ധ്യാൻ ശ്രീനിവാസ്, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സച്ചിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അജു വർഗീസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ മുഴുനീള എന്റർടൈന്മെന്റായാണ് ചിത്രം ഒരുക്കുന്നത്.

ഫഹദ് ഫാസിൽ നായകനായ മണിരത്‌നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചിൻ.ചിത്രത്തിൽ സച്ചിൻ എന്ന കഥാപാത്രമായാണ് ധ്യാൻ എത്തുന്നത്. സച്ചിനോടുള്ള ആരാധന മൂത്ത് അച്ഛൻ മകന് സച്ചിൻ എന്നു പേരിടുന്നതും ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ലിച്ചിയെ അവതരിപ്പിച്ച രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയൻപിള്ള രാജു, മാല പാർവതി, രശ്മി ബോബൻ, സേതു ലക്ഷ്മി, ഹരീഷ് കണാരൻ, രഞ്ജി പണിക്കർ, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എൽ പുരം ജയസൂര്യയാണ്. നീൽ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്.