കൊച്ചി: കേരളത്തോട് സച്ചിൻ ടെണ്ടുൽക്കറിന് ഉള്ള പ്രേമം എല്ലാവർക്കും അറിവുള്ളതാണ്. കേരളാ ബ്ലാസ്റ്റേഴ്‌സി എന്ന ഫുട്‌ബോൾ ക്ലബ് വാങ്ങിയതിന് പിന്നിലും ഈ പ്രേമം തന്നെയാണ്. മലയാളികളുടെ ഓണസദ്യയെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സച്ചിൻ. ഇങ്ങനെ മലയാളികളെ ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ദൈവത്തിന്റെ സ്വന്തം നാട്ടിൽ വീട് സ്വന്തമാക്കുന്നു. കൊച്ചിയിൽ തന്നെയാണ് സച്ചിൻ വീട് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. കൊച്ചിയിൽ പ്രൈം മെറിഡിയന്റെ പ്രീമിയം ലക്ഷ്വറി വില്ലയാണ് സ്വന്തമാക്കുന്നത്. ശനിയാഴ്ച സച്ചിൻ കൊച്ചിയിലെ വീട് കാണാനെത്തും.

ദക്ഷിണേന്ത്യയിൽ സച്ചിന് പാർപ്പിടമൊരുങ്ങുന്നത് ആദ്യമായാണ്. വിരമിക്കലിനുശേഷം സച്ചിന്റെ രണ്ടാം വീട് പോലെ ആയിട്ടുണ്ട് കേരളം. കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളിലൊരാളായ മാസ്റ്റർ ബ്ലാസ്റ്റർ ഇവിടെ കൂടുതൽ സമയം ചെലവഴിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ വീട് അന്വേഷിച്ചത്. കേരളത്തിന്റെ മനോഹാരിത ഇഷ്ടപ്പെടുന്ന സച്ചിൻ തന്റെ അവധിക്കാലം ചിലവഴിക്കാൻ കൂടി കൊച്ചിയിലെ വീട് ഉപയോഗിച്ചേക്കും.

കുണ്ടന്നൂരിൽ നിർമ്മാണം പൂർത്തിയായ, പ്രൈം മെറിഡിയന്റെ ഏറ്റവും പുതിയ കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സിലെ വില്ലയാണ് ഇനി കേരളത്തിലുള്ളപ്പോൾ ക്രിക്കറ്റ് ഇതിഹാസത്തിന്റെ വാസസ്ഥലമാകുക. കേരളത്തിൽ പല സ്ഥലങ്ങളും സച്ചിൻ പരിഗണിച്ചിരുന്നു. ഒടുവിലാണ് ബ്ലൂ വാട്ടേഴ്‌സ് തിരഞ്ഞെടുത്തത്.

ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി അഘോഷങ്ങളിലെ വിശിഷ്ടാതിഥിയായി വെള്ളിയാഴ്ച രാത്രിയാണ് സച്ചിൻ കൊച്ചിയിലെത്തുക. ശനിയാഴ്ച രാവിലെ ഇതിൽ പങ്കെടുത്തശേഷം സച്ചിൻ വില്ല സന്ദർശിക്കും.
ബ്ലാസ്റ്റേഴ്‌സിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ സച്ചിന് കേരളം ഹൃദ്യമായ അനുഭവമായെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. തന്റെ ഇഷ്ടവീടിന് വേണ്ടി കോടികൾ മുടക്കാനാണ് സച്ചിൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇത് എത്രയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കേരളത്തിൽ ഒരു വീട് എന്ന ആശയത്തിലേക്ക് സച്ചിനെ നയിച്ചത് പ്രധാനമായും ഈ അടുപ്പമാണ്. ഇക്കുറി ഓണത്തിന് സദ്യയുണ്ണുന്ന സ്വന്തം ചിത്രത്തിനൊപ്പം ഫേസ്‌ബുക്കിലൂടെ സച്ചിൻ മലയാളികൾക്കെല്ലാം ഓണാശംസയും നേർന്നിരുന്നു. ബാന്ദ്ര പെറി ക്രോസ് റോഡിലെ ആഡംബര ബംഗ്ലാവിലാണ് സച്ചിനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ലാ മേർ ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ നിന്ന് 2011ലാണ് സച്ചിൻ 6,000 സ്‌ക്വയർഫീറ്റിലുള്ള ഇവിടേക്ക് മാറിയത്.