- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
22 വാരയ്ക്കിടയിലെ 24 വർഷത്തെ ക്രിക്കറ്റ് ജീവിതം; പാഡഴിച്ചിട്ട് ഏഴ് വർഷം പിന്നിടുമ്പോഴും ആരവം അടങ്ങാത്ത മൈതാനങ്ങൾ; ക്രിക്കറ്റിലൂടെ ഒരു ജനതയെ ഒരുമിച്ച് നിർത്തുന്ന ഇതിഹാസ താരത്തിന് ഇന്ന് 48-ാം പിറന്നാൾ; സച്ചിൻ ടെൻഡുൽക്കർക്ക് ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ് ടെൻഡുൽക്കർക്ക് ഇന്ന് 48ാം പിറന്നാൾ.1973 ഏപ്രിൽ 24ന് മുംബൈയിരുന്നു സച്ചിന്റെ ജനനം. സച്ചിന് പിറന്നാൾ ആശംസകളുമായി നിരവധി താരങ്ങൾ രംഗത്തെത്തി.
സമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേരാണ് ഇന്ത്യയുടെ മാസ്റ്റർ 'ബ്ലാസ്റ്ററിന് ആശംസകളുമായി എത്തിയത്. ഹാപ്പി ബെർത്തിഡെ സച്ചിൻ എ ഹാഷ് ടാഗ് ഇതിനകം ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
ഇന്ത്യയ്ക്ക് വേണ്ടി 1989-ൽ അരങ്ങേറ്റം നടത്തിയ സച്ചിന് അന്ന് വെറും 16 വയസ്സ് മാത്രമായിരുന്നു പ്രായം. ക്രിക്കറ്റിൽ നിന്നും വിടചൊല്ലി ഏഴ് വർഷം പിന്നിടുമ്പോഴും ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും സച്ചിന്റെ പേരിൽ സുരക്ഷിതമായി തുടരുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 34357 റൺസാണ് സച്ചിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കൻ താരം കുമാർ സങ്കക്കാരയേക്കാൾ 6000 റൺസ് കൂടുതലുണ്ട് സച്ചിന്റെ പേരിൽ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ് സച്ചിൻ. ഏകദിനത്തിൽ 18426 റൺസും ടെസ്റ്റിൽ 15921 റൺസുമാണ് താരം സ്‌കോർ ചെയ്തത്. ഏകദിനത്തിൽ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയതും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം അർധസെഞ്ചുറികളും സെഞ്ചുറികളുമെല്ലാം നേടിയതിന്റെ റെക്കോഡുകൾ സച്ചിന്റെ പേരിലാണ്. 100 സെഞ്ചുറികൾ. കരിയർ അവസാനിപ്പിക്കും മുൻപ് സുന്ദരമായ ഒരു ലോകകപ്പ് കിരീടം. സച്ചിനായി ക്രിക്കറ്റ് ലോകം കാത്തുവച്ച സുവർണ നിമിഷങ്ങൾ അങ്ങനെ അനവധി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകം സച്ചിൻ പൂർത്തിയാക്കിയത് 2012 മാർച്ച് 16ന് ധാക്കയിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിന മത്സരത്തിലാണ്.
2012 ഡിസംബർ 23ന് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സച്ചിൻ ഈയിടെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിരുന്നു.
സച്ചിന്റെ വിടവാങ്ങൽ പ്രസംഗം കണ്ണുനിറഞ്ഞ് കേട്ടിരുന്ന ആരാധകരുടെ മനസിലേക്ക് മിന്നമാഞ്ഞുപോയ ഒട്ടേറെ ഇന്നിങ്‌സുകൾ ഉണ്ടാകാം.
നാട്ടിലും വിദേശത്തും സച്ചിന്റെ അവിശ്വസനീയ ഇന്നിങ്സുകളേറെ. 1998ലെ ഷാർജാ കപ്പിൽ ടീമിനെയാകെ സ്വന്തം തോളിലേറ്റി സച്ചിൻ ഓസ്ട്രേലിയക്കെതിരെ അടിച്ചുകൂട്ടിയ 143 റൺസ്. ആ മത്സരത്തിൽ അവസാന നിമിഷം വീണെങ്കിലും ഫൈനലിൽ വീണ്ടും വിശ്വരൂപം സച്ചിൻ പുറത്തെടുത്തു. ഫൈനലിൽ നേടിയത് 134 റസ്. അങ്ങനെ ഓസ്ട്രേലിയയെ കീഴടക്കി കപ്പ് ഇന്ത്യ ഉയർത്തി. ഷാർജയിലെ പൊടിക്കാറ്റിന് പിന്നാലെ ജ്വലിച്ചുയർന്ന സച്ചിന്റെ ഇന്നിങ്‌സ് എക്കാലത്തെയും മികച്ചതായാണ് പരിഗണിക്കപ്പെടുന്നത്.
പാക്കിസ്ഥാനെതിരെ 2003 ലോകകപ്പിൽ നേടിയ 98 റൺസ്. ഗ്വാളിയോറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ഇരട്ട സെഞ്ചുറി.1994ൽ ഓക്ലൻഡിൽ വച്ച് ന്യൂസിലൻഡിനെ 15 ഫോറിനും രണ്ട് സിക്സറുകൾക്കും ശിക്ഷിച്ച് സ്വന്തമാക്കിയ 98 റൺസ്. അങ്ങനെ സച്ചിന്റെ കരിയറിലെ മികച്ച ഇന്നിങ്സുകളുടെ പട്ടിക നീളുന്നു.
22 വാരയ്ക്കിടയിലെ 24 വർഷത്തെ ജീവിതത്തിൽ നിന്ന് സച്ചിൻ പാഡഴിച്ചിട്ട് ഏഴ് വർഷം കഴിയുന്നു. എന്നാലും ഇപ്പോഴും മൈതാനത്ത് സച്ചിൻ സച്ചിൻ..... എന്ന ആരവം നിലയ്ക്കുന്നില്ല.
സച്ചിന് പിറന്നാൾ ആശംസകളുമായി വിരാട് കോലി, വെങ്കടേഷ് പ്രസാദ്, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, യുവരാജ് സിങ്, സുനിൽ ഗവാസ്‌കർ തുടങ്ങിയ താരങ്ങൾ രംഗത്തെത്തി
ഇതിഹാസം മാസ്റ്റർ ബ്ലാസ്റ്റർക്ക് പിറാൾ ആശംസിക്കുന്നു, നിങ്ങളെ വീണ്ടും സൗഖ്യത്തോടെ കണ്ടതിൽ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് മുൻ ഇന്ത്യ താരം യുവരാജ് സിങ് ട്വീറ്റ് ചെയ്തത്. ഈ അടുത്താണ് സച്ചിൻ കൊവിഡിൽ നി്ന്ന് മുക്തനായത്.
നിങ്ങളോടൊപ്പം കളിച്ചത് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുതാണെന്ന് ദിനേഷ് കാർത്തിക് ട്വീറ്റ് ചെയ്തു. സച്ചിനുമായി ബന്ധപ്പെട്ട' നിരവധി മെയ്ക്കിങ് വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ക്രിക്കറ്റ് ആരാധകരെ ഇത്രത്തോളം ആനന്ദിപ്പിച്ച, ക്രിക്കറ്റിനെ ദേശീയ വികാരമാക്കി മാറ്റി ഒരു ജനതയെ ഒന്നാകെ അതിലേക്ക് ചേർത്തിണക്കിയ മറ്റൊരു താരം ഉണ്ടാകില്ല. ക്രിക്കറ്റ് എന്നാൽ സച്ചിൻ എന്ന് പറഞ്ഞിരുന്ന ഒരു കാലം. ക്രിക്കറ്റ് എന്ന കായിക ഇനത്തെ അതിന്റെ വ്യവസായ സാധ്യതകളിലേക്ക് വളർത്തിയതിലും സച്ചിന് നിർണായക പങ്കുണ്ട്.
ഭാരതരത്‌നയ്ക്ക് പുറമെ രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററാണ് സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008ൽ സച്ചിൻ നേടിയിരുന്നു.
സ്പോർട്സ് ഡെസ്ക്