താരത്തെ ട്രോളിയവർ ഇപ്പോൾ പറയുന്നത്. മലയാളികളാണ് ട്രോളിൽ ഏറെയും.
മറുനാടന് മലയാളി ബ്യൂറോ