മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. തന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ഡോക്യുമെന്ററിക്ക് പേരു നൽകുവാൻ ആരാധകരിൽ നിന്നും സച്ചിൻ ടെൻഡുൽക്കർ നിർദേശങ്ങൾ ക്ഷണിച്ചു.

200 നോട്ട്ഔട്ട് എന്ന കമ്പനിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിതം അടിസ്ഥാനമാക്കി ആത്മകഥാ സ്പർശിയായ ചിത്രം നിർമ്മിക്കുന്നത്. ട്വിറ്ററിൽ നൽകിയിരിക്കുന്ന നെയിം മൈ മൂവി എന്ന ലിങ്കിലൂടെ ആരാധകർക്കും പേരുകൾ നിർദേശിക്കാം എന്നു സച്ചിൻ ട്വീറ്റിലൂടെ അറിയിച്ചു.

ഏറ്റവും ഉചിതമായ പേരു നൽകുന്ന വ്യക്തിക്ക് താൻ ഒരു പ്രത്യേക സമ്മാനം നൽകുമെന്നും സച്ചിൻ പറയുന്നു. ആരാധകർ ഇടുന്ന പേരിനായി താൻ കാത്തിരിക്കുന്നതായും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

ചിത്രത്തിൽ സച്ചിന്റെ വേഷം സച്ചിൻ തന്നെയാണ് അവതരിപ്പിക്കുന്നത്. ലണ്ടൻ സ്വദേശിയായ തിരക്കഥാകൃത്തും സംവിധായകനുമായ ജെയിംസ് എർക്‌സൈനാണ് ഈ ഡോക്യൂഫീച്ചറിന്റെ സംവിധായകൻ. ഇതുവരെ കണ്ടിട്ടില്ലാത്ത സച്ചിന്റെ ഭാവങ്ങളും ഫൂട്ടേജുകളും ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകൻ ഉറപ്പ് നൽകിയിട്ടുണ്ട്. 2013-ൽ ആണ് മാസ്റ്റർ ബ്ലാസ്റ്റർ ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.