ന്യൂഡൽഹി: രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട താരങ്ങൾക്ക് പാർലമെന്റിൽ പോകാൻ നേരമില്ലേ? സുരേഷ് ഗോപിയുൾപ്പെടെ നിരവധി താരമൂല്യമുള്ള അംഗങ്ങൾ ഉണ്ട് ഇപ്പോൾ രാജ്യത്തെ പാർലമെന്റ് അംഗങ്ങളായി. ഒരു ഡസനിലേറെ അംഗങ്ങളാണ് നിയമനിർമ്മാണ സഭയിലേക്ക് രാജ്യത്തെ താരങ്ങൾക്കിടയിൽ നിന്ന് നോമിമേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരിൽ പലർക്കും രാജ്യത്തെ ബാധിക്കുന്ന സുപ്രധാന കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന സഭയുടെ നടപടികളിൽ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റാർ വാല്യൂ കൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുകയും സഭയിൽ എത്തുകയും ചെയ്തവരുടേയും സ്ഥിതി ഇതുതന്നെ. എംപിയുടെ പദവിയും പത്രാസും ലഭിക്കുന്നതിലുപരി പലർക്കും സഭയിൽ ഓരോ വിഷയത്തിലും സംസാരിക്കാനോ ഇടപെടലുകൾ നടത്താനോ താൽപര്യമില്ല.

പ്രശസ്ത ക്രിക്കറ്റ് താരമായ സച്ചിൻ ടെൻഡുൽക്കർ അവസാനമായി നടന്ന മൺസൂൺ സെഷനിലെ 20 സിറ്റിങ്ങുകളിൽ മൂന്നു സിറ്റിംഗിന് മാത്രമാണ് ഹാജരായത്. ഇപ്പോഴത്തെ ശീതകാല സമ്മേളനത്തിനാകട്ടെ ആകെ ഒരുദിവസമാണ് സച്ചിൻ എത്തിയത്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറായ ചിരഞ്ജീവിയും ബോളിവുഡ് താരം രേഖയും മൺസൂൺ സെഷനിലെത്തിയത് ഓരോ ദിവസം മാത്രം. ഇവരുടെ ശീതകാല സെഷനിലെ ഹാജർ ലഭ്യമല്ല.

ഇത്തരത്തിൽ ചിലരുടെ ഹാജർ പാർലമെന്റ് വെബ്‌സൈറ്റിൽ ലഭ്യമല്ലാത്തതും ചർച്ചയായിട്ടുണ്ട്്. നടൻ മിഥുൻ ചക്രവർത്തിയുടേതുൾപ്പെടെ ചിലരുടെ അറ്റൻഡൻസ് ലഭ്യമല്ല. ഇത്തരത്തിൽ താരമൂല്യമുള്ളവരുടെ പലരുടേയും ഹാജർ നില കുറയുന്നത് 'നരേന്ദ്ര മോദി ഇഫക്ട്' ആണോയെന്ന ചോദ്യവും ഉയരുന്നു. നരേന്ദ്ര മോദിയും പാർലമെന്റിൽ സ്ഥിരമായി പങ്കെടുക്കാറില്ലെന്നത് നേരത്തെ മുതലേ ചർച്ചയാണ്.

ബിജെപി എംപിയായ ഹേമമാലിനിക്ക് അറ്റൻഡൻസ് വർഷകാല സമ്മേളനത്തിൽ 36 ശതമാനം മാത്രമാണെന്ന റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്്. നോമിനേറ്റ് ചെയ്യപ്പെട്ടവർക്ക് അവരുടെ സ്വന്തം കാര്യങ്ങൾ നോക്കി നടക്കാനേ നേരമുള്ളൂ എന്ന വിമർശനമാണ് ഉയരുന്നത്. പക്ഷേ, വ്യവസായ ലോകത്തുനിന്ന് ഇത്തരത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട സമ്പന്ന വ്യവസായി അനു ആഘ പതിമൂന്നിൽ പത്തുദിവസവും ഹാജരായെന്നതും ശ്രദ്ധേയമാണ്. പ്രശസ്ത ബോക്‌സർ ആയ മേരി കോമാകട്ടെ വിന്റർ സെഷനിൽ എല്ലാ ദിവസവും ഹാജരായി. സിദ്ദുവിന് പകരമെത്തിയ നടി രൂപ ഗാംഗുലിയും പതിമൂന്നിൽ പത്തുദിവസം ഹാജരായി.

സാമൂഹ്യ സേവനം കല, സാഹിതം, ശാസ്ത്രം തുടങ്ങിയ ഓരോ മേഖലകളിലും മികവു കാട്ടുന്നവരെയാണ് സാധാരണായി നാമനിർദേശത്തിന് പരിഗണിക്കുന്നത്. ഇവർ നിയമനിർമ്മാണ പ്രക്രിയയിൽ സജീവ പങ്കാളിത്തം വഹിക്കുകയും തങ്ങൾ പ്രഗത്ഭരായ മേഖലകളിലെ വിഷയങ്ങളും അനുഭവങ്ങളും നിയമനിർമ്മാണ പ്രക്രിയക്ക് സഹായകമായ രീതിയിൽ വിനിയോഗിക്കുകയും ചെയ്യുമെന്ന പ്രത്യാശയിലാണ് ഇവരുടെ നാമനിർദ്ദേശം നടക്കുന്നത്.

പക്ഷേ, ഇത്തരത്തിൽ എത്തിയ പലർക്കും ഇത്തരത്തിൽ നിയമനിർമ്മാണത്തിൽ പങ്കാളിയാകാൻ താൽപര്യമില്ലെന്ന സൂചനയാണ് ഹാജർകുറവിലൂടെ വ്യക്തമാകുന്നത്.