തിരുവനന്തപുരം: അഴിമതിക്കാരെ ജയിലിടച്ച പാരമ്പര്യമാണ് ഗവർണ്ണർ പി സദാശിവത്തിന് ഉള്ളത്. നിയമവും നന്നായി അറിയാം. അതുകൊണ്ട് തന്നെ കേരളത്തിലെ ദേശീയ ഗെയിംസുമായി സഹകരിക്കേണ്ടെന്ന നിലപാടാണ് ഗവർണ്ണർക്കുള്ളത്.

സംസ്ഥാന സർക്കാരിനെ അതൃപ്തിയും അറിയിക്കും. കേന്ദ്ര സർക്കാരിന്റെ ഇടപെടലോടെ ഗെയിംസിനെ മെച്ചപ്പെടുത്താനുള്ള സാധ്യതയും പി സദാശിവം തേടുന്നുണ്ട്. ഗവർണ്ണറെന്ന അധികാരമുപയോഗിച്ച് പരമാവധി ഇടപെടലുകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന. രാഷ്ട്രപതി പ്രണാബ് മുഖർജിയുമായും ആശയവിനിമയം നടത്താൻ ഇടയുണ്ട്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയേയും സമാപനത്തിന് രാഷ്ട്രപതിയേയും ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.

നിലവിൽ രാജ്ഭവൻ നൽകുന്ന സൂചന അനുസിച്ച് ദേശീയ ഗെയിംസുമായി സഹകരിക്കാൻ ഗവർണ്ണർ തയ്യാറാകില്ല. എന്നാൽ സമാപന ചടങ്ങിന് രാഷ്ട്രപതി എത്തിയാൽ പ്രോട്ടോകോൾ പ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ടി വരും. പ്രധാനമന്ത്രി എത്തിയാലും ഈ സാഹചര്യമുണ്ട്. അല്ലാത്ത പക്ഷം ദേശീയ ഗെയിംസ് വേദികളിലൊന്നും സദാശിവം എത്തില്ല. കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഗെയിംസ് സംഘാടനത്തിലെ കള്ളക്കളികൾ കണ്ടെത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനും ഇടയുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാട് മനസ്സിലാക്കി മാത്രമേ അന്തിമ തീരുമാനം എടുക്കൂ.

അതൃപ്തി അറിയിച്ച് തന്നെയാണ് ഇന്നലെ ദേശീയ ഗെയിംസിന്റെ സിഗ്‌നേച്ചർ ഫിലിം പ്രകാശനം ഗവർണർ ഒഴിവാക്കിയത്. സദാശിവം പങ്കെടുക്കാത്തതിനെ തുടർന്ന് പരിപാടി നടന്നില്ല. ഇന്നലെ വൈകിട്ട് നാലിന് രാജ്ഭവൻ ഹാളിലായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. ഗവർണറുടെ മുൻകൂട്ടിയുള്ള അനുമതിയോടെ നിശ്ചയിച്ച പ്രോഗ്രാം പെട്ടെന്ന് മാറ്റിയത് പരിപാടിക്ക് രണ്ടു മണിക്കൂർ മുമ്പ് മാത്രമാണ്. പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർ പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് രാജ്ഭവൻ വിശദീകരണം.

എന്നാൽ ഗെയിംസ് മുന്നൊരുക്കങ്ങളിലെ വിവാദങ്ങളിലുള്ള അതൃപ്തിയാണ് ഗവർണറെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം. തീം സോംഗ് പ്രകാശനം ഇന്നാണ്. ഇതിലും ഗവർണർ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയാണ് പ്രകാശനം ചെയ്യുന്നത്. ദേശീയ ഗെയിംസിനെതിരെ കടുത്ത നടപടികൽ വേണമെന്ന് സർക്കാരിനോട് ഗവർണ്ണർ ആവശ്യപ്പെട്ടേയ്ക്കും. ദേശീയ ഗെയിംസ് പടിവാതിക്കൽ എത്തിയതിനാൽ ക്രിയാത്മക ഇടപെടലിന് സാധ്യതയില്ലെന്നും ഗവർണ്ണർക്ക് അറിയാം. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ബഹിഷ്‌കരണത്തിൽ ഒരുങ്ങിയത്.

ഗവർണ്ണർ വിട്ടുനിൽക്കുന്നതോടെ ഗെയിംസിൽ പ്രധാനമന്ത്രി എത്താനുള്ള സാധ്യതയും അടയും. കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഈ സ്റ്റേഡിയത്തിന്റെ പണി എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സുരക്ഷാ പരിശോധനകൾ നാഷണൽ സെക്യൂരിറ്റി ഗാർഡിന് തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ മോദി കേരളത്തിൽ വരില്ലെന്നാണ് സൂചന. ഗവർണ്ണർ കൂടി വിട്ടുനിൽക്കുമ്പോൾ അതിനുള്ള സാധ്യതയും കൂടും.

സമാപന ചടങ്ങിൽ രാഷ്ട്രപതിയും വരില്ലെന്നാണ് അറിയുന്നത്. ആൻജിയോപ്ലാസ്റ്റി നടന്ന ശേഷം വിശ്രമത്തിലാണ് പ്രണാബ് മുഖർജി. മോദിയും രാഷ്ട്രപതിയും എത്തിയില്ലെങ്കിൽ ഗെയിംസിന്റെ മോടി കുറയുമെന്ന് ഉറപ്പാണ്.