- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ മഹാമാരിയെ നേരിടാൻ പ്രയത്‌നിക്കുന്ന ഓരോരുത്തർക്കും പിന്തുണയുമായി നമ്മൾ ഒറ്റക്കെട്ടായി ഒപ്പമുണ്ടാകണം; ഗുരുതര നിലയിലുള്ളവർക്ക് ഓക്‌സിജൻ ലഭ്യമാക്കുകയാണ് ഈ മണിക്കൂറുകളിലെ ആവശ്യം'; ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന നൽകി സച്ചിൻ തെൻഡുൽക്കർ
മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ തുടരുന്നതിനിടെ രോഗികൾക്ക് സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങാൻ ഒരു കോടി രൂപയാണ് സച്ചിൻ സംഭാവന ചെയ്തത്. കോവിഡ് രണ്ടാം തരംഗം ആരോഗ്യ രംഗത്തെ കനത്ത സമ്മർദ്ദത്തിലാക്കിയെന്നും ഗുരുതര നിലയിലുള്ളവർക്ക് ഓക്‌സിജൻ ലഭ്യമാക്കുകയെന്നതാണ് ഈ മണിക്കൂറുകളിലെ ആവശ്യമെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
'സാഹചര്യത്തിന് അനുസരിച്ച് ആളുകൾ ഉണർന്നുപ്രവർത്തിക്കുന്നത് ഹൃദയസ്പർശിയാണ്. ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഇറക്കുമതി ചെയ്ത് രാജ്യത്തുടനീളമുള്ള ആശുപത്രികൾക്ക് സംഭാവന ചെയ്യുന്നതിന് 250 ലധികം യുവ സംരംഭകർ മിഷൻ ഓക്‌സിജൻ എന്ന പദ്ധതി ആരംഭിച്ചിരിക്കുകയാണ്. അവരുടെ ദൗത്യത്തിന് സഹായമായി ഞാനും സംഭാവന നൽകി. രാജ്യത്തെ കൂടുതൽ ആശുപത്രികൾക്ക് ആവരുടെ സഹായമെത്തുമെന്നു പ്രത്യാശിക്കുന്നു.
ഞാൻ ക്രിക്കറ്റ് കളിക്കുമ്പോൾ നിങ്ങളുടെ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു. വിജയിക്കാൻ അതെനിക്കു സഹായമായി. ഈ മഹാമാരിയെ നേരിടാൻ പ്രയത്‌നിക്കുന്ന ഓരോരുത്തർക്കും പിന്തുണയുമായി നമ്മൾ ഒറ്റക്കെട്ടായി ഒപ്പമുണ്ടാകണം' സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
കോവിഡ് വ്യാപനം ഏറിയതോടെ സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ലാതെ വരികയും ഓക്‌സിജൻ കിട്ടാതെ അനവധി രോഗികൾ മരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇതേ തുടർന്ന് വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്കു സഹായഹസ്തവുമായി രംഗത്തുവന്നിരുന്നു.
കോവിഡ് പ്രതിരോധത്തിനു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസ് 37 ലക്ഷം രൂപയും ഓസീസ് മുൻ പേസ് ബോളർ ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിനും (ഇപ്പോഴത്തെ നിരക്കനുസരിച്ച് ഏകദേശം 40 ലക്ഷം രൂപ) സംഭാവനയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്