മുംബൈ: ആരോഗ്യത്തെക്കുറിച്ച് എല്ലാവരെയും ഓർമിപ്പിച്ചും സ്‌പോർട്‌സിനെപറ്റി ഇന്ത്യക്കാരുടെ ചിന്താഗതി മാറണമെന്നും ഉദ്‌ബോധിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. രാജ്യസഭാംഗം എന്ന നിലയിൽ ഇന്നലെ സഭയിൽ അവതരിപ്പിക്കാനിരുന്ന പ്രസംഗം കോൺഗ്രസിന്റെ മോദി സർക്കാരിന് എതിരായ പ്രതിഷേധത്തിലൂടെ അവതരിപ്പിക്കാൻ ആവാതിരുന്നതോടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ ഫേസ്‌ബുക്ക് ലൈവ് നൽകുകയായിരുന്നു സച്ചിൻ. ഹിന്ദിയിലും ഇംഗ്‌ളീഷിലും മറാട്ടിയിലും മാറിമാറി പറഞ്ഞുകൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നത്. ഇതോടെ പ്രസംഗം വൈറലായി.

വ്യാഴാഴ്ച രാജ്യസഭയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രസംഗമാണ് സച്ചിൻ ഇന്ന് നവമാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സച്ചിന്റെ കന്നി പ്രസംഗം വ്യാഴാഴ്ച തടസപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് സച്ചിൻ. മോദി സ്‌റ്റൈലിൽ നമസ്‌കാർ മേരേ പ്യാരേ ദേശ് വാസിയോം.. എന്ന് തുടങ്ങുന്ന സംഭാഷണത്തിൽ ഉടനീളം കായികമായി ഇന്ത്യ എങ്ങനെ മെച്ചപ്പെടണമെന്നും എന്തുകൊണ്ട് ആരോഗ്യത്തിനും കായികരംഗത്തിനും നമ്മൾ പ്രാധാന്യം നൽകണമെന്നും പറഞ്ഞുകൊണ്ടാണ് സച്ചിന്റെ പ്രഭാഷണം.

എന്റെ അച്ഛൻ ഉമേഷ് ടെൻഡുൽക്കർ ഒരു കവിയും സാഹിത്യകാരനുമായിരുന്നു. ഞാൻ ജീവിതത്തിൽ എന്താവണമെന്ന് ആഗ്രഹിച്ചോ അതിനെ പ്രോത്സാഹിപ്പിക്കുകയും അതിനൊപ്പം നിൽക്കുകയും ചെയ്തു അദ്ദേഹം. കളിക്കാനുള്ള സ്വാതന്ത്ര്യം. കളിക്കാനുള്ള അവകാശം. അതാണ് അദ്ദേഹത്തിൽ നിന്ന് എനിക്ക് കിട്ടിയ ഏറ്റവും ശ്രേഷ്ഠമായ സമ്മാനം. അതിനോട് ഞാൻ അദ്ദേഹത്തോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു.

സാമ്പത്തികവളർച്ച, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ അങ്ങനെ നിരവധി വിഷയങ്ങളുണ്ട് രാജ്യത്ത്. ഇത്തരത്തിൽ പറഞ്ഞുതുടങ്ങി സ്‌പോർട്‌സിനെ സ്‌നേഹിക്കുന്ന രാജ്യം എന്ന നിലയിൽ നിന്നും ഒരു സ്പോർട്സ് രാജ്യമായി ഇന്ത്യയെ മാറ്റണമെന്ന ആമുഖത്തോടെയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സച്ചൻ അവതരിപ്പിക്കുന്നത്. ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനം വേണമെന്നും താനൊരു കായികതാരമായതുകൊണ്ട് ആരോഗ്യത്തെക്കുറിച്ച് ബോധവാനാണെന്നും സച്ചിൻ പറഞ്ഞു.

പ്രമേഹത്തിന്റെ ലോക തലസ്ഥാമായി ഇന്ത്യ മാറിയിരിക്കുകയാണ്. രാജ്യത്തെ ഏഴരക്കോടി ആളുകൾ പ്രമേഹ ബാധിതരാണ്. അമിതവണ്ണമുള്ളവരുടെ കണക്കുകളിലേക്ക് വരുന്‌പോൾ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇത്തരത്തിൽ മുന്നോട്ടുപോയാൽ രാജ്യത്തിന് പുരോഗതിയിലേക്ക് കുതിക്കാൻ കഴിയില്ലെന്നും സച്ചിൻ ഓർമിപ്പിക്കുന്നു.

രാജ്യത്ത് ഒരു കായിക സംസ്‌കാരം വളർത്തിയെടുക്കണം. അല്ലാത്തപക്ഷം, ആരോഗ്യം നശിച്ച ഒരു തലമുറയാകും വളർന്നുവരിക. ആരോഗ്യപരിപാലനത്തിന് ഓരോരുത്തരും സമയം കണ്ടെത്തണമെന്നും ഏതെങ്കിലും കായിക വിനോദത്തിൽ പതിവായി ഏർപ്പെടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വളരെ വിശാലമായ കാഴ്ചപ്പാടാണ് സച്ചിൻ അവതരിപ്പക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് താൻ വിഭാവനം ചെയ്യുന്ന സ്വപ്‌നങ്ങളാണ് സച്ചിൻ പാർലമെന്റിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ചത്. രാജ്യത്തെ എങ്ങനെ കായികമായ ഉന്നതിയിലേക്കും അതുവഴി വികസനത്തിലേക്കും നയിക്കാമെന്ന കാഴ്‌ച്ചപ്പാട് സച്ചിൻ അവതരിപ്പിക്കുന്നതോടെ സഭയിൽ ഇതുവരെ വായതുറക്കാത്ത ആളെന്ന് സച്ചിനെ പഴിപറഞ്ഞവർ പോലും അദ്ദേഹത്തെ അഭിനന്ദിക്കേണ്ടിവരും. അത്രയും ആത്മാർത്ഥമായി, സത്യസന്ധമായി താൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ മനോഹരമായാണ് സച്ചിൻ അവതരിപ്പിക്കുന്നത്.

സഭയിൽ കൃത്യമായ ഹാജരില്ല എന്ന പേരിൽ പഴിചാർത്തി സച്ചിനെ മോശക്കാരനാക്കുന്ന പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ വളരെ കാര്യക്ഷമമായി രാജ്യത്തെ ശക്തിപ്പെടുത്താൻ എന്തൊക്കെ ചെയ്യാമെന്ന് വ്്യക്തമാക്കുന്ന ഒരു തികഞ്ഞ രാഷ്ട്രീയക്കാരനെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാനാകും. സച്ചിന്റെ ഈ പോസ്റ്റ് വൈറലായിക്കഴിഞ്ഞു സോഷ്യൽ മീഡിയയിൽ.