ചെന്നൈ: ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്ല്യു  കാർ നിർമ്മിച്ചു. സംഗതി സത്യമാണ്. ബിഎംഡബ്ല്യു 5 സീരീസിന്റെ നിർമ്മാണത്തിലാണ് സച്ചിൻ പങ്കാളിയായത്.

ബീമറിന്റെതന്നെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായ സച്ചിൻ കാർ പ്രേമിയാണെന്ന വിവരവും ഏവർക്കുമറിയാം. ടെൻഡുൽക്കറുടെ സാന്നിധ്യത്തോടെയാണ് ഏറ്റവും പുതിയ ബിഎംഡബ്ലിയു ഐ8 വരെ ലോഞ്ച് ചെയ്തത്.

ഇതിനു പിന്നാലെയാണ് 'മേക്ക് ഇൻ ഇന്ത്യ' ആശയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 50 ശതമാനത്തോളം തദ്ദേശീയ ഉത്പന്നങ്ങൾ കൊണ്ട് ചെന്നൈയിൽ നിർമ്മിക്കുന്ന ബിഎംഡബ്ലിയു 5 സീരീസിന്റെ നിർമ്മാണത്തിൽ സച്ചിനും പങ്കാളിയായത്.

ജർമ്മൻ ആഡംബര വാഹനനിർമ്മാതാക്കളുടെ ചെന്നൈ പെരുംകോവിൽ നിർമ്മാണയൂണിറ്റിൽ ഇന്ത്യൻ നിർമ്മിത പാർട്‌സുകൾ കൊണ്ട് ബിഎംഡബ്ലിയും അസംബിൾ ചെയ്യുമ്പോഴാണ് മെക്കാനിക്കുകൾക്കൊപ്പം സച്ചിനും സജീവമായത്. 2800 ഓളം ഭാഗങ്ങളാണ് ഇത്തരത്തിൽ തദ്ദേശീയമായി കൂട്ടിയോജിപ്പിക്കുന്നത്.

താൻ ഒരു ബിഎംഡബ്ലിയു ആരാധകനാണെന്നും വാഹനം വളരെക്കാലമായി ഡ്രൈവ് ചെയ്തിട്ടുണ്ടെങ്കിലും ബിഎംഡബ്ലിയു കാർ സ്വന്തം കൈകൊണ്ട് നിർമ്മിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും സച്ചിൻ പറഞ്ഞു. ലോകത്തെവിടെയുള്ള ഫാക്ടറികളിൽനിന്ന് പുറത്തിറങ്ങുന്ന ബിഎംഡബ്ലിയു കാറുകളെപ്പോലെതന്നെ ഗുണനിലവാരം ഉറപ്പുള്ളതാണ് ഇന്ത്യൻ നിർമ്മിത ഘടകങ്ങളുപയോഗിച്ച് നിർമ്മിച്ച ബിഎംഡബ്ലിയുവെന്ന് ചെന്നൈ പ്ലാന്റ് മാനേജിങ്ങ് ഡയറക്ടർ റോബർട്ട് ഫ്രിറ്റാങ്ങ് പറഞ്ഞു.