ലോസാഞ്ചലസ്: സച്ചിൻ ടെൻഡുൽക്കറെന്ന ക്രിക്കറ്റ് ദൈവത്തെ തൊട്ടുകളിച്ചാൽ അത് ആരായാലും ആരാധകർ പൊറുക്കില്ല. ടെന്നീസ് താരം മറിയ ഷറപ്പോവയുൾപ്പെടെയുള്ളവർ സച്ചിന്റെ ആരാധകരുടെ രോഷം ശരിക്കറിഞ്ഞവരാണ്.

ഇപ്പോൾ സച്ചിന്റെയും സച്ചിൻ ആരാധകരുടെയും അപ്രീതിക്കു പാത്രമായിരിക്കുന്നത് ബ്രിട്ടീഷ് എയർവെയ്‌സാണ്. ബ്രിട്ടീഷ് എയർവെയ്‌സിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് സച്ചിൻ ടെൻഡുൽക്കർ ട്വീറ്റു ചെയ്യുകയായിരുന്നു.

ബ്രിട്ടീഷ് എയർലൈൻസ് ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലും യാത്രക്കാരോടുള്ള സമീപനത്തിലും കടുത്ത നിരാശയാണുള്ളതെന്ന് സച്ചിൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

അമേരിക്കയിൽ നടന്ന ഓൾ സ്റ്റാർ ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് സച്ചിന് ബ്രിട്ടീഷ് എയർവെയ്‌സിൽനിന്ന് ദുരനുഭവമുണ്ടായത്. വെയിറ്റംഗ് ലിസ്റ്റിലായിരുന്ന തന്റെ കുടുംബാംഗങ്ങളുടെ ടിക്കറ്റുകൾ കൺഫേമാക്കുന്നതിന് വേണ്ട നടപടികൾ എയർലൈൻ ജീവനക്കാർ സ്വീകരിച്ചില്ലെന്ന് സച്ചിൻ കുറ്റപ്പെടുത്തി. ഇതുകൂടാതെ തന്റെ ലഗേജുകൾ അയച്ചത് തെറ്റായ സ്ഥലത്തേക്കാണെന്നും സച്ചിൻ പറയുന്നു.

ശാന്തസ്വഭാവക്കാരനായ സച്ചിന്റെ അപ്രതീക്ഷിത രോഷപ്രകടനം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ബ്രിട്ടീഷ് എയർവെയ്‌സ് സച്ചിനോട് മാപ്പു പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് എയർവേസിന്റെ ക്ഷമ ചോദിച്ചു കൊണ്ടുള്ള ട്വീറ്റ് ആരാധക പ്രതിഷേധം കൂട്ടുകയാണ് ചെയ്തത്. ക്ഷമ ചോദിച്ചു കൊണ്ടുള്ള ട്വീറ്റിൽ സച്ചിന്റെ പൂർണമായ പേരും വിലാസവും ചോദിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.

നിലവിൽ ഓൾ സ്റ്റാർ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കായി സച്ചിൻ അമേരിക്കൻ പര്യടനത്തിലാണ്. സച്ചിൻ നയിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമും ഷെയ്ൻ വോൺ നയിക്കുന്ന വാരിയേഴ്‌സും തമ്മിൽ നടക്കുന്ന മൂന്നു മത്സര ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച ലോസ് ആഞ്ചലസിൽ നടക്കും. പരമ്പര 2-0നു വോൺ വാരിയേഴ്‌സ് സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ വർഷമാണ് സച്ചിൻ ടെണ്ടുൽക്കർ ആരാണെന്ന് ചോദിച്ചതിന് ടെന്നീസ് താരം മരിയ ഷരപ്പോവയെ സച്ചിൻ ആരാധകരായ സൈബർ ഗുണ്ടകൾ ഫേസ്‌ബുക്കിൽ ആക്രമിച്ചത്. മലയാളികളായിരുന്നു ട്രോളർമാരിൽ മുന്നിൽ.