റെ വിവാദങ്ങൾക്കൊടുവിലാണ് ക്രിക്ക്റ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേ' പുറത്തിറങ്ങിയത്. എന്നാൽ, പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് ഇന്റർനെറ്റിൽ ലീക്കായി. വാട്‌സ്ാപ്പിലൂടെ ലോകമെങ്ങും പ്രചരിക്കുകയാണ് സച്ചിന്റെ പുസ്തകത്തിന്റെ 'വ്യാജൻ'.

486 പേജുള്ള പുസ്തകത്തിന് 899 രൂപയാണ് മുഖവില. പുറത്ത് ഇറങ്ങും മുൻപേ ഹിറ്റാവുകയും വിവാദമാകുകയും ചെയ്ത കൃതിയാണ് പ്ലേയിങ് ഇറ്റ് മൈ വേ. പ്രീ പബ്ലിക്കേഷൻ ബുക്കിങ്ങിൽ റെക്കോഡ് സൃഷ്ടിച്ച പുസ്തകത്തിന്റെ വിൽപ്പന തകൃതിയായി നടക്കുന്നതിനിടയിൽ തന്നെയാണ് ഇന്റർനെറ്റിലൂടെ പിഡിഎഫ് പകർപ്പു പ്രചരിക്കുന്നത്.

കാർത്തിക് കട്ടിമണി എന്നപേരിലുള്ള karthikrkatti.wordpress.com എന്ന വെബ്‌പേജിലൂടെയാണ് പുസ്തകത്തിന്റെ 'വ്യാജൻ' പ്രചരിക്കുന്നത്. 'ഈ ലിങ്ക് ഡിലിറ്റ് ചെയ്യും മുമ്പ് എത്രയും പെട്ടെന്നു ഡൗൺലോഡ് ചെയ്‌തോളൂ' എന്ന മെസേജുമായാണ് വാട്‌സാപ്പിൽ പ്രചാരണം. പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങളടക്കം ഇതിലൂടെ അനധികൃതമായി പ്രചരിക്കുകയാണ്. വാട്‌സാപ്പിലൂടെ ഇതിനകം നിരവധി പേരാണ് പുസ്തകം ഡൗൺലോഡു ചെയ്തത്.

ഹോഡർ ആൻഡ് സ്റ്റോട്ടറാണ് പുസ്തകത്തിന്റെ പ്രസാധകർ. ഗ്രെഗ് ചാപ്പലിനെക്കുറിച്ചുൾപ്പെടെ വിവാദ പരാമർശങ്ങളടങ്ങിയ പുസ്തകം പുറത്തിറങ്ങും മുമ്പേ നിരവധി ചൂടൻ ചർച്ചകൾക്കു വഴിയൊരുക്കിയിരുന്നു. മുംബൈയിൽ അമ്മ രജനിക്കു നൽകിയാണ് സച്ചിൻ പുസ്തകം പ്രകാശനം ചെയ്തത്. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീം സഹ ഉടമയായ സച്ചിൻ ടീമിന്റെ മത്സരത്തിനിടയിൽ കൊച്ചിയിലും പുസ്തകം പുറത്തിറക്കിയിരുന്നു. എന്തായാലും പുറത്തിറങ്ങുംമുമ്പേ വിവാദങ്ങളിൽപ്പെട്ട പുസ്തകം 'വ്യാജന്റെ' വരവോടെ വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്.