- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇരുപത് വർഷത്തോളം ഞങ്ങൾ ക്രിക്കറ്റിൽ നേർക്കുനേർ ഉണ്ടായിരുന്നു; ക്രിക്കറ്റിനെ കൂടുതൽ ആവേശകരമാക്കിയ ആ 'ബിഗ് ത്രീ' ഒരിക്കൽ വെളിപ്പെടുത്തിയ ഷെയ്ൻ വോൺ; സച്ചിനെയും ലാറയേയും വിശേഷിപ്പിച്ചത് കരിയറിൽ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെന്ന്
സിഡ്നി: ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള, കൺനിറയെ കണ്ട് ആനന്ദിച്ചിട്ടുള്ള താരപോരാട്ടങ്ങൾ ഏതൊക്കെയായിരിക്കും. ആരാധകർക്ക് പല ഉത്തരങ്ങൾ ഉണ്ടാകുമെങ്കിലും എണ്ണത്തിൽ കൂടുതൽ എത്തുക ഒരുപക്ഷെ സച്ചിനും ഷെയ്ൻ വോണും, അല്ലെങ്കിൽ ലാറയും ഷെയ്ൻവോണും എന്നതാകും. കാരണം. ക്രിക്കറ്റ് ലോകം അത്രത്തോളം ലഹരിയോടെ കണ്ടിരുന്ന പോരാട്ടങ്ങൾ മറ്റൊന്നുമല്ല.
ലോക ക്രിക്കറ്റ് കണ്ട സ്പിൻ ഇതിഹാസങ്ങളിൽ മുൻനിരയിലാണ് ഓസീസ് താരം ഷെയ്ൻ വോൺ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള രണ്ടാമത്തെ ബൗളർ. ക്രിക്കറ്റിൽ നിന്നു വിരമിച്ചിപ്പോൾ പരിശീലക റോളിലും മെന്റർ റോളിലും കമന്റേറ്ററായും, ക്രിക്കറ്റ് പ്രവാചകന്റെ രൂപത്തിലും വോണിനെ കണ്ടവരുണ്ട്.
എന്നാൽ ഷെയ്ൻ വോണിനോട് തന്റെ കരിയറിൽ ഒപ്പം കളിച്ചതും എതിരിട്ടതുമായ താരങ്ങളിൽ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ആരൊക്കെയാണെന്ന് ചോദിച്ചാൽ വേഗമെത്തും മറുപടി. ഏത് ഉറക്കത്തിലും പറയാൻ ്അദ്ദേഹത്തിന് രണ്ട് പേരുകളെ ഉള്ളു. ഒരു കാലത്ത് തന്റെ ഉറക്കം തന്നെ നഷ്ടപ്പെടുത്തിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറും. എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരായി വോൺ വിശേഷിപ്പിച്ചതും ഇവരെയാണ്.
'എന്റെ കാലഘട്ടത്തിൽ ഞാൻ ഒപ്പം കളിച്ചതോ എതിരിട്ട് കളിച്ചതോ വെച്ച് ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയുമാണ്. ഞങ്ങൾ മൂന്ന് പേരും പരസ്പരം പോരടിക്കുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേയെന്ന് വോൺ ഇൻസ്റ്റ്ഗ്രാമിലൂടെ ഒരിക്കൽ ചോദിച്ചിരുന്നു. പല ബാറ്റ്സ്മാന്മാരെയും വട്ടം കറക്കിയിട്ടുള്ള ഷെയ്ൻ വോണിനെതിരേ മികച്ച റെക്കോഡാണ് ബ്രയാൻ ലാറക്കും സച്ചിൻ ടെണ്ടുൽക്കറിനുമുള്ളത്.
ടെസ്റ്റിൽ സച്ചിനും ലാറയും വോണിനെ നേരിടുന്നത് കാണാൻ വലിയ ആരാധകർ തന്നെ ഉണ്ടായിരുന്നു. ഷെയ്ൻ വോണിന്റെ തുടക്ക സമയത്ത് സച്ചിൻ ടെണ്ടുൽക്കർ പല തവണ അദ്ദേഹത്തെ ഗാലറിക്ക് പുറത്തേക്ക് പറത്തിയത് ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരിക്കുന്ന നിമിഷങ്ങളാണ്. നേരത്തെ ക്രിക്കറ്റിലെ ബിഗ് ത്രീയാണ് ഞാനും സച്ചിനും ലാറയുമെന്നും ഷെയ്ൻ വോൺ പറഞ്ഞിരുന്നു. 'ക്രിക്കറ്റിലെ ബിഗ് ത്രീയെന്ന് എന്നെയും സച്ചിനെയും ലാറയേയുമാണ് ഞാൻ വിശേഷിപ്പിക്കുന്നത്. ഈ മൂന്ന് പേരുമാണ് ക്രിക്കറ്റിനെ കൂടുതൽ ആവേശകരമാക്കിയതും അവിസ്മരണീയമാക്കിയതും.
20 വർഷത്തോളം ഞങ്ങൾ ക്രിക്കറ്റിൽ നേർക്കുനേർ ഉണ്ടായിരുന്നു. ഈ സമയത്തെ ആളുകൾ നന്നായി ആസ്വദിച്ചുവെന്നാണ് കരുതുന്നത്. ഞങ്ങളുടെ പോരാട്ടങ്ങൾ ആരാധകരെ വളരെ അധികം ആവേശം കൊള്ളിച്ചിട്ടുണ്ട്'-വോൺ അന്ന് പറഞ്ഞു.
ഇരുവരും നേർക്കുനേർ വന്നാൽ ക്രിക്കറ്റ് എന്ന ത്രില്ലർ ഗെയ്മിന് വീര്യം ഉച്ചസ്ഥായിയിലെത്തും. ഇന്ത്യ-ഓസീസ് പോരാട്ടം സച്ചിൻ - വോൺ എന്ന പേരിൽ അറിയപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന പതിറ്റാണ്ട് മുതൽ ഈ നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടിന്റെ ഏതാണ്ട് അവസാനം വരെ ലോക ക്രിക്കറ്റിലെ മുൻനിര ബാറ്റർമാരെയെല്ലാം കറക്കിവീഴ്‌ത്തുകയായിരുന്നു വോണിന് ഹരം. എന്നാൽ സച്ചിന് മുന്നിലെത്തിയപ്പോൾ വോൺ എന്ന മാന്ത്രികന്റെ വിരലുകളിലെ വിസ്മയങ്ങൾ ഫലിക്കാതെ വന്നു.
രാജ്യാന്തര വേദിയിൽ 29 തവണയാണ് സച്ചിനും വോണും നേർക്കുനേർ വന്നത്. എന്നാൽ വോണിന് മേൽ സച്ചിൻ തന്റെ മേൽക്കൈ കാണിച്ചു. നാലേ നാല് തവണ മാത്രമേ ഓസീസ് സ്പിൻ ജീനിയസിന് മാസ്റ്റർ ബ്ലാസ്റ്ററെ പവലിയനിലേക്ക് മടക്കാനായുള്ളൂ. ചെന്നൈ(1998), കാൺപൂർ(1998), അഡ്ലെയ്ഡ്(1999), മെൽബൺ(1999) എന്നീ വേദികളിലായിരുന്നു വോണിന് മുന്നിൽ സച്ചിൻ അടിയറവുപറഞ്ഞത്. മറ്റ് അവസരങ്ങളിലെല്ലാം സച്ചിന്റെ ബാറ്റിങ് ചൂടറിഞ്ഞ് മടങ്ങാനായിരുന്നു വോണിന് നിയോഗം.
വോണിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ തന്റെ പന്ത് നിലത്തുകുത്താൻ സച്ചിൻ സമയം അനുവദിച്ചില്ല. സ്പിന്നർമാരെ കടന്നാക്രമിക്കാൻ കരുത്തുള്ള തന്റെ ക്രിക്കറ്റ് ബുദ്ധി കൊണ്ട് സച്ചിൻ വോണിനെ വരച്ച വരയിൽ നിർത്തി.
പാക്കിസ്ഥാൻ കഴിഞ്ഞാൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയുമായി ഇഞ്ചോടിഞ്ച് പോരാടിയിട്ടുള്ള ഒരു രാജ്യമുണ്ടെങ്കിൽ, അത് ഓസ്‌ട്രേലിയയാണ്. രാഷ്ട്രീയ കാരണങ്ങളാൽ പിന്നീട് ഇന്ത്യാ-പാക്കിസ്ഥാൻ മത്സരങ്ങൾ കുറയുകയും ഇന്ത്യാ-ഓസ്‌ട്രേലിയ മത്സരങ്ങൾക്ക് ഇന്ത്യ-പാക് മത്സരങ്ങളോളമോ അതിനേക്കാൾ ഉപരിയോ ആവേശം ഉയരുകയും ചെയ്തു.
ഇന്ത്യാ ഓസ്ട്രേലിയ പോരാട്ടങ്ങളിൽ പലപ്പോഴും ടെസ്റ്റുമത്സരങ്ങൾപോലും ഏകദിനത്തിന്റെയോ ട്വന്റി 20യുടയോ ആവേശവും ഉദ്വേഗവും ഉയർത്താറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് സച്ചിൻ ടെൻഡുൽക്കർ എന്ന കുറിയ മനുഷ്യന് ചുറ്റും കറങ്ങിയ കാലത്ത് ആ പോരാട്ടങ്ങൾ പലതും സച്ചിനും ഓസീസ് ബൗളർമാരും തമ്മിലുള്ള പേരാട്ടമാവും. അത്തരത്തിലുള്ള ഒരു മത്സരം തന്നെ സച്ചിൻ - വോൺ പോരാട്ടത്തിന്റെ ഒരു മത്സരത്തിലെ പരസ്പരമുള്ള ഏറ്റമുട്ടൽ ഇതിന് ഉദാഹരണമായി എടുക്കാം.
വർഷം 1998. സ്ഥലം ചെന്നൈ, ചിദംബരം സ്റ്റേഡിയം.ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്‌കർ ടെസ്റ്റ് മത്സരം നടക്കുന്നു.സച്ചിനും ഷെയ്ൻ വോണും തമ്മിൽ ഗംഭീര ഉരസൽ നടന്നുകൊണ്ടിരിക്കുന്ന കാലമാണത്. ബാറ്റിങ്ങിന്റെ ദൈവമായി സച്ചിൻ അറിയപ്പെട്ടിരുന്നെങ്കിൽ സ്പിൻ മാന്ത്രികൻ എന്ന പട്ടം ഷെയ്ൻ വോണിന് സ്വന്തമായിരുന്നു.
ഓസീസിനെതിരെ രണ്ടാം ഇന്നിങ്‌സിൽ 155 റൺസ് അടിച്ചുകൂട്ടിയ ആ അവിസ്മരണീയമായ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനായി സച്ചിൻ പാഡണിയുന്നത്. മാർച്ച് ആറിനാണ് ടെസ്റ്റ് തുടങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആരാധകരുടെ ശ്രദ്ധ കളിയേക്കാൾ സച്ചിനും വോണും തമ്മിലുള്ള ബലപരീക്ഷണത്തിലാണ്.
ഒന്നാം ഇന്നിങ്‌സിൽ വോണിന്റെ ആദ്യത്തെ പന്തിൽ ഒരു സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടി നല്ല ആത്മവിശ്വാസത്തോടെ സച്ചിൻ തുടങ്ങിയത്. അൽപനേരം കഴിഞ്ഞ്, ആവേശം മൂത്ത് അതേ സ്‌ട്രെയ്റ്റ് ഡ്രൈവിന് ശ്രമിച്ചതായിരുന്നു സച്ചിൻ. ഷെയ്ൻ വോൺ എന്ന ലെഗ് സ്പിന്നറുടെ കൂർമ്മബുദ്ധി അവിടെ സച്ചിനെ കടത്തിവെട്ടി. ഫസ്റ്റ് സ്ലിപ്പിൽ കാത്തുനിന്നിരുന്ന ക്യാപ്റ്റൻ മാർക്ക് ടെയ്ലറുടെ സുരക്ഷിത കരങ്ങളിലേക്കാണ് എഡ്ജ് ചെയ്ത ആ പന്ത് ചെന്ന് വീണത്. ഏഴുമിനിറ്റ് ക്രീസിൽ നിന്ന് അഞ്ചുപന്തുകൾ നേരിട്ട സച്ചിന്റെ അക്കൗണ്ടിൽ അപ്പോൾ നാലേ നാലു റൺസ് മാത്രം.മുഹമ്മദ് അസ്ഹറുദ്ദീനെയും, രാഹുൽ ദ്രാവിഡിനെയും ജവഗൽ ശ്രീനാഥിനെയും കൂടി പവലിയനിലേക്ക് വോൺ തിരിച്ചയച്ചു. വോണിന്റെ സ്പിൻ പങ്കാളി റോബർട്‌സൺ നാലുവിക്കറ്റെടുത്തതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 257 റൺസിന് പൂർത്തിയാക്കി കൂടാരം കയറി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്കുവേണ്ടി മാർക്ക് വോ (63), ഇയാൻ ഹീലി(90), വാലറ്റക്കാരൻ റോബർട്‌സൺ(57) എന്നിവർ അർധശതകങ്ങൾ നേടി. കുംബ്ലെയും രാജുവും ചേർന്നാണ് വിക്കറ്റുകൾ പങ്കിട്ടത്. ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 328 -ൽ അവസാനിച്ചു. ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിങ്ൽ 71 റൺസിന്റെ ലീഡ്. ചിദംബരം സ്റ്റേഡിയത്തിലെ തിരിയുന്ന പിച്ചിൽ ആ ലീഡ് ഒരു മോശം ലീഡല്ല. ഓസ്ട്രേലിയൻ കാണികളെല്ലാം തന്നെ ബോർഡർ ഗാവസ്‌കർ സീരീസിൽ 1-0 എന്ന ലീഡ് പ്രതീക്ഷിച്ചു.
രണ്ടാമിന്നിങ്‌സിൽ സച്ചിൻ ഇറങ്ങിയത് വളരെ വ്യത്യസ്തമായ ഒരു റോളിലായിരുന്നു. 286 മിനിട്ടുനേരത്തെ സംഹാര താണ്ഡവമായിരുന്നു അവിടെ അരങ്ങേറിയത്. 191 പന്തിൽ 14 ബൗണ്ടറിയും നാല് സിക്‌സറുമടക്കം 81.15 ന്റെ സ്‌ട്രൈക്ക് റേറ്റോടെ 155 റൺസ് സച്ചിൻ അടിച്ചുകൂട്ടി. ഷെയ്ൻ വോണും റോബർട്‌സണും വയറുനിറച്ച് അടി വാങ്ങിക്കൂട്ടി. ആദ്യത്തെ ഇന്നിങ്‌സിൽ വോണിൽ നിന്നുമേറ്റ അപ്രതീക്ഷിത പ്രഹരത്തിന് പകരം വീട്ടാൻ ഉറപ്പിച്ചുതന്നെയാണ് സച്ചിൻ രണ്ടാമിന്നിങ്‌സിൽ ക്രീസിലിറങ്ങിയത് എന്ന് വ്യക്തമായിരുന്നു. വലതു കയ്യൻ ബാറ്റ്സ്മാൻ മാരെ 'എറൗണ്ട് ദി വിക്കറ്റ്' വന്ന് ലെഗ് സൈഡിൽ പന്ത് പിച്ചു ചെയ്യിച്ച് വളരെ നെഗറ്റീവ് ആയ ശൈലിയിൽ അവരെ പ്രകോപിപ്പിക്കുന്ന ഷെയ്ൻ വോണിന്റെ അക്രമാസക്തമായ രീതിക്കുള്ള മറുപടിയും കരുതിക്കൊണ്ടാണ് സച്ചിൻ വന്നിറങ്ങിയത് എന്ന് സാരം.
അന്നും വോൺ ലക്ഷ്യമിട്ടത് സച്ചിന്റെ ലെഗ് സ്റ്റമ്പിന് പുറത്തുള്ള പിച്ചിലെ റഫ് പാച്ചുകളെയാണ്. സാമാന്യം നല്ല രീതിയിൽ പന്തിനെ ടേൺ ചെയ്യിക്കുന്ന, വളരെ പ്രഗത്ഭനായ ഒരു ലെഗ് സ്പിന്നറാണ് ഷെയ്ൻ വോൺ. അദ്ദേഹത്തിന്റെ പേരിനും പ്രശസ്തിക്കും പുല്ലുവില കൽപ്പിക്കാതെ സച്ചിൻ തന്റെ ലെഗ്സൈഡിൽ വന്നു പിച്ച് ചെയ്ത വോണിന്റെ ഗൂഗ്ലികളെ ഒന്നൊന്നായി ടേണിന് വിപരീതമായി അനായാസം പുൾ ചെയ്യുകയും സ്വീപ്പ് ചെയ്യുകയും ചെയ്തു. ഒന്നിന് പിറകെ ഒന്നായി ബൗണ്ടറികളും സിക്‌സറുകളും പാഞ്ഞുതുടങ്ങിയപ്പോൾ സ്പിൻ മാന്ത്രികൻ നിന്ന് വിയർക്കാൻ തുടങ്ങി. കയ്യും കെട്ടി വായും പൊത്തി, ബൗണ്ടറിയിലേക്കു പാഞ്ഞുപോവുന്ന പന്തിനേയും നോക്കി, നിസ്സഹായനായുള്ള വോണിന്റെ ആ നിൽപ്പ് ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിക്കും ആയുഷ്‌കാലത്ത് മറക്കാനാവുന്ന ഒന്നല്ല.
സച്ചിന്റെ ലക്ഷ്യം ഷെയ്ൻ വോൺ മാത്രമായിരുന്നില്ല. കൂട്ടത്തിൽ റോബർട്‌സണും കിട്ടി നല്ല തല്ല് . പേസ് ബൗളർമാരായ പോൽ റീഫലിനും, കാസ്പറോവിച്ചിനും ഒക്കെ താരതമ്യേന മയത്തിലുള്ള അടികൾ മാത്രമേ സച്ചിനിൽ നിന്നും അന്ന് കിട്ടുകയുണ്ടായുള്ളൂ.പുറത്താവാതെ 155 റൺസാണ് അന്ന് സച്ചിൻ അടിച്ചെടുത്തത്. 64 റൺസെടുത്ത സച്ചിന് കൂട്ടായി നിന്ന ക്യാപ്റ്റൻ അസഹ്‌റുദ്ദീൻ നാലാം ദിവസം വൈകുന്നേരത്തോടെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം 348 റൺസ്.
വൈകുന്നേരം രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് മൈക്കൽ സ്ലേറ്ററുടെയും ബ്ലിവറ്റിന്റെയും ടെയ്ലറുടെയും വിക്കറ്റുകൾ തുരുതുരാ നഷ്ടപ്പെട്ടു.അടുത്ത ദിവസം കളി തീരും മുമ്പ് ഓസ്ട്രേലിയയുടെ ഇന്നിങ്‌സ് ഇന്ത്യ 168 റൺസിന് ചുരുട്ടിക്കൂട്ടി.നാലു വിക്കറ്റെടുത്ത കുംബ്ലെയും മൂന്നുവിക്കറ്റെടുത്ത രാജുവും രണ്ടുവിക്കറ്റെടുത്ത ചൗഹാനും ചേർന്ന് ഓസ്ട്രേലിയയെ പൂട്ടിയപ്പോൾ ഇന്ത്യ ആ ടെസ്റ്റ് മത്സരം 179 റൺസിന് ജയിച്ചു.
സച്ചിൻ ടെൻഡുൽക്കർ എന്ന ഇതിഹാസതാരത്തിന്റെ ഈ സുവർണ്ണ ഇന്നിങ്‌സിന്റെ ബലത്തിൽ ചെന്നൈ ടെസ്റ്റ് ജയിച്ച ഇന്ത്യ കൽക്കത്തയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ ഇന്നിങ്‌സിന് തോൽപ്പിച്ച് ബോർഡർ-ഗാവസ്‌കർ സീരീസും സ്വന്തമാക്കി. സച്ചിന്റെ അവിസ്മരണീയമായ നിരവധി ഇന്നിങ്‌സുകളിൽ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഒന്നാണ് ചെന്നൈയിൽ അന്ന് അരങ്ങേറിയത്.
ഇതിന് സമാനമല്ലെങ്കിലും സച്ചിൻ നിറഞ്ഞാടിയ മത്സരത്തിൽ ഷെയ്ൻ വോൺ കാഴ്‌ച്ചക്കാരനായി മാറിയ മറ്റൊരു മത്സരമുണ്ട്. ആരാധകർ എന്നും നെഞ്ചേറ്റിയ സച്ചിന്റെ 'ഡെസേർട്ട് സ്റ്റോം ഇന്നിങ്സ്'. 1998ൽ ഷാർജയിൽ നടന്ന കൊക്കക്കോള കപ്പ് ക്രിക്കറ്റിലെ നാടോടിക്കഥകളുടെ ഭാഗമാണ്. അതിലെ നായകനോ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറും. 1998 മാർച്ച് 22ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച ആ ഇന്നിങ്സ് സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
അന്ന് ഓസീസിനു മുന്നിൽ രണ്ടു പ്രതിയോഗികളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് ഷാർജയിലെ മരുക്കാറ്റ്. മറ്റൊന്ന് സച്ചിൻ തെണ്ടുൽക്കർ. ഡാമിയൻ ഫ്ളെമിങ്, മൈക്കൽ കാസ്പറോവിച്ച്, ഷെയ്ൻ വോൺ, ടോം മൂഡി എന്നിവരെ നിലം തൊടാതെ പറത്തിയ സച്ചിൻ 131 പന്തിൽ ഒമ്പതു ഫോറും അഞ്ചു സിക്സറുകളുമടക്കം 143 റൺസെടുത്താണ് മടങ്ങിയത്. മത്സരം 26 റൺസിന് തോറ്റെങ്കിലും മികച്ച റൺറേറ്റോടെ ഇന്ത്യയുടെ ഫൈനൽ പ്രവേശനം സാധ്യമായത് സച്ചിന്റെ പ്രകടനം കാരണമായിരുന്നു.
സച്ചിൻ ടെണ്ടുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി മൂന്ന് വർഷത്തിന് ശേഷമാണ് ഷെയ്ൻ വോൺ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ അവരുടെ മത്സരം അവരുടെ കരിയറിന്റെ അവസാനം വരെ തുടർന്നു. സച്ചിൻ ടെണ്ടുൽക്കർ മിക്കവാറും എല്ലാ ബാറ്റിങ് റെക്കോർഡുകളും സ്വന്തം പേരിലാക്കിയപ്പോൾ, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് ഷെയ്ൻ വോൺ കരിയർ പൂർത്തിയാക്കിയത്.
ഇരുവരും പിച്ചിന് പുറത്ത് ഒരു മികച്ച ബന്ധം പങ്കിടുകയും പരസ്പരം വളരെയധികം പ്രശംസിക്കുകയും ചെയ്തിരുന്നു. അടുത്തിടെ, ഇംഗ്ലണ്ടിനും പാക്കിസ്ഥാനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ കമന്റ് ചെയ്യുന്നതിനിടെ, സച്ചിൻ ടെണ്ടുൽക്കറുമായുള്ള തന്റെ ആദ്യ ഏറ്റുമുട്ടൽ വോൺ അനുസ്മരിച്ചു.
സച്ചിൻ ടെണ്ടുൽക്കറെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഒരു 'പ്രെറ്റി സ്‌പെഷ്യൽ പ്ലെയർ' ആണെന്ന് തോന്നി. അന്ന് സച്ചിന് 21 വയസ്സായിരുന്നുവെന്നും എന്നാൽ 10 വയസ്സുള്ള കുട്ടിയെപ്പോലെയാണ് കാണപ്പെട്ടതെന്നും വോൺ പറഞ്ഞു. മത്സരത്തിൽ സച്ചിൻ ഓസീസിനെ തകർത്തുവെന്നും വോൺ പറയുന്നു.
''ആദ്യ ടെസ്റ്റിൽ ഞാൻ സച്ചിൻ ടെണ്ടുൽക്കറെ ആദ്യമായി കാണുമ്പോൾ അദ്ദേഹത്തിന് 21 വയസ്സായിരുന്നു. എന്നാൽ കാഴ്ചയിൽ 10 വയസ്സായിരുന്നു. ഈ ആൾ വളരെ പ്രത്യേകതയുള്ളവനാണെന്ന് ഞാൻ കരുതി. അവൻ ഞങ്ങളെ ഗ്രൗണ്ടിലുടനീളം പറപ്പിച്ചു. അതാണ് അവന്റെ ക്ലാസ്. നല്ല കളിക്കാരെ കുറിച്ച് നിങ്ങൾക്ക് അത് പറയാം... സമയം, ചാരുത... എല്ലാം എളുപ്പമാണെന്ന് തോന്നുന്നു,' ഷെയ്ൻ വോൺ അന്ന് പറഞ്ഞു.
ഐപിഎല്ലിൽ വോൺ രാജസ്ഥാൻ റോയൽസ് നായകനായും സച്ചിൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായും നേർക്കുനേർ വന്നതും ക്രിക്കറ്റ് കാണികൾ ആവേശത്തോടെയാണ് വരവേറ്റത്. പിന്നീട് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷവും സച്ചിൻ ഇലവനും വോൺ ഇലവനും പരസ്പരം ഏറ്റമുട്ടുകയുണ്ടായി.
ഓസ്ട്രേലിയക്കായി 1992-2007 കാലഘട്ടത്തിൽ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്ൻ വോൺ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 2.65 ഇക്കോണമിയിൽ 708 വിക്കറ്റും ഏകദിനങ്ങളിൽ 4.25 ഇക്കോണമിയിൽ 293 വിക്കറ്റും വോൺ കൊയ്തു. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയർന്ന റൺവേട്ടക്കാരനായ സച്ചിൻ എല്ലാ ഫോർമാറ്റിൽ നിന്നുമായി 664 മത്സരങ്ങളിൽ 100 സെഞ്ചുറികളടക്കം 34,357 റൺസ് അടിച്ചുകൂട്ടി.
ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിങ്സിലുമായി 10 വിക്കറ്റ് നേട്ടവും വോൺ പേരിലാക്കി. ഏകദിനത്തിൽ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റിൽ 3154 റൺസും ഏകദിനത്തിൽ 1018 റൺസും നേടി. ഐപിഎല്ലിൽ 55 മത്സരങ്ങളിൽ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് വോൺ നയിച്ചു. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.
സച്ചിൻ വിശ്വരൂപം പുറത്തെടുത്തപ്പോഴൊക്കെ നിരായുധനായി മാറിയ ഷെയ്ൻ വോണിനെ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ തന്റേതായ ദിവസങ്ങളിൽ വോൺ തിരിച്ചടിക്കുന്നതും. ലാറയുടെ കാര്യത്തിൽ കുറച്ചുകൂടി വ്യത്യസ്തമാണ്. ലാറ ഒട്ടും വോണിനെ ഭയപ്പെട്ടിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എന്നും മേധാവിത്വം പുലർത്തി മുന്നേറാൻ ലാറയ്ക്ക് കഴിഞ്ഞിരുന്നു.
കരിയറിൽ നേരിടാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയിട്ടുള്ള ബോളർ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണെന്ന് ബ്രയാൻ ലാറ തന്നെ പറയുന്നു. ആദ്യ കാലങ്ങളിൽ മുരളീധരന്റെ ബോളുകൾ എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാൽ, പതുക്കെപ്പതുക്കെ ഞാൻ മുരളീധരന്റെ പന്തുകൾ നിയന്ത്രണത്തിലാക്കാൻ പഠിച്ചു. അതേസമയം, ഷെയ്ൻ വോണിന്റെ പന്തുകൾ അത്രകണ്ട് തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ലാറ വ്യക്തമാക്കുന്നു.
നേരിടാൻ താൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ബോളർ വോണാണെന്നും ലാറ പറഞ്ഞു. എന്റെ കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ടീമിനായാണ് വോൺ കളിച്ചിരുന്നത്. എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായാണ് വോൺ കണക്കാക്കപ്പെടുന്നത്. വോണിന്റെ പന്തുകൾ നേരിടുന്നത് എക്കാലവും എനിക്ക് ആവേശം നൽകിയിരുന്ന കാര്യമാണെന്നും ലാറ പറയുന്നു.
സ്പോർട്സ് ഡെസ്ക്