മുംബയ്: കേരളത്തോടുള്ള സച്ചൻ തെണ്ടുൽക്കറുടെ താൽപ്പര്യം കുറയുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതയിൽ നിന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പിന്മാറും.

നിലവിൽ സച്ചിന്റെ പേരിലുള്ള ടീമിന്റെ 40ശതമാനം ഓഹരികളിൽ പകുതിയും താരം വിൽക്കാൻ തീരുമാനിച്ചതായാണ് വിവരം. ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിനാണ് ഓഹരികൾ വിൽക്കുന്നത്. ടീമിന്റെ മുഖ്യ ഓഹരി ഉടമകളായ പി.വി.പി. വെഞ്ചേഴ്‌സിന്റെ പക്കലുള്ള 60 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കുന്നതോടെ ടീം പ്രസാദ് ഗ്രൂപ്പിന് സ്വന്തമാകും. ഇതോടെ ടീമിൽ സച്ചിനുള്ള നിയന്ത്രണാധികാരം അവസാനിക്കും. ഇപ്പോഴത്തെ ഉടമകളായ പി.വി.പി. വെഞ്ചേഴ്‌സിന് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സെബി 30 കോടി രൂപ പിഴ വിധിച്ചത് ടീമിന്റെ സാമ്പത്തിക സ്ഥിതി മോശമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് വിവാദം ഒഴിവാക്കാൻ സച്ചിന്റെ പിന്മാറ്റം. ടീമിന്റെ പ്രകടനവും അടുത്തകാലത്ത് ദയനീയമായിരുന്നു. ഇതേത്തുടർന്നാണ് ടീമിന്റെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതെന്നറിയുന്നു. അതേസമയം, ഓഹരി കുറച്ചാലും സച്ചിൻ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നത്് ആരാധകർക്ക് ആശ്വാസമായി. എങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ താരത്തിളക്കത്തിന് സച്ചിന്റെ പിന്മാറ്റം ദോഷം ചെയ്യും. ഫുട്‌ബോൾ ടീമിനൊപ്പം സച്ചിൻ കേരളത്തിൽ നിക്ഷേപങ്ങൾക്കും തയ്യാറെടുത്തിരുന്നു. അതിൽ നിന്നും പിന്മാറുമെന്നും സൂചനയുണ്ട്.

സച്ചിന്റെ നേതൃത്വത്തിലെ ഫുട്‌ബോൾ ടീമിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി കണ്ടത്. ആദ്യ സീസണിൽ ഫൈനലിലെത്തി. ഇതോടെ പ്രതീക്ഷകൾ വാനോളമായി. എന്നാൽ രണ്ടാം സീസണിൽ മോശമായിരുന്നു പ്രകടനം. അപ്പോൾ തന്നെ സച്ചിൻ പിന്മാറുമെന്ന വാർത്തകൾ സജീവമായിരുന്നു. താമസിയാതെ തന്നെ ബാക്കിയുള്ള ഓഹരിയും സച്ചിൻ വിൽക്കുമെന്നാണ് സൂചന. വിവാദ വ്യവസായ ഗ്രൂപ്പുകളുമായുള്ള ബന്ധം ത്‌നെ വ്യക്തിപരമായി ബാധിക്കാതിരിക്കാനാണ് തീരുമാനം.

എന്നാൽ സച്ചിൻ മാറിയാലും ടീമിന് പ്രശ്‌നമൊന്നും വരില്ലെന്ന് മാനേജ്‌മെന്റും പറയുന്നു. സച്ചിൻ പൂർണ്ണമായും ടീമിനെ കൈവിടുമെന്ന വാർത്തകൾ തെറ്റാണെന്നും അവർ പറയുന്നു.