മുംബൈ: കർഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തിൽ നിന്നുയർന്ന വിമർശനങ്ങളിൽ മറുപടിയുമായി സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള പ്രമുഖർ. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്ചയില്ലാത്തതാണെന്നും, ദേശശക്തികൾക്ക് കണ്ടുനിൽക്കാമെന്നല്ലാതെ ഇടപെടാൻ കഴിയില്ലെനന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

'ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്ചയില്ലാത്തത്. വിദേശശക്തികൾക്ക് അതുകണ്ടുനിൽക്കാമെന്നല്ലാതെ ഇടപെടാൻ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാർക്ക് അറിയാം; ഇന്ത്യയ്ക്കുവേണ്ടി തീരുമാനങ്ങൾ കൈകൊള്ളാനും. രാജ്യത്തിന് കീഴിൽ ഞങ്ങൾ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും'- ട്വിറ്ററിൽ സച്ചിൻ കുറിച്ച വാക്കുകൾ.

പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് യുഎസ് വൈസ് പ്രസിന്റ് കമല ഹാരിസിന്റെ അനന്തരവൾ മീന ഹാരിസ് തുടങ്ങിയവരാണ് കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ സമരം ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. ഇതിനെ തുടർന്ന് കർഷക പ്രതിഷേധത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണയെ അപലപിച്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കി.

'ഇന്ത്യ ഒരുമിച്ച്', 'ഇന്ത്യക്കെതിരായ പ്രചാരണം' തുടങ്ങി ഹാഷ്ടാഗുകളുമായി കേന്ദ്ര മന്ത്രിമാർ ഒന്നടങ്കം ട്വിറ്ററിൽ രംഗത്തെത്തി. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, അനുപം ഖേർ, സുനിൽ ഷെട്ടി തുടങ്ങിയ ബോളിവുഡ് താരങ്ങളും കേന്ദ്ര സർക്കാരിന്റെ പ്രചരണം ഏറ്റെടുത്തിട്ടുണ്ട്.

രാജ്യത്തെ ഒരു ചെറിയ വിഭാഗം കർഷകർക്ക് മാത്രമാണ് ഈ പരിഷ്‌കരണങ്ങളിൽ പ്രശ്‌നമെന്നും സർക്കാർ അറിയിച്ചു. പ്രതിഷേധക്കാരുടെ വികാരം മാനിച്ചുകൊണ്ട് സർക്കാർ അവരുടെ പ്രതിനിധികളുമായി നിരവധി തവണ സംസാരിച്ചു. 11 തവണയാണ് കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. ഈ നിയമങ്ങൾ കുറച്ച് നാളത്തേക്ക് നടപ്പാക്കുന്നത് മാറ്റിവയ്ക്കാമെന്നുവരെ അവരെ അറിയിച്ചിരുന്നു. എന്നാൽ ചില സ്ഥാപിത താൽപര്യക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. അത് അവർ പ്രതിഷേധക്കാരിൽ അടിച്ചേൽപ്പിക്കുകയാണ്. ഇതാണ് ജനുവരി 26ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ കണ്ടതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഈ പ്രത്യേക സംഘങ്ങൾ തന്നെയാണ് രാജ്യാന്തര പിന്തുണ ഇന്ത്യയ്ക്ക് പ്രതികൂലമായി ഉപയോഗിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പ്രതിമ പോലും പലയിടങ്ങളിലും ദുരുപയോഗം ചെയ്യപ്പെട്ടു. ഇത് ഇന്ത്യയേയും ലോകത്തുള്ള സാംസ്‌കാരിക സമൂഹത്തേയും അസ്വസ്ഥരാക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കാണ് കർഷക പ്രതിഷേധത്തിലൂടെ പരുക്കേറ്റതെന്നും മന്ത്രാലയം അറിയിച്ചു. ഈ പ്രതിഷേധങ്ങൾ ഇന്ത്യയുടെ ഭരണസംവിധാനത്തിനുള്ളിൽ നിൽക്കുന്നതാണെന്നും അത് സർക്കാരും കർഷക സംഘടനകളും പരിഹരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.