ഇന്ത്യയും കടന്ന് വിവിധ വിദേശ രാജ്യങ്ങളിൽ വരെ തരംഗമാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. ഇത്രത്തോളം ആരാധക സ്‌നേഹം ലഭിക്കുന്ന മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ ഇല്ലെന്ന് വേണം പറയാൻ. അതിന് ഒരു പ്രധാന കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ്. ഒരു താരമായി അദ്ദേഹം ഒരിക്കലും ആരോടും പെരുമാറാറില്ല എന്നതു തന്നെയാണ് അദ്ദേഹത്തെ ഇന്നും ആൾക്കാർ ആരാധിക്കുന്നതിന് പ്രധാന കാരണം. ബോളിവുഡിനെ പോലും അമ്പരിപ്പിക്കുന്ന രീതിയിൽ വൻ സിനിമകളുമായി കുതിക്കുന്ന താരത്തിന്റെ പിറന്നാൾ ആരാധകർ ഇന്ന് ആഘോഷമാക്കി.

അതിന് മാറ്റ് കൂട്ടി കാർത്തിക് സുബ്ബരാജ് ചിത്രം പേട്ടയുടെ ആദ്യ ടീസർ കൂടെ പുറത്ത് വന്നതോടെ സംഭവം ക്ലാസും മാസുമായി. ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നുമെല്ലാം പിറന്നാൾ ആശംസകൾ താരത്തിന് വന്നെങ്കിലും ആരാധകർ കൂടുതൽ ഏറ്റെടുത്തത് ഒരാളുടെ ആശംസ മാത്രമാണ്. അത് മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ തന്നെ.

സൂപ്പർസ്റ്റാറിനെ തലൈവാ എന്ന് അഭിസംബോധന ചെയ്താണ് സച്ചിൻ ആശംസ അറിയിച്ചത്. ഏറ്റവും മികച്ച വർഷം തന്നെ താങ്കൾക്ക് ഉണ്ടാകട്ടെയെന്നും ട്വിറ്ററിൽ മാസ്റ്റർ ബ്ലാസ്റ്റർ കുറിച്ചു. പ്രിയപ്പെട്ട സച്ചിന് നന്ദി എന്ന് ആശംസയ്ക്ക് മറുപടിയും രജനികാന്ത് നൽകി. അതേസമയം, ഇന്ന് പുറത്തിറങ്ങിയ പേട്ടയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

രണ്ടു ഗെറ്റപ്പിലാണ് രജനി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്. ചിത്രത്തിൽ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാർ, സിമ്രാൻ, തൃഷ, നവാസുദ്ദീൻ സിദ്ദിഖി, മണികണ്ഠൻ ആചാരി, മാളവിക തുടങ്ങിയവർ രജനിക്കൊപ്പം അണിനിരക്കും. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.