മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേ'യുടെ ആദ്യ കോപ്പി മാസ്റ്റർ ബ്ലാസ്റ്റർ സമ്മാനിച്ചത് സ്വന്തം അമ്മയ്ക്ക്. പുസ്തകം ഏറ്റുവാങ്ങുമ്പോൾ സ്വന്തം മകനെയോർത്ത് അഭിമാനം കൊള്ളുന്ന അമ്മയുടെ മുഖഭാവം സമ്മാനിച്ചത് അമൂല്യനിമിഷമെന്നും സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു. ഫേസ്‌ബുക്കിലും ട്വിറ്ററിലുമാണ് പുസ്തകത്തിന്റെ ആദ്യപ്രതി അമ്മയ്ക്ക് നൽകുന്ന ചിത്രം സച്ചിൻ പോസ്റ്റ് ചെയ്തത്.

ഗ്രെഗ് ചാപ്പലിനെതിരായതുൾപ്പെടെ ചില പരാമർശങ്ങളുടെ പേരിൽ സച്ചിന്റെ ആത്മകഥ ഇറങ്ങുംമുമ്പുതന്നെ വിവാദമായിരുന്നു. ഇതുവരെ പറയാത്ത കാര്യങ്ങൾ പലതും ആത്മകഥയിലുണ്ടാകുമെന്നും ക്രിക്കറ്റ് ജീവിതം പോലെ സത്യസന്ധമാകും ആത്മകഥയിലെ വിവരങ്ങളെന്നും സച്ചിൻ പറഞ്ഞിരുന്നു.

ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം ബുധനാഴ്ച വൈകിട്ട് മുംബൈയിൽ നടന്നു. സച്ചിന്റെ ആദ്യകോച്ച് രമാകാന്ത് അച്‌രേക്കറാണ് പുസ്തകം ഏറ്റുവാങ്ങിയത്. പുസ്തകത്തിൽ നിന്ന് കിട്ടുന്ന റോയൽറ്റിയുടെ ഒരു വിഹിതം ചേരികളിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന അപ്‌നാലയ എന്ന സംഘടനയ്ക്ക് നൽകുമെന്ന് സച്ചിൻ അറിയിച്ചു. ആത്മകഥ എത്ര വിറ്റഴിക്കപ്പെടുന്നൊ അത്രയും കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം ഇവരുടെ കുടിലുകളിലെത്തും. അപ്‌നാലയ എന്ന സന്നദ്ധ സംഘടനയാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിന് സച്ചിന്റെ പങ്കാളി.

കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന അപ്‌നാലയക്കൊപ്പം കഴിഞ്ഞ പതിനഞ്ച് വർഷമായി സച്ചിനുണ്ട്. സച്ചിനെ അപ്‌നാലയുടെ പ്രവർത്തനങ്ങളിലേക്ക് കൊണ്ടു വന്നത് ഭാര്യാ മാതാവ് അന്നാബെൽ മേത്തയായിരുന്നു. പ്രോജക്ട് സെന്ററുകളിൽ തെരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളുടെ വിദ്യാഭ്യാസം അടക്കം മുഴുവൻ ചെലവും വഹിക്കുന്നത് സച്ചിനാണ്.

ഐഎസ്എൽ ഫുട്‌ബോൾ മൽസരത്തിനിടെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് പ്രകാശനം നടക്കുകയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിൽ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരം തുടങ്ങുന്നതിനുമുമ്പോ ഇടവേളയിലോ നിത അംബാനിക്കു നൽകി പുസ്തകം പ്രകാശനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

416 പേജുള്ള പുസ്തകത്തിന്റെ ആഗോള പ്രസാധകർ ഹോഡർ ആൻഡ് സ്‌റ്റോട്ടനാണ്. ലക്ഷക്കണക്കിനാൾക്കാരാണ് ഇതിനകം ഓൺലൈനിൽ പുസ്തകം ബുക്കുചെയ്തത്.