- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവി; പ്രതികരണവുമായി സച്ചിൻ ടെൻഡുൽക്കർ; ഇന്ത്യയെ സമ്മർദത്തിലാക്കിയത് രണ്ട് താരങ്ങളുടെ വിക്കറ്റെന്ന് സച്ചിൻ; കീവിസിന് ഗുണം ചെയ്തത് ഇംഗ്ലണ്ടിനെതിരായ പരമ്പര
സതാംപ്ടൺ: സമനിലയിലേക്ക് എന്ന് പലരും വിലയിരുത്തിയ മത്സരമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട് കോലിപ്പട ന്യൂസിലൻഡിനോട് തോൽവി വഴങ്ങുകയായിരുന്നു. കിരീടം നേടിയ ന്യൂസിലൻഡിനെ പ്രശംസിച്ചുള്ള ട്വീറ്റിൽ കലാശപ്പോരിന്റെ അവസാന ദിനത്തിലെ ആദ്യ സെഷനിൽ ഇന്ത്യ സമ്മർദത്തിലായതിന്റെ കാരണം വ്യക്തമാക്കി ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ.
'ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ന്യൂസിലൻഡ് ടീമിന് അഭിനന്ദനങ്ങൾ. നിങ്ങളായിരുന്നു മികച്ചുനിന്നത്. പ്രകടനത്തിൽ ടീം ഇന്ത്യ നിരാശരാകും. ഞാൻ സൂചിപ്പിച്ചതുപോലെ ആദ്യ 10 ഓവറുകൾ നിർണായകമായിരുന്നു. എന്നാൽ വിരാട് കോലിയുടെയും ചേതേശ്വർ പൂജാരയുടേയും വിക്കറ്റ് 10 പന്തിനിടെ നഷ്ടമായി. അത് ഇന്ത്യൻ ടീമിനെ വലിയ സമ്മർദത്തിലാക്കി'- സച്ചിൻ ട്വിറ്റിൽ കുറിച്ചു.
റിസർവ് ദിനത്തിൽ ആദ്യ സെഷനിലെ ആറാം ഓവറിൽ കെയ്ൽ ജാമീസണിന്റെ പന്തിൽ കോലി വിക്കറ്റ് കീപ്പർ ബി ജെ വാട്ലിങ് പിടിച്ച് പുറത്താവുകയായിരുന്നു. ജാമീസൺ വീണ്ടും പന്തെറിയാനെത്തിയപ്പോൾ പൂജാര ഫസ്റ്റ് സ്ലിപ്പിൽ റോസ് ടെയ്ലർ പിടിച്ചും മടങ്ങി. ഇതോടെ പ്രതിരോധത്തിലായ ടീം ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വെറും 170 റൺസിൽ പുറത്താവുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 139 റൺസ് ടാർഗറ്റിലേക്ക് ബാറ്റ് വീശിയ ന്യൂസിലൻഡ് അനായാസ ജയം സ്വന്തമാക്കുകയും ചെയ്തു.
'ഇംഗ്ലണ്ടിലുണ്ടായിരുന്നതും അവർക്കെതിരെ രണ്ട് ടെസ്റ്റ് കളിച്ചതും ന്യൂസിലൻഡിന് ഗുണം ചെയ്തു. ഇന്ത്യക്കാരെക്കാൾ നന്നായി കിവികൾ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസിലാക്കി. അവർ കിരീടത്തിന് അവകാശികളാണ്' എന്ന് ഹർഭജൻ സിംഗും പറഞ്ഞു. സതാംപ്ടണിലെ കലാശപ്പോരിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിച്ച് ന്യൂസിലൻഡ് തയ്യാറെടുപ്പ് നടത്തിയപ്പോൾ സ്ക്വാഡിലെ താരങ്ങൾ തമ്മിൽ സന്നാഹ മത്സരം മാത്രം കളിച്ചാണ് ടീം ഇന്ത്യ ഫൈനലിന് ഇറങ്ങിയത്.
സ്പോർട്സ് ഡെസ്ക്