ജയ്പുർ: പഞ്ചാബിനു പിന്നാലെ രാജസ്ഥാനിലും മുഖ്യമന്ത്രി മാറിയേക്കും. ഹൈക്കമാണ്ടിന് സച്ചിൻ പൈലറ്റിനോട് താൽപ്പര്യം കൂടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി. പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുവരും സച്ചിനുമായി കൂടിക്കാഴ്ച നടത്തുന്നത്. പഞ്ചാബിൽ അമരീന്ദർ സിംഗിനെ മാറ്റിയത് കഴിഞ്ഞ ആഴ്ചയാണ്. ഇനി രാജസ്ഥാനിലേക്കാകും കോൺഗ്രസ് ഇടപെടൽ.

രാജസ്ഥാനിൽ നേതൃമാറ്റത്തിന്റെ അലയൊലികൾ ഉണ്ടെന്നാണു സൂചന. പഞ്ചാബിൽ കഴിഞ്ഞ ഇടയ്ക്കുണ്ടായ ഭരണമാറ്റത്തിന് ചുക്കാൻ പിടിച്ചത് രാഹുലും പ്രിയങ്കയുമായിരുന്നു. അതിനു പിന്നാലെയാണ് പൈലറ്റുമായി ഈ കൂടിക്കാഴ്ച. പഞ്ചാബിൽ നവ്‌ജ്യോത് സിങ് സിദ്ധു നടത്തിയതു പോലെ തന്നെ രാജസ്ഥാനിൽ അശോക് ഗെലോട്ടിനെതിരെ പരസ്യ പ്രതിഷേധവുമായി സച്ചിനും രംഗത്തുവന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ കോൺഗ്രസിനെ നയിച്ചത് പൈലറ്റായിരുന്നു. മികച്ച വിജയവും നേടി. എന്നാൽ മുഖ്യമന്ത്രിയായി എത്തിയത് ഗലോട്ടായിരുന്നു. ഹൈക്കമാണ്ട് പിന്തുണയാണ് നിർണ്ണായകമായത്.

അതുകൊണ്ട് തന്നെ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ്, ഒരു വർഷമെങ്കിലും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്നായിരുന്നു 2018ൽ രാഹുൽ ഉൾപ്പെടെയുള്ളവരുടെ വാഗ്ദാനം. ഇത് രാജസ്ഥാനിൽ നടപ്പാക്കുമെന്നാണ് സൂചന. നേരത്തെ ഗെലോട്ടിനെതിരെ കലാപക്കൊടി ഉയർത്തിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി പ്രസിഡന്റ് സ്ഥാനവും പൈലറ്റിനു നഷ്ടമായി. ജ്യോതിരാതിധ്യ സന്ധ്യയെ പോലെ സച്ചിൻ പൈലറ്റും ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹമെത്തി. ഇത് രാഹുലിന്റെ ഇടപെടൽ തടഞ്ഞു. അന്ന് കൊടുത്ത വാക്ക് പാലിക്കുമെന്നാണ് സൂചന.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു സോണിയ ഗാന്ധിയാണെങ്കിലും രാഹുലും പ്രിയങ്കയും ചേർന്നാണു കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന വ്യക്തമായ സൂചന അമരിന്ദറിന്റെ രാജി നൽകുന്നുണ്ട്. രാഹുലും പ്രിയങ്കയും പൈലറ്റുമായി നടത്തിയ കൂടിക്കാഴ്ച രാജസ്ഥാനിലെ അഭ്യൂഹങ്ങൾക്കു വളമിടുകയും ചെയ്യുന്നു. 2023ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണത്തലപ്പത്തെ മുഖം മാറ്റാനാണ് തീരുമാനം. സച്ചിൻ പൈലറ്റിനെ മുന്നിൽ നിർത്തിയാകും പ്രചരണമെന്നും സൂചനയുണ്ട്.

അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിനായി കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്കു നേതൃത്വം നൽകാനാണ് നേതാക്കൾ പൈലറ്റിനെ കണ്ടതെന്നും റിപ്പോർട്ടുണ്ട്. പ്രചരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാമെന്ന് പൈലറ്റ് സമ്മതം മൂളിയോ എന്നതിൽ വ്യക്തതയില്ല. രാജസ്ഥാൻ മന്ത്രിസഭയിൽ തന്റെ വിശ്വസ്തരെ ഉൾപ്പെടുത്താൻ ഏറെ നാളായി പൈലറ്റ് സമ്മർദ്ദം ചെലുത്തുന്നുണ്ട്.