- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിൻ വാസെയ്ക്ക് 'ഹഫ്ത' നൽകാൻ ഓഫീസിൽ ചെന്നുവെന്ന് ഹോട്ടൽ ഉടമ; വാസെ 100 ദിവസം താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബിൽതുക നൽകാൻ ആവശ്യപ്പെട്ടത് മുംബൈയിലെ ബിസിനസുകാരനോട്; തെളിവുകൾ ഇല്ലാതാക്കാൻ നശിപ്പിച്ചത് അഞ്ച് ഫോണുകൾ; ഉപയോഗിച്ചത് 13 ഫോണുകൾ; മൻസുഖ് ഹിരണിന്റെ മരണത്തിൽ 'കുരുക്കുകൾ' ഒന്നൊന്നായി അഴിച്ച് എൻഐഎ
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു മുൻപിൽ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെന്ന് അവകാശപ്പെട്ടിരുന്ന മൻസുഖ് ഹിരണിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുരുക്കുകൾ ഒന്നൊന്നായി അഴിച്ച് ദേശീയ അന്വേഷണ ഏജൻസി. കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്ക് 'ഹഫ്ത' നൽകാൻ ഈ മാസം 3ന് അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്നിരുന്നുവെന്ന് ഹോട്ടലുടമ എൻഐഎയ്ക്ക് മൊഴി നൽകി. ഈ സമയം വാസെയുടെ ഒപ്പമുണ്ടായിരുന്ന 2 പൊലീസ് ഉദ്യോഗസ്ഥരിൽ ഒരു പൊലീസ് ഇൻസ്പെക്റെ് എൻഐഎ ഉടൻ ചോദ്യംചെയ്യുമെന്നാണ് സൂചന. 2 പൊലീസ് ഇൻസ്പെക്ടർമാരും ഒരു സീനിയർ പൊലീസ് ഓഫിസറും നിരീക്ഷണത്തിലാണെന്നും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും എൻഐഎ അറിയിച്ചു.
ബാറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നു പ്രതിമാസം 100 കോടി രൂപ പിരിച്ചെടുത്ത് നൽകാൻ വാസെയോട് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ വിനായക് ഷിൻഡെയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാസെ പഞ്ചനക്ഷത്ര ഹോട്ടലിൽ 100 ദിവസം താമസിച്ചതിന്റെ ബിൽ ഇനത്തിൽ 13 ലക്ഷം രൂപ അടയ്ക്കാൻ ദക്ഷിണ മുംബൈയിലെ ബിസിനസുകാരനെ ഫോണിൽ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
ഹിരണിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം സച്ചിൻ വാസെ, ഔദ്യോഗിക ഫോൺ അടക്കം 5 മൊബൈൽ ഫോണുകൾ നശിപ്പിച്ചെന്ന് എൻഐഎ കണ്ടെത്തി. ഔദ്യോഗിക ഫോണിൽനിന്നുള്ള രേഖകൾ ശേഖരിക്കാൻ വിദഗ്ധ സഹായം തേടി.
ഹിരണിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആകെ 13 ഫോണുകളാണ് സച്ചിൻ വാസെ ഉപയോഗിച്ചിരുന്നത്. ഈ മാസം 2ന് മുംബൈ പൊലീസ് ആസ്ഥാനത്ത് വാസെയും 2 സഹപ്രവർത്തകരും പങ്കെടുത്ത കൂടിയാലോചനയിലാണു ഹിരണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എടിഎസ് കണ്ടെത്തിയിരുന്നു.
സച്ചിൻ വാസെയുടെ കസ്റ്റഡി തുടരാൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു. സച്ചിന്റെ വീട്ടിലെ ആയുധശേഖരത്തെ കുറിച്ച് കൂടുതൽ വിവരം ലഭിക്കാനുണ്ടെന്ന് എൻഐഎ ആവശ്യപ്പെട്ടതോടെയാണ് ഏപ്രിൽ 3 വരെ കസ്റ്റഡി തുടരാൻ അനുമതി നൽകിയത്.
കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നെന്ന് സച്ചിൻ വാസെ കോടതിയിൽ പറഞ്ഞെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സച്ചിൻ വാസെയുടെ വീട്ടിൽനിന്നു കണക്കിൽപ്പെടാത്ത 62 ബുള്ളറ്റുകൾ കണ്ടെടുത്തിരുന്നു. സർവീസ് റിവോൾവറിലേക്ക് നൽകിയ 30 ബുള്ളറ്റുകളിൽ 5 എണ്ണം മാത്രമേ കണ്ടെത്താനായുള്ളൂ. ബാക്കിയുള്ളത് എവിടെയാണെന്ന് സച്ചിൻ പറയുന്നില്ലെന്നാണ് എൻഐഎ കോടതിയിൽ അറിയിച്ചത്. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം കോടതി അംഗീകരിച്ചു.
മുകേഷ് അംബാനിയുടെ വീടിനു സമീപം കണ്ടെത്തിയ കാറിന്റെ ഉടമയായ ഓട്ടോ പാർട്സ് ഡീലർ മൻസുക് ഹിരണിന്റെ ദുരൂഹ മരണം, കാർ മോഷണ കേസ് എന്നിവയിൽ സച്ചിന്റെ പങ്കുമായി ബന്ധപ്പെട്ടാണ് എൻഐഎയുടെ അന്വേഷണം. ഫെബ്രുവരി 17ന് ഹിരണും സച്ചിനും തമ്മിൽ കണ്ടെന്നും ഹിരൺ കാർ സച്ചിന് കൈമാറിയെന്നുമാണ് എൻഐഎ പറയുന്നത്. മൻസുകിന്റെ ദുരൂഹ മരണത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണവും സച്ചിൻ നേരിടുന്നുണ്ട്.
ന്യൂസ് ഡെസ്ക്