ന്ത്യൻ ക്രിക്കറ്റിന്റെ ദൈവമാണ് സച്ചിൻ തെണ്ടുൽക്കർ. ദൈവങ്ങൾ എപ്പോഴും പ്രത്യക്ഷപ്പെടില്ലല്ലോ? രാജ്യസഭാംഗമാണെങ്കിലും പാർലമെന്റിൽ സച്ചിൻ പ്രത്യക്ഷപ്പെടുന്നതും അപൂർവ കാഴ്ചയാണ്. എന്നാൽ, ഇന്നലെ രാജ്യസഭാ സമ്മേളനത്തിന്റെ ആദ്യദിനം സച്ചിൻ പാർലമെന്റിലെത്തി. അപൂർവ കാഴ്ച കണ്ടെന്നോണം എംപിമാർ കുറേനേരത്തേയ്ക്ക് സ്തബ്ധരായി പോവുകയും ചെയ്തു. പിന്നീട് എംപിമാരിൽ പലരും സച്ചിനൊപ്പം നിന്ന് സെൽഫിയെടുക്കാൻ കുട്ടികളെപ്പോലെ തിരക്കുകൂട്ടി.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മത്സരം ഡൽഹിയിൽ നടക്കുന്നതിനാലാണ് സച്ചിൻ ഡൽഹിയിലെത്തിയത്. ഏതായാലും വന്നതല്ലേ, പാർലമെന്റിലും ഒന്നു പൊയ്ക്കളയാം എന്നു തീരുമാനിച്ചെന്നുമാത്രം. ഉച്ചയ്ക്ക് 12 മണിയോടെയാണ് സച്ചിൻ സഭയിലെത്തിയത്. വന്നയുടനെ ഏതാനും എംപിമാർ അദ്ദേഹത്തിന് ചുറ്റുംകൂടുകയും ചെയ്തു.

2012-ലാണ് സച്ചിനെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. ഇതിനുശേഷം വളരെ അപൂർവമായി മാത്രമാണ് അദ്ദേഹം സഭയിലെത്തിയിട്ടുള്ളത്. കഴിഞ്ഞ സമ്മേളനകാലത്ത് മൂന്നുദിവസമാണ് സച്ചിൻ രാജ്യസഭയിലെത്തിയത്. സഭാംഗമെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം നിറവേറ്റാത്തതിന്റെ പേരിൽ സച്ചിന് പലകോണുകളിൽനിന്നും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്.

കഴിഞ്ഞ മൺസൂൺ സമ്മേളനകാലത്ത് രാഷ്ട്രീയ ഭേദമെന്യേ അംഗങ്ങൾ സച്ചിന്റെ അസാന്നിധ്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും അത് സഭയോടുള്ള അനാദരവാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സച്ചിനിൽനിന്ന് വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിന് അടുത്ത് മറ്റൊരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടും സഭയിലെത്താൻ തയ്യാറാകാതിരുന്നതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.