കൊച്ചി: മോഡലിങ്, സിനിമ, സീരിയൽ തുടങ്ങിയ മേഖലകളിൽ തന്റെതായ കയ്യൊപ്പ് പതിപ്പിച്ച താരമാണ് സാധികാ വേണുഗോപാൽ. അവതാരകയായും പരസ്യചിത്രങ്ങളിലൂടെയും ടെലിവിഷൻ രംഗത്തെത്തിയ സാധിക സ്റ്റാർ മാജിക്കിലൂടെയാണ് കുടുംബപ്രേക്ഷകർക്ക് സുപരിചിതയായത്. സാധികയുടെ ഫോട്ടോഷൂട്ടുകളും സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. അതിനെതിരെ പൊങ്കാലയുമായി ഒരു വിഭാഗം എത്തിയതും ചർച്ചാവിഷയമായി. സമകാലിക വിഷയങ്ങളെ പറ്റിയും തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടികാണിക്കാത്ത സാധിക സിനിമാത്തെക്കിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തന്റെ ആശയം കമ്യൂണിമാണെന്നും എന്നാൽ കേരളത്തിലെ ഓക്സിജൻ ക്ഷാമത്തെ പറ്റി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് ചിലർ തന്നെ സംഘി എന്ന ലേബലിലാക്കിയെന്നും സാധിക പറയുന്നു. ഓക്സിജൻ പ്രശ്നമുണ്ടായപ്പോൾ കേരളമെന്ന പേര് ഉച്ഛരിച്ചാൽ അത് സർക്കാരിനെതിരാണെന്നാണ് അവർ പറയുന്നത്. കമ്യൂണിസമെന്ന ആശയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയാണെന്നോ എൽഡിഎഫ് ആണെന്നോ അല്ല അതിനർത്ഥം. എല്ലാ കലാകാരന്മാരും അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് കലയുടെ അടിസ്ഥാനം. അതാണ് എന്റെ ആശയവും. ഏതൊരാൾ നല്ലത് ചെയ്താലും അതിനെ പ്രോൽസാഹിപ്പിക്കും. അവിടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യമില്ല. അതേസമയം ആര് തെറ്റ് ചെയ്താലും രാഷ്ട്രീയഭേദമന്യേ അത് ചൂണ്ടിക്കാണിക്കുകയും വേണം.

സർക്കാരിന്റെ ജാഗ്രത ആപ്പിൽ കയറി അതിൽ ഐസിയു ബെഡ് ഉണ്ടെന്ന് കാണിക്കുന്ന ആശുപത്രികളിൽ വിളിച്ചപ്പോൾ അവിടെ ബെഡ് ഇല്ലെന്ന അറിയിപ്പാണ് കിട്ടിയത്. സർക്കാർ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസമാണ് അവിടെ തകരുന്നത്. ഇത്തരം പ്രശ്നങ്ങൾ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ആദ്യം ഉണ്ടായത്. അന്ന് അതിനെ വിമർശിച്ച് ഞാൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതുകഴിഞ്ഞ കേരളത്തിലും ആ അവസ്ഥ വന്നപ്പോഴാണ് എല്ലായിടത്തും ഒരുപോലെയാണെന്ന് എനിക്ക് മനസിലായത്. അതൊക്കെ ഞാൻ നേരിട്ടനുഭവിച്ച കാര്യങ്ങളാണ്. ഒരാഴ്‌ച്ചയ്ക്കിടെ ഞങ്ങളുടെ പരിചയക്കാരും ബന്ധുക്കളുമായ പത്തിരുപതുപേർ മരിച്ചിരുന്നു. എന്നാൽ സർക്കാർ കണക്കിൽ അവരാരുമില്ല. ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്ന സാധാരണ മനുഷ്യരാണ് പ്രതികരിക്കുന്നത്. എന്നാൽ ഒരു വിഭാഗം ആളുകൾ കരുതുന്നത് അവർ മാത്രമാണ് സാധാരണക്കാരെന്നാണ്. നമ്മളെ മറ്റേതോ സ്പീഷ്യസ് ആയാണ് അവർ കാണുന്നത്.

സാമൂഹ്യമാധ്യങ്ങളിൽ പല മനുഷ്യർക്കും രണ്ട് നിലപാടാണെന്നാണ് സാധിക സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പറയുന്നത്. സ്ത്രീധന പീഡനത്താൽ ആത്മഹത്യ ചെയ്യേണ്ടിവന്ന വിസ്മയയുടെ വിഷയം സാധിക ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിരവധിപേർ പിന്തുണയുമായി എത്തിയിരുന്നു. ഇത്രയും വൃത്തികെട്ടവനായ ഒരുവനൊപ്പം എന്തിന് ജീവിച്ചു, ഇറങ്ങിപ്പൊയ്ക്കൂടായിരുന്നോ എന്നൊക്കെ ചോദിച്ച് ഒരുപാട് പേർ കമൻിടുകയും ചെയ്തു. അതേ ആൾക്കാർ തന്നെ തന്റെ ഡിവോഴ്സ് സംബന്ധിച്ച വാർത്തയുടെ ലിങ്കിന് താഴെ വന്ന് മോശം ഭാഷയിൽ പ്രതികരിച്ചെന്നും താരം പറയുന്നു.

പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും കെആർഎ എന്ന എൻജിഒയുടെ ഭാഗമായി സാധിക സജീവമായിരുന്നു. അന്ന് രക്ഷപ്പെട്ട ആളുകളുടെ പ്രാർത്ഥനയുടെ ഫലമായാണ് ഈ കോവിഡ് കാലത്ത് താനും കുടുംബവും പ്രശ്നങ്ങളൊന്നും കൂടാതിരിക്കുന്നതെന്ന് സാധിക പറയുന്നു. അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തങ്ങളോടൊപ്പം സഹകരിച്ച നിരവധിപേരുണ്ട്. പ്രത്യേകിച്ച് ചില ആർമി, നേവി ഉദ്യോഗസ്ഥർ. അവരുടെ സഹായത്തോടെയാണ് നിരവധിപേരെ രക്ഷിക്കാൻ സാധിച്ചത്. അതൊന്നും ഒരിക്കലും പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല. ആളുകളെ സഹായിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി തന്നെയാണ് പ്രധാനം. ആ കൂട്ടായ്മ ഇന്നും നിലനിൽക്കുന്നുണ്ട്. ഈ കോവിഡ് സമയത്തും ഓക്സിജൻ ബെഡിന്റെ ക്ഷാമം ഉണ്ടായപ്പോൾ അതിൽ ഇടപെട്ട് സഹായിക്കാൻ സാധിച്ചെന്നും സാധിക കൂട്ടിച്ചേർത്തു.

ഫോട്ടോഷൂട്ട് ഫോട്ടോകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളെ പറ്റിയും അതിനടിയിലെ മോശം കമന്റുകളെ പറ്റിയും സാധിക പറയുന്നതിങ്ങനെ:- 'ശാരീരിക പീഡനങ്ങളെക്കാൾ വേദനയുണ്ടാക്കുന്നത് മാനസിക പീഡനങ്ങളാണ്. മാനസിക പീഡനങ്ങളുടെ വേദന മരണം വരെയുണ്ടാകും. എന്നാൽ ശാരീരത്തിലുണ്ടാകുന്ന വേദന മുറിവുണങ്ങുമ്പോൾ മാറും. അവർക്ക് പോലും പിന്നീട് ഉണ്ടാകുന്നത് ആ സന്ദർഭത്തെ കുറിച്ചുള്ള മെന്റൽ ട്രോമയാണ്. പീഡനവാർത്തകളുടെ കീഴിൽ വൈകാരികമായി പ്രതികരിക്കുന്നവർ ഇതുകൂടി മനസിലാക്കണം. എന്റെ ഫോട്ടോഷൂട്ടുകളുടെ താഴെ നോക്കിയാൽ അച്ഛനെയും അമ്മയേയും കുടുംബക്കാരെയുമൊക്കെ തെറി വിളിക്കുന്ന കമന്റുകൾ കാണാം. ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും വീഡിയോകളും കാണാൻ അവരെ ആരെയും ക്ഷണിച്ചതല്ലല്ലോ. അവർക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അവർ കാണുന്നില്ല എന്ന് തീരുമാനിച്ചാൽ പോരെ. ഞാൻ എന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കയറി കണ്ടിട്ട് അതിൽ തെറിവിളിക്കാൻ അവർക്ക് എന്തവകാശം.

മറ്റ് ചിലർ ആ ചിത്രങ്ങളെടുത്ത് അവരുടെ ചാനലുകളുടെയും പേജുകളുടെയും റീച്ച് കൂട്ടാൻ ഉപയോഗിക്കുന്നുണ്ട്. യൂട്യൂബിലെ വീഡിയോകളിൽ 'സാധികയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്', 'സാധിക ചെയ്തത് എന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും' എന്നൊക്കെയാണ് ടെറ്റിലുകൾ.' ഇന്റെർനെറ്റിൽ തന്നെപറ്റി സ്വയം സെർച്ച് ചെയ്ത് നോക്കാറുണ്ട്. സാധികാ വേണുഗോപാൽ ഹോട്ട് എന്നൊക്കെ സെർച്ച് ചെയ്താലെ പുതിയ പോസ്റ്റുകൾ കിട്ടുകയുള്ളുവെന്നും സാധിക പറയുന്നു.

ഫോട്ടോഷൂട്ട് എന്റെ പ്രൊഫഷന്റെ ഭാഗമാണ്. പക്ക ഫാഷൻ കൺസപ്റ്റ് കേരളത്തിൽ ഇതുവരെ വന്നിട്ടില്ല. ഫാഷൻ കൺസപ്റ്റിൽ നഗ്‌നത എന്നത് ഒരു ഫാഷൻ ആർട്ട് മാത്രമാണ്. ഇവിടെയുള്ളവർ ഇപ്പോഴും 'സമൂഹം എന്ത് വിചാരിക്കും' എന്ന് മാത്രം വിചാരിച്ച് നടക്കുന്നവരാണെന്നും സാധികാ വേണുഗോപാൽ പറഞ്ഞു.