ന്യൂഡൽഹി: ഇക്കൊല്ലം നടക്കില്ലെന്നു കരുതിയ ദേശീയ സ്‌കൂൾ കായികമേള നടത്താൻ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ ഇടപെടൽ. ദേശിയ സ്‌കൂൾ കായികമേളയുടെ നടത്തിപ്പിൽ ഉയർന്ന അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് എംപി കൂടിയായ സച്ചിൻ തെൻഡുൽക്കർ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജിനാണ് ഉറപ്പ് നൽകിയത്.

സ്‌കൂൾ കായികമേള നടത്തണമെന്ന് സച്ചിൻ കേന്ദ്രത്തോട് ആവശ്യപ്പെടും. കായിക മേളയുടെ വേദിയും തീയതിയും ഉടൻ തീരുമാനിക്കും. മേള നടത്താൻ സന്നദ്ധത അറിയിച്ച കേരളം അവസാന നിമിഷം പിന്മാറിയതാണ് മേളയുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കിയത്.

ഇതോടെ മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്കങ്ങൾ മുന്നോട്ടുകൊണ്ടുപോയ കേരള താരങ്ങളും ആശങ്കയിലായി. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെടാമെന്ന് സച്ചിൻ വ്യക്തമാക്കിയത്. കേരളം അസൗകര്യം അറിയിച്ചതിനാൽ മറ്റും സംസ്ഥാനങ്ങളെയാണ് മേള നടത്തിപ്പിനായി പരിഗണിക്കുന്നത്.

കായിക മേള മുടങ്ങാതിരിക്കാൻ ഇടപെടണമെന്നു സച്ചിനോട് അഞ്ജുവാണ് ആവശ്യപ്പെട്ടത്. അഞ്ജുവിന്റെ ആവശ്യപ്രകാരം സച്ചിൻ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. കേന്ദ്ര കായികമന്ത്രിയെയും അഞ്ജു വിവരം ധരിപ്പിച്ചു. ഇത്തവണ മീറ്റ് നടക്കുമെന്നു സച്ചിൻ ഉറപ്പുനൽകിയതായി അഞ്ജു പറഞ്ഞു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരം ഒരുമിച്ചു നടത്തുമെന്നും അവർ പറഞ്ഞു. കായികമേള നടത്തണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ് എംപിയും തിങ്കളാഴ്ച കേന്ദ്ര കായിക മന്ത്രിയെ കാണും.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ ഒരുമിച്ചു നടത്താനാവില്ലെന്ന് മഹാരാഷ്ട്ര അറിയിച്ചതോടെയാണു കായികമേള അനിശ്ചിതത്വത്തിലായത്. ഇതോടെ മേള കേരളത്തിൽ നടത്താമെന്നറിയിച്ചു സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ രംഗത്തു വന്നു. എന്നാൽ, മേള നടത്താൻ കഴിയില്ലെന്നു സർക്കാർ നിലപാടെടുത്തതോടെ വീണ്ടും അനിശ്ചിതത്വം നിറയുകയായിരുന്നു.