- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എഴുത്തുകാർക്ക് രാഷ്ട്രീയ ചായ്വ് ഉണ്ടാകാം, എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ല; ആരും ആരുടേയും ഔദാര്യം പറ്റുന്നില്ല, ശരിയെന്ന് തോന്നുന്നതിനോട് പ്രതികരിക്കും; കറുത്ത മാസ്ക് ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; സാംസ്കാരിക നായകരുടെ മൗനത്തെ വിമർശിച്ച പ്രതിപക്ഷ നേതാവിന് സച്ചിദാനന്ദന്റെ മറുപടി
കോഴിക്കോട്: കേരളത്തിലെ സാംസ്കാരിക നായകർ ചമയുന്നവർ പയ്യന്നൂരിലെ ഗാന്ധിപ്രതിമ തകർത്തതിന് എതിരെ ഇനിയും പ്രതികരിച്ചിട്ടില്ല. മറുവശത്ത് പു.ക.സ പോലുള്ള സംഘടനകൾ മുഖ്യമന്ത്രിക്ക് പുകഴ്ത്തുപാട്ടുമായി രംഗത്തുണ്ട് താനും. നിലപാടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച നടൻ ഹരീഷ് പേരടിയെ പോലുള്ളവർക്ക് വേദി നൽകാതെ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സാംസ്കാരിക നായകർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരുന്ന.
ഇതോടെ പ്രതികരണവുമായി സാഹിത്യ അക്കാദമി ചെയർമാൻ കൂടിയായ കവി സച്ചിദാനന്ദൻ രംഗത്തുവന്നു. എഴുത്തുകാർ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അവരെ അവരുടെ കാര്യങ്ങൾക്ക് വിടണം. പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ചായ്വുകൾ ഉണ്ടാകാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ആരും ആരുടേയും ഔദാര്യം പറ്റുന്നില്ല. ശരിയെന്ന് തോന്നുന്നതിനോട് പ്രതികരിക്കുമെന്നും സാഹിത്യ അക്കാദമി ചെയർമാൻ കൂടിയായ സച്ചിദാനന്ദൻ പറഞ്ഞു.
എഴുത്തുകാർ പ്രതികരിക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനാണ് സച്ചിദാനന്ദന്റെ മറുപടി. എല്ലാ പാർട്ടികളിലും സുഹൃത്തുക്കൾ ഉണ്ട്, എന്നാൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് അതിക്രമത്തെ അപലപിക്കുന്നുവെന്ന് സച്ചിദാനന്ദൻ പറഞ്ഞു. സർക്കാർ നിർദ്ദേശം പൂർണമായി പാലിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. എല്ലാ കാലങ്ങളിലും സർക്കാറിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങൾ പൊലീസ് ചെയ്യാറുണ്ട്.
യുഎപിഎ,അനാവശ്യ അറസ്റ്റുകൾ എന്നിവ ശരിയല്ല. കറുത്ത മാസ്ക് , വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഏതോ പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയിൽ ഉദിച്ചതാണ് നിയന്ത്രണങ്ങൾക്ക് പിന്നിലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
നേരത്തെ ഹരീഷ് പേരടിയെ ഒഴിവാക്കിയത് വിമർശനം അധിക്ഷേപമായി മാറിയതിനാലെന്ന് പറഞ്ഞാണ് പു.ക.സ വിശദീകരണവുമായി രംഗത്തുവന്നത്. വലതുപക്ഷത്തിനൊപ്പം നിൽക്കുന്ന തരത്തിൽ ഹരീഷ് പേരടി പെരുമാറുകയാണെന്നും പു.ക.സ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ അശ്ലീല ഭാഷയിലാണ് ഫേസ്ബുക്കിലൂടെ ഹരീഷ് പേരടി പ്രതികരിച്ചതെന്നും പു.ക.സ ആരോപിച്ചു. കറുത്ത മാസ്ക് വിഷയത്തിലടക്കം മുഖ്യമന്ത്രിയേയും സർക്കാരിനേയും പരിഹസിച്ച് ഹരീഷ് നടത്തിയ പ്രതികരണങ്ങളാണ് പു.ക.സയെ ചൊടിപ്പിച്ചത്.
എ. ശാന്തകുമാർ അനുസ്മരണത്തിൽ ഹരീഷ് പേരടിയായിരുന്നു ഉദ്ഘാടകൻ. കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കാനായി കോയമ്പത്തൂരിലെ സിനിമാ ലൊക്കേഷനിൽനിന്ന് അനുവാദം ചോദിച്ചു കോഴിക്കോട്ടേക്ക് വരുംവഴിയാണ്, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് സംഘാടകർ ഹരീഷിനെ അറിയിച്ചത്. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ തുടർച്ചയായി പോസ്റ്റ് ഇട്ടിരുന്നു.
മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കറുത്ത മാസ്ക് ധരിച്ച ഫോട്ടോയും ഹരീഷ് പങ്കുവെച്ചിരുന്നു. രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്ക്കും ധരിക്കുക...ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റിനു നേരെയുള്ള പ്രതിഷേധമാണ് എന്ന കുറിപ്പോടെയായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ ഹരീഷിനെതിരെ സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ