മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സാധിക വേണുഗോപാൽ. സീരിയലിലും കുക്കറി ഷോയിലും മറ്റ് പരിപാടികളിലുമൊക്കെയായി തിളങ്ങുന്ന താരം സോഷ്യൽ മീഡിയയിലും ആക്ടീവാണ്. അതുകൊണ്ട് തന്നെ 
തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുള്ള നടിയാണ്. സോഷ്യൽ മീഡിയയിലും മറ്റും തനിക്കെതിരെ അശ്ലീല കമന്റുമായി വരുന്ന ഞരമ്പ് രോഗികൾക്ക് ചുട്ട മറുപടി നൽകാറുമുണ്ട് അവർ. ഇപ്പോളിതാ എന്തു കൊണ്ടാണ് ഗ്ലാമർ രംഗങ്ങളിൽ അഭിനയിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് സാധിക.

'ചില ഹ്രസ്വചിത്രങ്ങളിൽ ഗ്ലാമർ രംഗങ്ങളിൽ അഭിനയിച്ചിരുന്നു. അതിനെ കുറിച്ച് പലരും എന്നോട് ചോദിക്കാറുമുണ്ട്. അവരോടൊക്കെ എനിക്ക് ഒന്നേ പറയുവാനുള്ളു. ഓൺസ്‌ക്രീനിൽ ഗ്ലാമർ രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാൻ ലജ്ജിക്കുന്നവർ ഓഫ് സ്‌ക്രീനിൽ എന്തു വൃത്തികേട് ചെയ്യാനും തയ്യാറാണ്. ഞാൻ ഓൺസ്‌ക്രീനിൽ 'അഡ്ജസ്റ്റ്മെന്റ്സ്' ചെയ്യാൻ തയ്യാറാണ്. എന്നാൽ ഓഫ് സ്‌ക്രീനിൽ ഇല്ല.'സാധിക വ്യക്തമാക്കി.

നേരത്തെ, ഫേസ്‌ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചു തരുന്നുണ്ടെന്നും ഇതിനിയും തുടർന്നാൽ താൻ കടുത്ത നടപടി സ്വീകരിക്കുമെന്നും സാധിക വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ എളുപ്പത്തിൽ വീഴ്‌ത്താമെന്നും അവർ പ്രതികരിക്കില്ലെന്നുമാണ് പലരുടെയും ധാരണ. അത്തരക്കാരാണ് ഇത്തരത്തിലുള്ള പ്രവൃത്തിക്ക് മുന്നിട്ടിറങ്ങുന്നതെന്നാണ് സാധിക പറയുന്നത്.

കരിയറിനെക്കുറിച്ച് ഓർത്താണ് പലരും പ്രതികരിക്കാൻ ഭയപ്പെടുന്നത്. രൂക്ഷമായി പ്രതികരിക്കുന്നവരെ പിന്നീട് മാറ്റിനിർത്താറുണ്ട്. എന്നാൽ അത്തരത്തിലൊരു ദുരനുഭവത്തിലൂടെയും കടന്നുപോകേണ്ടി വന്നിട്ടില്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തിൽ നോ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നും സാധിക പറയുന്നു.