- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ നാല് കാർ അക്സസറീസ് കടകൾ ഉണ്ടായിരുന്നപ്പോൾ ഒട്ടേറെ പേർക്ക് പുതുജീവിതം നൽകി; കടംകയറി മുടിഞ്ഞപ്പോൾ ജയിൽ വാസവും പിന്നെ രോഗ ദുരിതവും; എല്ലാം വിറ്റിട്ടും ബാധ്യത തീർന്നില്ല; നാട്ടിലേക്ക് മടങ്ങാനാവാതെ ഏഴു കൊല്ലം; ഒടുവിൽ സുമനസ്സുകൾ ഒരുമിച്ചു; പാലക്കാട്ടുകാരൻ സഫറുള്ള വീട്ടിൽ തിരിച്ചെത്തുമ്പോൾ
തിരുവനന്തപുരം: പതിനൊന്ന് വർഷം നീണ്ട പ്രവാസജീവിതം. ദുബായിൽ സ്വന്തമായി നാല് കാർ അക്സസറീസ് ഷോപ്പ്. പ്രവാസജീവിതം സ്വപ്നം കണ്ട ഒട്ടേറെ പേർക്ക് പുതുജീവിത്തിന് വഴിതുറന്ന വ്യക്തി. നല്ലരീതിയിൽ നടന്ന സ്ഥാപനം കടക്കെണിയിൽ പെട്ടതോടെ എല്ലാം നഷ്ടപ്പെട്ടു. പിന്നെ കേസും കോടതിയും. ഒടുവിൽ രണ്ട് വർഷത്തെ ജയിൽ ജീവിതവും.
കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ടതോടെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥ. സ്വന്തം വാപ്പ മരിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനായില്ല.പാണ്ടിക്കാട്ടുകാരനായ ഫൈസൽ എന്ന യുവാവ് ഫ്ലാറ്റുകളിൽ തങ്ങുന്നവർക്കായി എത്തിച്ചുനൽകുന്ന ഭക്ഷണത്തിന്റെ ഒരുവിഹിതം നൽകിയതും കഴിച്ച് തീർത്തും ഒറ്റപ്പെട്ട ജീവിതം.
നാട്ടിലുള്ളത് വിറ്റിട്ടും കടംതീരാതെവന്നതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ദുബായിൽ ഏഴ് വർഷമായി ദുരിത ജീവിതം തുടർന്ന പാലക്കാട് തെരുവത്തപ്പടി സ്വദേശിയായ സഫറുള്ളയെ തിരികെ നാട്ടിലെത്തിച്ചത് ഫിറോസ് കുന്നുംപറമ്പിലിന്റെയും സുഹൃത്തുക്കളുടേയും ഇടപെടൽ. താമസിക്കാൻ വീടില്ലാതെ സഫറുള്ളയുടെ ദുരിതജീവിതം സംബന്ധിച്ച് വീഡിയോ ഫിറോസ് കുന്നുംമ്പറമ്പിലിൽ പുറത്തുവിട്ടതോടെയാണ് ഈ ദുരിതം പുറംലോകമറിഞ്ഞത്.
ഒരു സിന്ധിക്കാരന്റെ ദയാവായ്പിൽ അയാളുടെ റൂമിന്റെ മൂലയിലാണ് സഫറുള്ള ഇക്കാലമത്രയും കഴിച്ചുകൂട്ടിയത്. ജയിൽ ജീവിതത്തിന് പിന്നാലെ രോഗവും പിടിപെട്ടതോടെ ഒറ്റയ്ക്ക് പ്രാഥമിക ആവശ്യം പോലും നിറവേറ്റാനാവാത്ത അവസ്ഥ. രോഗം മൂർച്ഛിച്ചതോടെ ശ്വസിക്കാൻ പോലുമാവാതെ വന്നതോടെ ഓക്സിജൻ സിലണ്ടറിന്റ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്
നാട്ടിലേക്ക് മടങ്ങാനാകാതെ ദുബായിൽ ദുരിതജീവിതം നയിക്കുന്ന സഫറുള്ളയെപ്പറ്റി നാട്ടിലുള്ള ഭാര്യയും മക്കളും നേരിട്ട് വന്ന് കണ്ട് പറഞ്ഞതോടെയാണ് ഫിറോസ് കുന്നുംപറമ്പിൽ ഇടപെട്ടത്. പ്രവാസികളായ സുഹൃത്തുക്കളുടെ സഹായത്തോടെ ശേഷിക്കുന്ന കടം കൊടുത്തുതീർക്കാൻ ഏർപ്പാട് ചെയ്തതോടെയാണ് സഫറുള്ളയുടെ നാട്ടിലേക്കുള്ളു മടക്കം യാഥാർത്ഥ്യമായത്.
അബുദാബിയിലുള്ള സുഹൃത്ത് നൗഫല് മുഖേന കോടതിയിലെ കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമം വിജയിച്ചു. ഒരു ബംഗ്ലാദേശിക്ക് കൊടുക്കേണ്ട 16000 ദിർഹത്തിലേറെ തുക അബുദാബിയിൽ സ്റ്റീൽ കമ്പനിയിൽ പ്രവർത്തിക്കുന്ന ആലത്തൂർ സ്വദേശിയായ നൗഫൽ കോടതിയിൽ അടച്ചു. ഒരു ഫിലിപ്പിയൻകാരന് നൽകേണ്ടിയിരുന്ന 47000 ദിർഹം കൊടുത്തുതീർക്കാനും ഇവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധ്യമായി.
ഇതോടെയാണ് സഫറുള്ളയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. നാട്ടിലേക്ക് മടങ്ങാനുള്ള രേഖകൾ തയ്യാറാക്കാനടക്കം മുന്നിട്ട് നിന്ന നിസാർ പട്ടാമ്പി തന്നെ സഫറുള്ളയെ നാട്ടിലെത്തിച്ചു. നാട്ടിലെത്തിയതിന്റെ ആശ്വാസമുണ്ടെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ വിദഗ്ദ്ധ ചികിത്സ തുടരേണ്ട സാഹചര്യത്തിലാണ് സഫറുള്ള നിലവിൽ.
മറുനാടന് മലയാളി ബ്യൂറോ