തിരുവനന്തപുരം: ഇന്ത്യ - വെസ്റ്റിൻഡീസ് ഏകദിന വേദിയച്ചൊല്ലിയുള്ള തർക്കം ആരംഭിച്ചിട്ട് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ കെസിഎയ്ക്കുള്ളിൽ തന്നെ തമ്മിലടി രൂക്ഷമാവുന്നതായി സൂചന. കെസിഎക്ക് എതിരെ തുറന്ന പോരിന് തന്നെ തയ്യാറാവുകയാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ. തിരുവനന്തപുരത്താണ് മത്സരം എന്ന് ആദ്യം പ്രഖ്യാപിച്ച ശേഷം പെട്ടന്ന് അതുകൊച്ചിയിലേക്ക് മാറ്റിയതിന്റെ സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസിഎ സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ. തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദാണ് കത്തയച്ചിരിക്കുന്നത്.

സാധാരണയായി ഒരുമിച്ച് തീരുമാനമെടുക്കുന്ന കെസിഎയിൽ ജയേഷ് ജോർജ് മാത്രം തീരുമാനിച്ച് മത്സരം കൊച്ചിയിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചത് തങ്ങൾ റബ്ബർ സ്റ്റാംബുകളാണെന്ന് വരുത്തിതീർക്കാനാണെന്നും മറുവിഭാഗം ആരോപിക്കുന്നുണ്ട്. ജില്ലയിൽ സ്റ്റേഡിയമുണ്ടായിട്ടും മത്സരം കൊച്ചിയിലേക്ക് മാറ്റിയത് തിരുവനന്തപുരമുൾപ്പടെയുള്ള തെക്കൻ ജില്ല അസോസിയേഷനുകളുടെ വാക്കിന് വിലകൽപിക്കാത്തതുകൊണ്ടാണെന്നും പല യോഗങ്ങളിലും ഇവർ മിണ്ടാപ്രാണികളായി ഇരിക്കുന്നതുകൊണ്ടാണെന്നും നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കസിഎയ്ക്ക് എതിരെ പടയൊരുക്കവുമായി ജില്ലാ അസോസിയേഷൻ രംഗത്ത് വന്നത്.