മുംബൈ: ലോക ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ ഏറ്റവും കൂടുതൽ തവണ എഴുതിച്ചേർക്കപ്പെട്ട പേരാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടേത്. സെഞ്ചുറികളുടേതോ, നേടിയ റൺസിന്റെതോ ഏതുമാകട്ടെ, ഇതിഹാസ തുല്യമായ ഇന്നിങ്‌സുകളിലൂടെ സച്ചിൻ എന്ന പേരിന് മുന്നിൽ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഓരോ തവണയും എഴുതിച്ചേർത്തത് പുതിയ മാനങ്ങളാണ്. നാഴികക്കല്ലുകളാണ്. ക്രിക്കറ്റ് ആരാധകർ ഇത്രത്തോളം നെഞ്ചേറ്റിയ മറ്റൊരു താരവും ക്രിക്കറ്റ് ലോകത്ത് ഉണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് താരത്തെ ക്രിക്കറ്റ് ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നതും.

ക്രിക്കറ്റ് ലോകം ഇത്രത്തോളം ഹൃദയത്തിൽ ഏറ്റുവാങ്ങുമ്പോഴും, ഗാലറികളിൽ നിന്നും സച്ചിൻ.... സച്ചിൻ... എന്ന പേര് താളത്തിൽ ഉയർന്നു കേൾക്കുമ്പോഴും കരിയറിൽ താൻ അനുഭവിച്ച ഉത്കണ്ഠയും സമ്മർദ്ദവും തുറന്നു പറയുകയാണ് സച്ചിൻ. അൺ അക്കാദമി നടത്തിയ അഭിമുഖത്തിലാണ് സച്ചിൻ മനസ്സുതുറന്നത്.

മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു സാധാരണ ക്രിക്കറ്റ് താരത്തെ പോലെയായിരുന്നു സച്ചിനും. ഓരോ മത്സരത്തിന് മുമ്പും സമ്മർദ്ദവും ഉത്കണ്ഠയും തന്നെ വേട്ടയാടിയിരുന്നതായി സച്ചിൻ പറയുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയാലും ഉത്കണ്ഠ തന്റെ ഉള്ളിൽ തന്നെയുണ്ടാകുമെന്ന് സച്ചിൻ പറയുന്നു.

'ഞാൻ ഇന്ത്യൻ ജ്ഴ്സിയിൽ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികൾ എന്റെ കരിയറിലുണ്ടായിരുന്നു. ഒരു മത്സരത്തിന് ഇറങ്ങും മുമ്പ് ശാരീരികമായി തയ്യാറെടുക്കുന്നതിനൊപ്പം മാനസികമായും തയ്യാറെടുപ്പ് നടത്തണമെന്ന് ഞാൻ അന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കി. ഞാൻ ഗ്രൗണ്ടിൽ എത്തുന്നതിന് മുമ്പുതന്നെ എന്റെ മനസ്സിൽ ഞാൻ മത്സരം തുടങ്ങിയിട്ടുണ്ടാകും. ആ സമയത്ത് എന്റെ ഉത്കണ്ഠയും സമ്മർദ്ദവും കൂടും. പിന്നീട് ക്രമേണ അത് ഉൾക്കൊള്ളാൻ ഞാൻ പഠിച്ചു.

മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്ന് ഞാൻ സ്വയം വിശ്വസിച്ചു. ഉറങ്ങാൻ കഴിയാത്തത് ഒരു പ്രശ്നമല്ലെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ആ സമയങ്ങളിൽ മത്സരവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആലോചിക്കാൻ ശ്രമിച്ചു.' സച്ചിൻ അഭിമുഖത്തിൽ പറയുന്നു.

പ്രധാന മത്സരങ്ങൾക്കു മുൻപുള്ള രാത്രികളിൽ എനിക്ക് ഉറക്കം കിട്ടിയിരുന്നില്ല. രാത്രി വൈകിവരെ ടിവി കണ്ടും പുലർച്ചെ എഴുന്നേറ്റു വിഡിയോ ഗെയിം കളിച്ചുമാണു ഞാൻ ആ മോശം അവസ്ഥ മറികടന്നത്. രാവിലെ തനിയെ ഒരു കപ്പ് കാപ്പിയുണ്ടാക്കുന്നതുപോലും മനോധൈര്യം കൂട്ടുമെന്ന് അക്കാലത്ത് എനിക്കു മനസ്സിലായി' സച്ചിൻ പറഞ്ഞു.

ഒരു കായികതാരത്തിനു ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികാരോഗ്യവും അത്ര തന്നെ പ്രധാനപ്പെട്ടതാണെന്നമാണ് സച്ചിന്റെ അഭിപ്രായം. കടുത്ത മാനസികസമ്മർദ്ദങ്ങളും വിഷാദ രോഗവുമെല്ലാം കാരണം മൽസരരംഗത്തു നിന്നു പിന്മാറുകയോ, വിട്ടുനിൽക്കുകയോ ചെയ്ത ഒരുപാട് കായികതാരങ്ങൾ നമുക്ക് മുന്നിലുണ്ട്. ഏറ്റവും അവസാനമായി ഓസ്ട്രേലിയയുടെ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്വെല്ലും ഈ തരത്തിൽ ക്രിക്കറ്റിൽ നിന്നും ചെറിയ ഇടവേളയെടുത്തിരുന്നു.

ശാരീരികമായി മാത്രമല്ല ഒരു മൽസരത്തിനു മുമ്പ് മാനസികമായും നമ്മൾ കരുത്ത് നേടേണ്ടതുണ്ട്. ഈ യാഥാർഥ്യം ഒരു സമയത്തു ഞാനും തിരിച്ചറിഞ്ഞിരുന്നു. ശരീരത്തിനൊപ്പം മനസും പൂർണമായും ആരോഗ്യത്തോടെ നിലനിർത്തുകയെന്നത് വളരെ പ്രധാനമാണ്.

കരിയറിൽ 10 - 12 വർഷത്തോളം ഓരോ മത്സരത്തിനും മുൻപ് കടുത്ത ഉത്കണ്ഠയും ഭീതിയും ഞാൻ നേരിട്ടിരുന്നു. നിർണായക മത്സരങ്ങൾക്ക് മുമ്പള്ള രാത്രികളിൽ എനിക്കു ഉറക്കം കിട്ടിയിരുന്നില്ല. പിന്നീടാണ് എന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്നും ഞാൻ അംഗീകരിച്ചു തുടങ്ങിയത്.

അതിനുശേഷം രാത്രിയിൽ ഉറക്കം ലഭിക്കാതിരുന്നപ്പോൾ മനസ്സിനെ ശാന്തമാക്കുന്നതിനു വേണ്ടി രാത്രി വൈകി വരെ ടിവി കണ്ടും, പുലർച്ചെ എണീറ്റ് വീഡിയോ ഗെയിം കളിച്ചുമാണ് ഈ മോശം അവസ്ഥയെ മറികടന്നതെന്ന് സച്ചിൻ പറഞ്ഞു.

ഇതു കൂടാതെ, തന്റെ സഹോദരൻ നൽകിയ ചില ഉപദേശങ്ങളും ഉത്കണ്ഠയെ മറികടക്കാൻ സഹായിച്ചിരുന്നതായി മാസ്റ്റർ ബ്ലാസ്റ്റർ വ്യക്തമാക്കി. രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചായ സ്വയമുണ്ടാക്കുന്നത് പോലും മൽസരത്തിനു തയ്യാറെടുക്കാൻ എന്നെ സഹായിച്ചിരുന്നു. കൂടാതെ, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും അലക്കുന്നതുമെല്ലാം കളിക്കു തയ്യാറെടുക്കാൻ എന്നെ സഹായിച്ച കാര്യങ്ങളാണ്.

മത്സരത്തിന്റെ തലേദിവസം തന്നെ താൻ തന്റെ ക്രിക്കറ്റ് ബാഗ് തയ്യാറാക്കി വെക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ചത് സഹോദരനായിരുന്നു. പിന്നീടുള്ള തന്റെ കരിയറിൽ ഇവയെല്ലാം ശീലമായി മാറുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കരിയറിലെ അവസാനത്തെ മൽസരത്തിൽ കളിക്കുന്നതിനു മുമ്പും ഇവയൊക്കെ താൻ ആവർത്തിച്ചിരുന്നതായും സച്ചിൻ വിശദമാക്കി.

ഉത്കണ്ഠ ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളുണ്ടെങ്കിൽ അവയെ അംഗീകരിക്കുകയെന്നതാണ് അവയെ മറികടക്കാനുള്ള ആദ്യത്തെ വഴിയെന്നു സച്ചിൻ പറഞ്ഞു. പരുക്കേൽക്കുകയാണെങ്കിൽ അത് പരിശോധിക്കാനും ഭേദമാക്കാനുമെല്ലാം ഡോക്ടർമാരും ഫിസിയോമാരുമുണ്ടാവും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.

കരിയറിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാവുകയെന്നത് സാധാരണമാണ്. എന്നാൽ, തിരിച്ചടികൾ നേരിടുന്ന സമയങ്ങളിൽ നിങ്ങൾക്കു ചുറ്റിലും ആളുകൾ വേണം. തനിക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു സ്വയം ഒരാൾ അംഗീകരിച്ചു കഴിഞ്ഞാൽ അതിൽ നിന്നും പുറത്ത് വരാനുള്ള വഴികൾ അയാൾ തന്നെ സ്വയം കണ്ടെത്തുമെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.

അതോടൊപ്പം, ഒരു വ്യക്തിക്ക് ഏതൊരാളിൽ നിന്നും പലതും പഠിക്കാൻ കഴിയുമെന്ന് തന്റെ ജീവിതത്തിലെ ഒരു സംഭവം ഉദാഹരണമായി കാണിച്ച് സച്ചിൻ വ്യക്തമാക്കി. ഒരിക്കൽ ചെന്നൈയിലെ ഒരു ഹോട്ടൽ സ്റ്റാഫിന്റെ ഉപദേശം ബാറ്റിങ് മെച്ചപ്പെടുത്താൻ തന്നെ സഹായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

'ഹോട്ടലിൽ താമസിക്കവെ ദോശയുമായി അകത്തേക്കു വന്ന റൂംബോയ് അതു മേശയ്ക്കു മുകളിൽ വച്ച ശേഷം എനിക്കൊരു ഉപദേശവും നൽകി. ബാറ്റ് സ്വിങ് ചെയ്യിക്കുന്നതിൽ നിങ്ങൾക്കു തടസമാവുന്നത് കൈമുട്ടിലെ ഗാർഡാണെന്നൊയിരുന്നു അയാൾ ചൂണ്ടിക്കാട്ടിയത്. ഇതു തന്നെയയായിരുന്നു സത്യമെന്നു എനിക്കു ബോധ്യമായി. ഈ ഉപദേശം സ്വീകരിച്ച് ഞാൻ വരുത്തിയ മാറ്റം എന്റെ പ്രശ്നം പരിഹരിക്കാൻ സഹായിച്ചു.' സച്ചിൻ കൂട്ടിച്ചേർത്തു.