പത്തനംതിട്ട: 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ മാതൃസഹോദരപുത്രന്റെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി. പരാതിയിൽ കഴമ്പില്ലെന്ന് തോന്നി ആദ്യം പൊലീസ് അവഗണിച്ചുവെങ്കിലും പിന്നീട് ഉണർന്നു പ്രവർത്തിച്ചപ്പോൾ ക്വട്ടേഷൻ സംഘം മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി 11.30 നാണ് സംഭവം. ഓമല്ലൂർ മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ്-ഷൈലജ ദമ്പതികളുടെ മകൻ സച്ചിനെയാണ് സ്വന്തം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. മെഴുവേലി പിഎച്ച്എസ്എസ്എസിൽ പഠിക്കുകയാണ് സച്ചിൻ.

സന്തോഷും ഷൈലജയും ഇന്നലെ രാത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. സച്ചിനും പ്രായം ചെന്ന മുത്തശിയും മാത്രമാണുണ്ടായിരുന്നത്. ഈ സമയം ഷൈലജയുടെ ചേച്ചിയുടെ മകൻ അവിനാഷിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ ക്വട്ടേഷൻ സംഘം എത്തിയത്. മുത്തശിയെ അടിച്ചു താഴെയിട്ട് അവരുടെ കഴുത്തിലുണ്ടായിരുന്ന മാലയും കവർന്ന സംഘം രണ്ടു വാഹനങ്ങളിലായി സച്ചിനെയും കൊണ്ട് മടങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പത്തനംതിട്ട പൊലീസിൽ വിവരം അറിയിച്ചു. ബന്ധു തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്ന് മനസിലാക്കിയ പൊലീസ് ഇതേതോ കുടുംബപ്രശ്നമാണെന്ന് കരുതി അവഗണിച്ചു. എന്നാൽ, സംശയം തോന്നിയ ഇൻസ്പെക്ടർ ജി സുനിൽകുമാർ സ്ഥലത്തെത്തി. ഇതിനോടകം സന്തോഷും ഭാര്യയും വീട്ടിൽ എത്തിയിരുന്നു.

അവരോട് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. സന്തോഷിന്റെ ഭാര്യ ഷൈലജയുടെ സഹോദരിയും സഹോദരനും മൈസൂരിൽ സ്ഥിര താമസമാണ്. സഹോദരിയുടെ മകനായ അവിനാഷ് ഇടയ്ക്കിടെ സന്തോഷിന്റെ വീട്ടിൽ എത്തി താമസിക്കാറുണ്ട്. കുറേ നാൾ ഓട്ടോഡ്രൈവറായും മറ്റും ജോലി ചെയ്തിരുന്നു. അടുത്ത കാലത്ത് അവിനാഷ് സന്തോഷിനെ വിളിച്ച് തനിക്ക് 25 ലക്ഷം രൂപ വേണെമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് എന്തിനു വേണ്ടിയാണെന്ന് സന്തോഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. തന്റെ കൈയിൽ പണമില്ലെന്നാണ് അവിനാഷിനോട് പറഞ്ഞതെന്ന് സന്തോഷ് പൊലീസിൽ മൊഴി നൽകി. കഴിഞ്ഞ ആഴ്ച ഏനാത്തെ ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിന് വന്ന അവിനാഷ് സന്തോഷിന്റെ വീട്ടിലാണ് താമസിച്ചത്. അപ്പോഴും പണം ആവശ്യപ്പെട്ടിരുന്നു. ക്വട്ടേഷന് പിന്നിൽ അവിനാഷ് ആണെന്ന് മനസിലാക്കിയതോടെ പൊലീസ് ഇയാളുടെ നേരെ അന്വേഷണം ആരംഭിച്ചു.

ക്വട്ടേഷൻ സംഘം വന്ന വാഹനങ്ങളിൽ ഒന്ന് കേരളാ രജിസ്ട്രേഷനും മറ്റൊന്ന് കർണാടക രജിസ്ട്രേഷനുമാണെന്ന് വ്യക്തമായി. കേരളാ രജിസ്ട്രേഷൻ വണ്ടി ഏനാത്തുള്ളതാണെന്ന് മനസിലാക്കി അവിടെ ചെന്നപ്പോൾ അത് അവിടെ ഉണ്ടായിരുന്നു. അവിനാഷ് കല്യാണത്തിന് വന്ന വീട്ടിലും അയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ പോയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതോടെ കർണാടക രജിസ്ട്രേഷൻ വണ്ടിയിലാണ് ക്വട്ടേഷൻ സംഘം കടന്നത് എന്ന് പൊലീസ് ഉറപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അവിനാഷ് സന്തോഷിനെ വിളിച്ച് പണം ചോദിച്ച മൊബൈൽഫോൺ നമ്പർ പരിശോധിച്ചപ്പോൾ അത് ഉപയോഗത്തിലില്ലെന്ന് മനസിലാക്കി.

ക്വട്ടേഷൻ സംഘത്തിലുള്ളവർ അവസാനം വിളിച്ച ഒരു നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഇതിൽ ബന്ധപ്പെട്ടപ്പോൾ സംഘം കൂത്താട്ടുകുളം-പെരുമ്പാവൂർ റൂട്ടിലാണുള്ളതെന്ന് മനസിലായി. പുലർച്ചെ മൂന്നു മണിയോടെ പെരുമ്പാവൂർ പൊലീസ് ക്വട്ടേഷൻ സംഘത്തെ പിടികൂടി പത്തനംതിട്ട പൊലീസിന് കൈമാറി. വാഹനത്തിനുള്ളിൽ വച്ച് സച്ചിനെ അതിക്രൂരമായി സംഘം മർദിച്ചു. വടിവാൾ അടക്കം മാരകായുധങ്ങളും സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നു. പൊലീസിന്റെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് കോട്ടയത്തെ കെവിൻ മോഡൽ കൊലപാതകമാണ്. അൽപം കൂടി വൈകിയിരുന്നെങ്കിൽ സച്ചിനെ സംഘം കൊലപ്പെടുത്തുമായിരുന്നു.

ക്വട്ടേഷൻ സംഘത്തിലുള്ളവർ കർണാടക-തമിഴ്‌നാട് സ്വദേശികളാണ്. എന്തിനാണ് ക്വട്ടേഷൻ നൽകിയത് എന്ന കാര്യം അവിനാഷും തുറന്നു സമ്മതിക്കുന്നില്ല. സന്തോഷും അവിനാഷും പറയുന്നതിൽ വൈരുധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.