മലപ്പുറം: സംഘടനകളുടെ പേരിൽ അക്രമങ്ങൾ നടത്തി സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാതെ പോവരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. അക്രമികൾക്ക് പിന്നിൽ കക്ഷി ചേരാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം ഇങ്ങനെ:

'നന്മയുടെ കേരളം കൈവിട്ട് പോകാതിരിക്കാൻ ഒരുമിച്ച് നിൽക്കുക. കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾ നിരത്തിവെക്കലല്ല, സാംസ്‌കാരിക ഔന്നിത്യമുള്ള രാഷ്ട്രീയ കേരളത്തെ തിരിച്ചു പിടിക്കലാണ് അനിവാര്യം'പാലക്കാട് ജില്ലയിൽ ഇന്നലെയും ഇന്നുമായി നടന്ന അക്രമങ്ങളിൽ രണ്ടു മനുഷ്യ ജീവനാണ് നഷ്ടമായത്. അക്രമങ്ങൾക്കെതിരെ പഴുതടച്ച നിയമ നടപടികളുണ്ടാവുകയും ക്രിമിനലുകളെ സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ് പ്രതിവിധി.സംഘടനകളുടെ പേരിൽ അക്രമങ്ങൾ നടത്തി സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാതെ പോവരുത്.

പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുകയും ജനങ്ങൾ പൊലീസിനു പിന്തുണ നൽകുകയുമാണ് ഇപ്പോൾ വേണ്ടത്.അക്രമികൾക്കു പിന്നിൽ കക്ഷി ചേരാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്.അക്രമികൾ ഒരു സമുദായത്തേയും മുന്നോട്ട് നയിച്ചിട്ടില്ല.ഒരു സമുദായത്തിനും ക്രിമിനലുകളെ ആവശ്യവുമില്ല.നാടിന്റേയും സമുദായങ്ങളുടേയും പുരോഗതിയെ പിറകോട്ട് വലിച്ച ചരിത്രമാണ് അക്രമങ്ങളും വർഗീയതയും നടത്തുന്നവർ ബാക്കിയാക്കിയത്.

കോവിഡ് മഹാമാരിക്ക് ആശ്വാസം വന്ന ഈ ഘട്ടത്തിൽ ലോകം മുഴുവൻ വിദ്യാഭ്യാസത്തിന്റേയും വികസനത്തിന്റേയും പുതിയ വാതായനങ്ങൾ തുറക്കുകയും ലോക ജനതയെ തങ്ങളുടെ രാജ്യങ്ങളിലേക്ക് ആകർഷിക്കാൻ വൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്ത ഈ കാലത്ത് ഇന്ത്യയിലെ പല ഭാഗത്തും സാമുദായിക വേർതിരിവുണ്ടാക്കി മനുഷ്യരെ അകറ്റി നിർത്തുകയും നാടിന്റെ സ്വാസ്ഥ്യം തകർത്ത് ഭയപ്പാടുണ്ടാക്കി രാജ്യത്തിന്റെ ഉന്നതമായ പാരമ്പര്യത്തിന് കോട്ടം വരുത്തുകയും ചെയ്യുന്ന ദയനീയ കാഴ്‌ച്ചകളാണ് കാണുന്നത്.

മനുഷ്യർ ചേർന്നു നിൽക്കേണ്ട ആഘോഷ സന്ദർഭങ്ങളിൽ പോലും അക്രമങ്ങൾ നടത്തി മനുഷ്യരെ വിഭജിക്കാൻ ശ്രമിക്കുന്ന ദുരന്ത കാഴ്‌ച്ചകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.ഈ സന്ദർഭത്തിൽസാക്ഷരതയിലും സാംസ്‌കാരിക തലത്തിലും ഏറെ മുന്നിൽ നിൽക്കുന്ന കേരളം അത്തരം അക്രമങ്ങൾക്കെതിരെ ഉണർന്നിരിക്കേണ്ടതിനു പകരം ദുരന്തങ്ങളോടൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുന്നത് അപലപനീയവും ദുഃഖകരവുമാണ്.

അക്രമങ്ങൾക്കെതിരെയും സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേയും സമൂഹം ജാഗ്രത പാലിക്കുകയും ബോധവൽക്കരണം നടത്തുകയും വേണം.നന്മയുടെ കേരളം കൈവിട്ട് പോകാതിരിക്കാൻ ഒരുമിച്ചു നിൽക്കുക.കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ നിരത്തിവെക്കലല്ല, സാംസ്‌കാരിക ഔന്നിത്യമുള്ള രാഷ്ട്രിയ കേരളത്തെ തിരിച്ചു പിടിക്കലാണ് അനിവാര്യം'.