മുംബൈ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിതകഥ പറയുന്ന 'സച്ചിൻ എ ബില്ല്യൺ ഡ്രീംസി'ന്റെ പ്രീമിയർ ഷോ മുംബൈയിൽ നടന്നു. ക്രിക്കറ്റടക്കം വിവിധ മേഖലകളിൽനിന്നും പ്രമുഖർ ചിത്രത്തിന് പ്രശംസയുമായി എത്തി.

ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട്കോലി, കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മ, മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി, യുവതാരം യുവരാജ് സിങ് അടക്കമുള്ളവർ ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് ആശംസയുമായി ചടങ്ങിലെത്തി.

സിനിമ മേഖലയിൽ നിന്നും അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമീർഖാൻ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. സച്ചിൻ ഭാര്യ അഞ്ജലി, മക്കളായ സാറ, അർജുൻ എന്നിവർക്കൊപ്പമാണ് ചടങ്ങിനെത്തിയത്.

ജയിംസ് എർസ്‌കിൻ സംവിധാനം ചെയ്യുന്ന 'സച്ചിൻ എ ബില്ല്യൺ ഡ്രീംസ്' എന്ന സിനിമ ശ്രീകാന്ത് ഭാസിയും രവി ബാഗ്ചന്ദ്കയും ചേർന്നാണ് നിർമ്മിക്കുന്നത്. മാസ്റ്റർ ബ്ലാസ്റ്ററുടെ ജീവിതത്തെപ്പറ്റി ആരാധകർക്ക് അറിയാത്ത പല സംഭവങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വാദം.

ചിത്രത്തിന്റെ ട്രെയ്ലറും, പാട്ടുകളും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. എആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ''ഹിന്ദ് മേരി ജിന്ദ്'' എന്ന ഗാനം ലക്ഷകണക്കിനാളുകളാണ് യൂട്യൂബിൽ കണ്ട് കഴിഞ്ഞിരിക്കുന്നത്. നാളെ ചിത്രം തിയേറ്ററുകളിലെത്തും.

തന്റെ ജീവിതത്തിലൂടെ ക്രിക്കറ്റിനും ഒരു തലമുറയ്ക്ക് തന്നെയും മാർഗം കാട്ടിയ വ്യക്തിയാണ് സച്ചിൻ. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതം സിനിമയായ പശ്ചാത്തലത്തിൽ കായിക പ്രേമികളെല്ലാം വളരെയധികം ആകാംഷയോടെയാണ് സച്ചിന്റെ സിനിമയെ കാത്തിരിക്കുന്നത്.