മുംബൈ: മുംബൈ പൊലീസിനെ മാത്രമല്ല, മഹാരാഷ്ട്ര സർക്കാരിനെ കൂടി പിടിച്ചുകുലുക്കുകയാണ് സച്ചിൻ വാസെ കേസ്. മുകേഷ് അംബാനിയുടെ വസതിക്ക് മുമ്പിൽ ഫെബ്രുവരി 25 ന് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവമാണ് സർക്കാരിനെ വരെ ഉലയ്ക്കുന്നത്. കേസിൽ അറസ്റ്റിലായ അസിസ്റ്റന്റ് പൊലീസ് ഇൻസ്പക്ടർ സച്ചിൻ വാസെയാണ് അംബാനിയുടെ വസതിക്ക് മുമ്പിൽ പാർക്ക് ചെയ്തിരുന്ന സ്‌കോർപിയോയിൽ കൊണ്ടുവച്ച ജലാറ്റിൻ സ്റ്റിക്കുകൾ സംഘടിപ്പിച്ചതെന്ന് വ്യക്തമായി. ക്വാറി ഉടമകൾ ഏറെയുള്ള വസായിൽ നിന്നാവാം ജെലാറ്റിൻ സ്റ്റിക്കുകൾ ശേഖരിച്ചതെന്നാണ് എൻഐഎ നിഗമനം.

താനെയിലെ വ്യവസായി മൻസുഖ് ഹിരൻ കൊല്ലപ്പെട്ട ദിവസം, വസായിൽ കണ്ട ഓഡി കാർ സച്ചിൻ വാസെയാണ് ഉപയോഗിച്ചതെന്ന വാർത്ത പരന്നിരുന്നു. എൻഐഎ ഇത് സ്ഥിരീകരിച്ചിട്ടില്ല. അംബാനിയുടെ വീടിന്റെ മുമ്പിൽ സ്‌ഫോടകവസ്തുക്കൾ വച്ച സ്‌കോർപിയോയുടെ ഉടമയാണ് മൻസുഖ് ഹിരൻ. സ്‌ഫോടക വസ്തുക്കേസും ഹിരന്റെ കൊലപാതകക്കേസും എൻഐഎ അന്വേഷിച്ചുവരികയാണ്.

അംബാനിയുടെ വസതിക്ക് മുമ്പിൽ സ്‌കോർപിയോ പാർക്ക് ചെയ്യുമ്പോൾ ഓടിച്ചിരുന്നത് സച്ചിൻ വാസെയായിരുന്നു. ഈ സ്‌കോർപിയോയെ വാസെയുടെ സ്വന്തം ഡ്രൈവർ ഓടിച്ച ഇന്നോവയും അനുഗമിച്ചിരുന്നു. വാസെയുടെ സാന്നിധ്യം തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് എൻഐഎ അവകാശപ്പെടുന്നു. രണ്ടുകേസുകളിലുമായി, സ്‌കോർപിയോ, ഇന്നോവ, രണ്ട് മെർസഡിസ് ബെൻസ്, ലാൻഡ് ക്രൂസർ, വോൾവോ, മിത്സുബിഷി ഔട്ട് ലാൻഡർ എന്നിവ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.
.
വാസെയും അറസ്റ്റിലായ കോൺസ്റ്റബിൾ വിനായക് ഷിൻഡേയും ഓഡി കാറിൽ മാർച്ച് മൂന്നിന് താനെയിലേക്ക് യാത്ര ചെയ്തതായി വിവരം കിട്ടി. താവ്‌ഡെ എന്ന ആളാണ് വിളിക്കുന്നതെന്ന വ്യാജേനയാണ് വാസെ ഹിരണിനെ ഗോഡ്ബണ്ടർ റോഡിലേക്ക് ിവളിച്ചുവരുത്തിയത്. ഒരുമണിക്കൂറിനകം. ഹിരണിന്റെ മൊബൈൽ ലൊക്കേഷൻ വസായി ആണ് കാട്ടിയത്. പിന്നീട് മാർച്ച് അഞ്ചിന് മുംബ്ര കടലിടുക്കിൽ ഹിരണിനെ മരിച്ച നിലയിൽ കണ്ടെത്തി.

വാസെയുടെ നീക്കങ്ങൾ സ്ഥിരീകരിക്കാൻ മുംബൈ പൊലീസ് കമ്മീഷണർ ഓഫീസിലെയും പരിസരത്തെയും സിസിടിവി ഫുട്ടേജ് എൻഐഎ പരിശോധിക്കുന്നുണ്ട്. പൊലീസ് ആസ്ഥാനത്തെയും സമീപ പ്രദേശത്തെയും ഡിവിആർ വാസെ നശിപ്പിച്ചുവോ എന്നാണ് അന്വേഷിക്കുന്നത്. മിതി നദിയിൽ നിന്ന് കണ്ടെത്തിയ ലാപ് ടോപ്, പ്രിന്റർ, രണ്ടുഹാർഡ് ഡിസ്‌കുകൾ, പണ്ട് സിപിയു. രണ്ട് ഡിവിആർ എന്നിവ സൈബർ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മിതി നദിയിലേക്ക് എറിയും മുമ്പ് വാസെ ലാപ് ടോപ് നശിപ്പിച്ചതായാണ് റിപ്പോർട്ട്.

സച്ചിൻ വാസേ പ്രതിയായതെങ്ങനെ?

കേസിൽ ഒരു തുമ്പുമില്ലെന്ന് പറഞ്ഞെങ്കിലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നയിച്ച ആരോപണങ്ങളാണ് വഴിത്തിരിവായത്.സ്‌ഫോടക വസ്തുക്കളുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും കാർ അലങ്കാര ബിസിനസുകാരനുമായ താനെ സ്വദേശി മൻസുഖ് ഹിരനുമായി വാസെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ഫഡ്‌നാവിസിന്റെ ആരോപണം.

വാസെയും ഹിരനും തമ്മിലുള്ള ഫോൺ കോളുകളുടെ കോൾ ഡാറ്റാ റെക്കോർഡ് വിശദാംശങ്ങൾ ഫഡ്‌നാവിസ് നിയമസഭയിൽ വായിച്ചു. സ്‌കോർപിയോ വാഹനം അംബാനിയുടെ വസതിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിയ ആദ്യത്തെ വ്യക്തി വാസെയാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, ഇക്കാര്യം വാസെ നിഷേധിച്ചക്കുകയായിരുന്നു. ഫഡ്‌നാവിസ് ആരോപണങ്ങൾ ഉന്നയിച്ച അതേ ദിവസം തന്നെയാണ് ഹിരന്റെ മൃതദേഹം കൽവ ക്രീക്കിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഹിരന്റെ കൊലപാതകത്തിന് പിന്നിൽ വാസെ ആണെന്ന് ഭാര്യയും ആരോപിച്ചതോടെ പ്രതിരോധിക്കാനാവാതെ കുടുങ്ങി. ഫെബ്രുവരി 5 വരെ സ്‌കോർപിയോ വാസെയുടെ കൈയിലായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു.

മുംബൈ പൊലീസ് -രാഷ്ട്രീയ- അധോലോക ബന്ധം

മുംബൈയുടെ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ഗവർണർക്കും അയച്ച കത്താണ് രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയത്. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് സച്ചിൻ വാസെയോട് മുംബൈയിലെ ബാറുകളിൽ നിന്നും റസ്‌റ്റോറണ്ടുകളിൽ നിന്നും മറ്റുസ്ഥാപനങ്ങളിൽ നിന്നും 100 കോടി ശേഖരിക്കാൻ നിർദ്ദേശിച്ചുവെന്നായിരുന്നു കത്തിലെ ഉള്ളടക്കം. സ്വാഭാവികമായും പ്രതിപക്ഷമായ ബിജെപി ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ടു. ശരദ് പവാർ ദേശ്മുഖിനെ സംരക്ഷിക്കുന്ന നയവും. അതിനിടെ പവാർ അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളും പുറത്തുവന്നു. ശിവസേന മുഖപത്രമായ സാമ്‌നയിൽ ദേശ്മുഖിനെതിരെ വിമർശനങ്ങൾ വന്നു. എല്ലാം കൂടി മഹാവികാസ് അഗാഡി സർക്കാരിനെ ഉലയ്ക്കുന്ന അന്തരീക്ഷം. ബിജെപിയാകട്ടെ സർക്കാരിനെ മറിച്ചിടാൻ തർക്കം പാർത്തിരിക്കുന്നു.

രാഷ്ട്രീയക്കാർ ഏറ്റുമുട്ടൽ കൊലകളിലും, മറ്റും പരോക്ഷമായി പങ്കുവഹിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് മഹാരാഷ്ട്രയിൽ പയറ്റുന്നത്.അധോലോകം മേൽക്കൈ നേടുന്ന നിരവധി ഘട്ടങ്ങളിലൂടെ മുംബൈ കടന്നുപോയിട്ടുണ്ട്. ഏറ്റുമുട്ടൽ പൊലീസ് കടന്നുവന്നത് 90 കളിലായിരുന്നു. പിന്നീട് അധോലോകത്തെ അടിച്ചമർത്തിയപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസുകളായി. കൊലപാതക കുറ്റത്തിനും ഏറ്റുമുട്ടൽ കൊലകൾക്കും ഒക്കെ പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ശേഷം സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുമുണ്ട്. സച്ചിൻ വാസെ അത്തരം ഒരുകേസാണ്. സർവീസിൽ തിരിച്ചടി നേരിട്ട ശേഷവും രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിൽ സർവീസിൽ മടങ്ങി എത്തിയ ആളാണ് വാസെ.

ദുരുദ്ദേശ്യങ്ങളുള്ള സീനിയർ പൊലീസ് ഉദ്യോഗസ്ഥരുംം, രാഷ്ട്രീയക്കാരുമാണ് ജൂനിയർ പൊലീസ് ഓഫീസർമാരെ കയറൂരി വിടുന്നത്. ഒരുരാഷ്ട്രീയക്കാരൻ ബാറുകളിൽ നിന്ന് ഹഫ്ത പിരിക്കാൻ ആവശ്യപ്പെട്ടുവെന്ന പരംഭീറിന്റെ ആരോപണം ഇപ്പോൾ വിശ്വസിക്കാൻ പ്രയാസമില്ല. കാരണം, ദുബായ് കേന്ദ്രമാക്കിയുള്ള അധോലോകമല്ല മുംബൈ ഭരിക്കുന്നത്. രാഷ്ട്രീയക്കാരും പൊലീസും ചേർന്ന ഒരുപിടിച്ചുപറി അധോലോക മാഫിയയാണ് മുംബൈ ഭരിക്കുന്നത്. സച്ചിൻ വാസെയെ പോലെ കൂടുതൽ അധികാരങ്ങളുള്ളവരാണ് അത് ദുരുപയോഗിക്കുന്നത്. അത്തരക്കാരെ പുറത്താക്കിയാലും അവർ മടങ്ങി വരുമെന്നതാണ് ദുരന്തം.

ഘാട്കോപ്പർ സ്ഫോടനക്കേസിൽ പ്രതിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസിൽ 2004 മുതൽ സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെയെ 2020ൽ ഉദ്ധവ് സർക്കാർ തിരിച്ചെടുക്കുകയായിരുന്നു. ശിവസേനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് സസ്പെൻഷൻ പിൻവലിച്ചതും തിരിച്ചെടുത്തതുമെന്നാണ് ബിജെപി ആരോപണം.മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന ബഹുനില വസതിക്കു മുന്നിൽ ദുരൂഹസാഹചര്യത്തിൽ സ്‌ഫോടകവസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തിൽ കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. മുംബൈ പൊലീസിന്റെ അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടറാണ് വാസെ. മുംബൈയിലെ കുപ്രസിദ്ധ 'ഏറ്റമുട്ടൽ വിദഗ്ധരായ' പ്രദീപ് ശർമ, ദയാ നായിക് എന്നിവരുടെ സംഘത്തിൽ അംഗമായിരുന്നു. ആരോപണങ്ങളെ തുടർന്ന് പൊലീസ് സേന വിട്ട അദ്ദേഹം 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2020ലാണ് തിരിച്ചെത്തിയത്.

നീണ്ടകാലം സസ്‌പെൻഷനിലായിരുന്ന സച്ചിൻ വാസെ ഇക്കാലഘട്ടത്തിൽ ശിവസേനയിൽ അംഗത്വമെടുത്തിരുന്നു. ഘാട്‌കോപ്പർ സ്‌ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ഖാജാ യൂനുസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലാണ് സച്ചിൻ വാസെ സസ്‌പെൻഷനിലായത്. പിന്നീട് 2020 ജൂണിൽ അദ്ദേഹം സേനയിൽ തിരിച്ചെത്തി. ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും വാസെയെ സംരക്ഷിക്കുകയാണെന്ന ബിജെപി ആരോപണത്തിനു പിന്നാലെയാണ് ഇപ്പോൾ അന്വേഷണ സംഘത്തിൽ നിന്നു മാറ്റിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടിയുടെ മറവിലാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്.

സേനയിലേക്ക് തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിൽ, വാസെയെ മുംബൈക്രൈംബ്രാഞ്ചിലേക്ക് മാറ്റി സിഐയുവിന്റെ ചുമതല നൽകി. തുടർന്ന് വ്യാജ സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് കേസ് പോലുള്ള കേസുകൾ അന്വേഷിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥ പദവി പ്രകാരം താരതമ്യേന ജൂനിയറായിട്ടും പ്രമാദമായ ടെലിവിഷൻ റേറ്റിങ് പോയിന്റ് (ടിആർപി) അഴിമതി പോലെയുള്ള മുംബൈയിലെ സുപ്രധാന കേസുകൾ ഇദ്ദേഹമാണ് കൈകാര്യം ചെയ്തത്. അൻവേ നായിക് ആത്മഹത്യക്കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർനബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത ടീമിനെ നയിച്ചതും സച്ചിൻ വാസെയാണ്.