ധ്യാൻ ശ്രീനിവാസൻ , അജു വർഗീസ് , അന്ന രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സച്ചിന്റെ ടീസർ പുറത്തിറങ്ങി. ടീസർ വിഡിയോ നിവിൻ പോളിയാണ് ഒഫീഷ്യൽ ഫേസ്‌ബുക്ക് വഴി പുറത്തിറക്കിയത്.

തത്വമസി എന്ന വാക്കിന്റെ അർഥം തേടി അലയുന്ന ധ്യാനിനെയും സഹായത്തിനെത്തുന്ന സുഹൃത്തുക്കളായ അജു വർഗീസും ഹരീഷ് കണാരനുമാണ് ടീസറിലുള്ളത്. ഒപ്പം കോമഡി നമ്പരുകളുമായി രമേഷ് പിഷാരടിയും രഞ്ജി പണിക്കരുമെല്ലാം ഉണ്ട്. തികച്ചും ഒരു കോമഡി എന്റർടെയ്‌നറായിരിക്കും സച്ചിനെന്നാണ് ടീസർ പ്രേക്ഷകരോട് പറയുന്നത്. സമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യത്തോടെ നോക്കിക്കാണുന്ന സംഭാഷണശകലങ്ങളാണ് ടീസറിലുള്ളത്.

ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്‌നം എന്ന ചിത്രമൊരുക്കിയ സന്തോഷ് നായരാണ് സംവിധാനം. ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് ആഗ്‌നസ് സുധീർ, ജൂബി നൈനാൻ എന്നിവർ ചേർന്നാണ് സച്ചിൻ നിർമ്മിച്ചിരിക്കുന്നത്. എസ് എൽ പുരം ജയസൂര്യയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് സംഗീതം. നീൽ ഡീ കുഞ്ഞയാണ് ക്യാമറ. ഇ ഫോർ എന്റർടെയിന്മെന്റാണ് ചിത്രം തിയറ്ററിൽ എത്തിക്കുന്നത്.ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും.