- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടു; ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല ലേഖനം; ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്നേഹവുമാണ് പാണക്കാട് കുടുംബത്തിന്; ക്രൈസ്തവരുടെ ആവശ്യങ്ങൾ യുഡിഎഫ് അനുഭാവപൂർവ്വം പരിഗണിക്കും; വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് പിന്നാലെ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് സമസ്താപരാധങ്ങളും ഏറ്റു പറയുകയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ചന്ദ്രികയിൽ വന്ന ഹാഗിയ സോഫിയ ലേഖന വിവാദത്തിലാണ് തങ്ങൾ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല ലേഖനം. ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്നേഹവുമാണ് പാണക്കാട് കുടുംബത്തിന്. ക്രൈസ്തവരുടെ ആവശ്യങ്ങൾ യുഡിഎഫ് അനുഭാവപൂർവ്വം പരിഗണിക്കുമെന്നും തങ്ങൾ പറഞ്ഞു. മലപ്പുറം ടൗണിൽ ക്രിസ്ത്യൻ പള്ളി പണിയാനുള്ള തടസം പരിഹരിച്ചത് തന്റെ പിതാവാണെന്നും ക്രൈസ്തവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും പരിഹരിക്കാനും യുഡിഎഫ് പ്രതിജ്ഞാബദ്ധമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
1500 വർഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയമല്ലെന്ന് കോടതിവിധി വന്നതിന് തൊട്ടുപിന്നാലെയാണ് അത് മുസ്ലിം പള്ളിയാക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗാൻ പ്രഖ്യാപിച്ചത്. ഓർത്തഡോക്സ് ക്രിസ്ത്യൻ കത്രീഡലായിരുന്ന ഹാഗിയ സോഫിയ 1453 -ലെ ഓട്ടോമൻ ഭരണകാലത്ത് മുസ്ലിം പള്ളിയാക്കി. പിന്നീട് 1934ൽ പള്ളി മ്യൂസിയമാക്കി മാറ്റി. കോടതി വിധിയെ തുടർന്ന് വീണ്ടും മുസ്ലിം പള്ളിയാക്കി തുർക്കി സർക്കാർ മാറ്റുകയായിരുന്നു. ഇത് വീണ്ടും പള്ളിയാക്കിയതിൽ എതിർപ്പുകൾ പല ഭാഗത്തുനിന്നും ഉയർന്നിരുന്നു.
ഈ വിഷയത്തിൽ സാദിഖലി എഴുതിയ ലേഖനം തുർക്കിയിലെ ഇസ്ലാമികവാദി ഭരണത്തെ പ്രകീർത്തിച്ചുള്ള ലേഖനം ജമാഅത്തെ ഇസ്ലാമിയുടെ ആശയധാര മുന്നോട്ടുവയ്ക്കുന്നതാണെന്ന വിമർശനമായിരുന്നു ഉയർന്നത്. 'അയാ സോഫിയയിലെ ജുമു അ' എന്ന ലേഖനം മതമൗലികവാദിയായ തുർക്കി പ്രധാനമന്ത്രി എർദോഗനെ പിന്തുണയ്ക്കുന്നതായിരുന്നു. വ്യാജ സെക്കുലറുകൾ എന്നാണ് എതിർക്കുന്നവരെ ലീഗ് നേതാവ് വിശേഷിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമി നിരന്തരം പ്രചരിപ്പിക്കുന്ന യൂറോപ്പിലെ ക്രൈസ്തവസഭകൾക്കെതിരായ വാദങ്ങളാണ് ലേഖനത്തിലുടനീളമുണ്ടായിരുന്നത്.
ഞങ്ങൾ ഇനിമേൽ സെക്കുലറല്ല എന്ന് ലോകത്തോട് വിളിച്ചുപറയുന്നതാണ് ഹാഗിയ സോഫിയ പള്ളിയാക്കിയ ഇസ്ലാമിക ഭരണ തീരുമാനമെന്ന് നൊബേൽ സമ്മാന ജേതാവ് ഓർഹാൻ പാമുക്ക് അഭിപ്രായപ്പെട്ടിരുന്നു. വിവിധ ക്രൈസ്തവസഭാ നേതൃത്വങ്ങളും ഇതിൽ പ്രതിഷേധിച്ചിരുന്നു. യുനസ്കോ പൈതൃക പട്ടികയിലുള്ള മന്ദിരം പള്ളിയാക്കിയതിനെ തുർക്കി കമ്യൂണിസ്റ്റ് പാർട്ടിയും ലോകമാകെയുള്ള മതനിരപേക്ഷ സമൂഹവും അപലപിച്ചതാണ്. ചന്ദ്രിക ലേഖനം വിവാദമായപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് കോൺഗ്രസിനും യുഡിഎഫിനും ഉണ്ടായത്. ക്രൈസ്തവ മേഖലയിലായിരുന്നു ഇതിന്റെ പ്രതികരണങ്ങൾ കൂടുതലും ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ