തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന് ഗെയിംസിന്റെ ഗുഡ് വിൽ അംബാസിഡറായ സച്ചിൻ തെണ്ടുൽക്കർ സംഘാടക സമിതിയെ അറിയിച്ചു. ഇതോടെ സമാപന ചടങ്ങിന് മോടികൂട്ടാൻ താരമൂല്യമുള്ള വ്യക്തിക്ക് വേണ്ടിയുള്ള നെട്ടോട്ടം സംസ്ഥാന സർക്കാർ തുടങ്ങി. എന്നാൽ വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന ഗെയിംസിന്റെ ചടങ്ങിനെത്താൻ ആരും തയ്യാറാകുന്നില്ല. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ മുഖ്യാതിഥിയാക്കി കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടെന്ന് വരുത്താനും നീക്കമുണ്ട്. ഇതും നടന്നില്ലെങ്കിൽ ഗവർണ്ണർ പി സദാശിവത്തെ മുഖ്യാതിഥിയാക്കാനാണ് നീക്കം. സമാപനത്തിൽ പങ്കെടുക്കാമെന്ന് രാജ്ഭവൻ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ മറ്റ് വിശിഷ്ടാതിഥികളെ നിശ്ചയിക്കാൻ കഴിയാത്തതിനാൽ ഗവർണ്ണറുടെ റോളിൽ വ്യക്തത വന്നിട്ടില്ല.

ഉദ്ഘാടനത്തിന് എത്തിയ സച്ചിൻ തെണ്ടുൽക്കർ ഒട്ടും തൃപ്തനാകാതെയാണ് മടങ്ങിയത്. ചടങ്ങിന് ശേഷം ഇന്നോവാ കാറിൽ യാത്ര ചെയ്യേണ്ടി വന്നതും സച്ചിനെ വിഷമിപ്പിച്ചു. ഗെയിംസിൽ സംസാരിക്കാനും കഴിഞ്ഞില്ല. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രോട്ടോകോൾ പ്രകാരം മൂന്ന് പേർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കാൻ കഴിയൂ. ഉദ്ഘാടകനും സ്വാഗത പ്രാസംഗികനും ഐഒസി അധ്യക്ഷനുമാണ് അവർ. പിന്നെ നന്ദിയും പറയാം. എന്നാൽ കേന്ദ്ര കായിക മന്ത്രിയും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഗെയിംസിനെ അഭിസംബോധന ചെയ്തു. എന്നിട്ടും സച്ചിന് അവസരം നൽകിയില്ല. സച്ചിന്റെ അതൃപ്തി തിരിച്ചറിഞ്ഞ് അവസാനം പ്രസംഗിക്കാനായി നിർബന്ധിച്ചെങ്കിലും ക്രിക്കറ്റ് ഇതിഹാസം തയ്യാറായില്ല.

ഈ വിവാദത്തിന് ശേഷം മടങ്ങുമ്പോഴാണ് ബിഎംഡബ്ല്യൂ കാർ കിട്ടാതെ വന്നത്. പിന്നീട് ഇന്നോവയിൽ മടങ്ങി. തന്റെ കാര്യത്തിൽ അത്ര ശ്രദ്ധയേ ഗെയിംസ് സംഘാടകർ നൽകിയുള്ളൂ എന്ന പരിഭവം സച്ചിനുണ്ട്. ഇതു തന്നെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലും നിറഞ്ഞത്. റൺ കേരളാ റണ്ണിന്റെ ചടങ്ങ് കഴിഞ്ഞപ്പോൾ അതിന്റെ സെൽഫിയും മറ്റും സച്ചിൻ പോസ്റ്റിട്ടിരുന്നു. വൈറലാവുകയും ചെയ്തു. എന്നാൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന്റെ ഫോട്ടോ പോലും എഫ്ബിയിൽ ഇടാതെ താരം തന്റെ അതൃപ്തി വ്യക്തമാക്കി. ഹോട്ടലിലെ സൗകര്യങ്ങളേയും കാഴ്ചകളേയും ഭക്ഷണത്തേയും പുകഴ്‌ത്തിയപ്പോഴും ദേശീയ ഗെയിംസിന് ഒരു വരി പോലും നൽകിയില്ല. ഇതിന്റെ തുടർച്ചയായാണ് സമാപന ചടങ്ങിൽ എത്തില്ലെന്ന നിലപാട് സച്ചിന്റെ സെക്രട്ടറി കേരളത്തിലെ ഗെയിംസ് സംഘാടകരെ അറിയിച്ചത്.

ദേശീയ ഗെയിംസിന്റെ സമാപനത്തിലേക്ക് സച്ചിനെ ആരും വിളിച്ചിട്ടില്ലെന്നാണ് ഇതേ കുറിച്ച് സംഘാടക സമിതിയുടെ പ്രതികരണം. പക്ഷേ ഉദ്ഘാടന-സമാപന ചടങ്ങുകൾക്ക് എത്തണമെന്ന ആവശ്യം വളരെ മുമ്പ് തന്നെ സച്ചിനോട് മുഖ്യമന്ത്രിയടക്കമുള്ളവർ പങ്കുവച്ചിരുന്നു. ഔദ്യോഗികമായി മാത്രമേ അറിയിക്കാതെയുള്ളൂ. അതുകൊണ്ടാണ് ഗെയിംസിനായി ഇനി എത്താനാകില്ലെന്ന വിശദീകരണം മുൻകൂറായി സച്ചിൻ നൽകിയത്. ഗെയിംസുമായി ബന്ധപ്പെട്ട വിവാദവും അഴിമതിയുമെല്ലാം സച്ചിനും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുഡ് വിൽ അംബാസിഡറായുള്ള തന്റെ സാന്നിധ്യം വിവാദത്തിലാകാത്തത് സൗജന്യമായി വന്നതുകൊണ്ടാണെന്ന് സച്ചിനും മനസ്സിലാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിലെ നിലവാരക്കുറവ് അടക്കമുള്ള വാർത്തകൾ പരിഗണിച്ചാണ് ദേശീയ ഗെയിംസിനെ ഉയർത്തിക്കാട്ടുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് പോലും സച്ചിൻ ഒഴിവാക്കിയതെന്നാണ് സൂചന.

സമാപനത്തിന് മുഖ്യാതിഥിയായി പ്രസിഡന്റ് പ്രണാബ് കുമാർ മുഖർജിയെ എത്തിക്കാനായിരുന്നു നീക്കം. എന്നാൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പണി നീണ്ടപ്പോൾ സുരക്ഷാ പരിശോധന യഥാസമയം നടത്താൻ കഴിയാതെയായി. പ്രധാനമന്ത്രിയ്‌ക്കൊപ്പം രാഷ്ട്രപതിയുടെ വരവും തടസ്സപ്പെട്ടു. ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും വിട്ടു നിന്നു. ഈ സാഹചര്യത്തിലാണ് സച്ചിനെ ഉയർത്തിക്കാട്ടി ഉദ്ഘാടന-സമാപന ചടങ്ങുകൾക്ക് മോടികൂട്ടാൻ തന്ത്രമൊരുക്കിയത്. ഉദ്ഘാടന ചടങ്ങിലെ ലാലിസം വിവാദത്തോടെ ദേശീയ ഗെയിംസിലെ അഴിമതികൾ തുറന്നുകാട്ടപ്പെട്ടു. കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വരികയും ചെയ്യുന്നു. ഇതോടൊപ്പം സമാപനത്തിന് മുഖ്യാതിഥിയായി ആളില്ലെന്ന അവസ്ഥ കൂടുതൽ സർക്കാരിനെ പ്രതിരോധത്തിലാക്കും.

കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റിലെ എത്തിച്ച് ദേശീയഗെയിംസിലെ സമാപന ചടങ്ങ് നടത്താനാണ് നീക്കം. എന്നാൽ ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇതിനെ എതിർക്കുകയാണ്. അഴിമതി നിറഞ്ഞ ഗെയിംസുമായി സഹകരിക്കേണ്ടതില്ലെന്നാണ് വാദം. പക്ഷേ ദേശീയ ഗെയിംസ് ആയതിനാൽ കേന്ദ്ര സർക്കാരിനും ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. അതുകൊണ്ട് ഗെയിംസിൽ നിന്ന് വിട്ടുനിൽക്കാനും കഴിയില്ല. ഇതു പരിഗണിച്ചാണ് ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു കായികതാരങ്ങളെ അഭിവാദനം ചെയ്യാനെത്തിയത്. കേന്ദ്ര കായികമന്ത്രിക്കും വരേണ്ടി വന്നു. അതിനാൽ ധനമന്ത്രി അരുൺ ജെയ്റ്റിലിയും ക്ഷണം നിരസിക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.