മുംബൈ: ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വളരെ വലുതാണ്. ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനുകളാണ് റോഡിൽ പൊലിയുന്നത്. ഹെൽമറ്റ് ധരിക്കാതെ റോഡിൽ യാത്ര ചെയ്യുന്നതും അപകടം ക്ഷണിച്ചു വരുത്തുന്ന സംഭവങ്ങളാണ്. യുവാക്കളാണ് ഇങ്ങനെ അപകടത്തിൽ പെടുന്നവരിൽ നല്ലൊരു പങ്കും. ഇങ്ങനെ റോഡ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് എതിരെ പ്രചരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഒരു വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് സച്ചിൻ റോഡ് സുരക്ഷാ കാമ്പയിനിൽ പങ്കാളിയായത്.

കാർ നിർത്തി ബൈക്ക് യാത്രികരായ യുവാക്കളോട് ഹെൽമറ്റ് ധരിക്കാൻ പറയുന്ന വീഡിയോയാണ് സച്ചിൻ ട്വീറ്റ് ചെയ്തത്. ഇനി ഹെൽമെറ്റ് ധരിക്കാമെന്നും യുവാക്കൾ മറുപടി നൽകുന്നു. ഒരു യുവതിക്കൊപ്പം ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത മറ്റൊരു യുവാവിനെയും സച്ചിൽ ഉപദേശിക്കുന്നുണ്ട്.

ഇക്കൂട്ടത്തിൽ ഒരു യുവാവ് സച്ചിനൊപ്പം സെൽഫിയെടുക്കുന്നതും കാണാം. അടുത്ത തവണ യാത്ര ചെയ്യുമ്പോൾ തീർച്ചയായും ഹെൽമറ്റ് ധരിക്കുമെന്ന് തനിക്ക് ഉറപ്പു നൽകണമെന്നും സച്ചൻ നിർദേശിക്കുന്നുണ്ട്. 100 ശതമാനം എന്ന ഉറപ്പും യുവാക്കളിൽ നിന്നും അദ്ദേഹം വാങ്ങുന്നു. സച്ചിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.