- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദഗോപൻ എന്ന നൃത്താദ്ധ്യാപകനെ അതുല്യമാക്കിയ നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാൽ; ആ ആത്മസമർപ്പണത്തിന്, ധീരതയ്ക്ക് ഇന്നേയ്ക്ക് മുപ്പത് വയസ്; സംഗീത നൃത്ത പ്രണയലഹരിയിൽ കമലദളത്തിന്റെ മുപ്പത് വർഷങ്ങൾ
സിനിമയിൽ പ്രത്യേകതകൾ/വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടീനടന്മാർ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്,അതിൽ പലരും വിജയിക്കാറുമുണ്ട്,പരാജയപ്പെടാറുമുണ്ട്..
മലയാള സിനിമ ചരിത്രത്തിൽ ഒരു നടൻ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി അല്ലെങ്കിൽ ഏറ്റവും ധീരമായ ചുവട് വെയ്‌പ്പ് ഏതെന്ന് ചോദിച്ചാൽ അതിന് ഉത്തരം കമലദളത്തിലെ നന്ദഗോപനെ അവതരിപ്പിച്ച മോഹൻലാൽ ആണെന്ന് നിസംശയം പറയാം.
ശാസ്ത്രീയ നൃത്തത്തിന്റെ ബാലപാഠങ്ങൾ ഒന്നും തന്നെ അറിയാത്ത,ഒരു നർത്തകന്റെ ശരീര ലക്ഷണങ്ങൾ ഒന്നുമില്ലാത്ത മോഹൻലാലാണ് കമലദളത്തിൽ നൃത്താദ്ധ്യാപകന്റെ വേഷത്തിൽ മികവാർന്ന പകർന്നാട്ടം നടത്തി പ്രേക്ഷകരെ അതിശയിപ്പിച്ചത്..
മോഹൻലാലിന്റെ ആ ആത്മസമർപ്പണത്തിന്,ആ ധീരതയ്ക്ക് ഇന്നേയ്ക്ക് മുപ്പത് വയസ്... അതെ,സിബിമലയിൽ-ലോഹിതദാസ്-മോഹൻലാൽ കൂട്ടുക്കെട്ടിന്റെ മനോഹരമായ കമലദളം വിരിഞ്ഞിട്ട് മാർച്ച് ഇരുപ്പത്തിയേഴിന്,ഇന്നേയ്ക്ക് മുപ്പത് വർഷങ്ങൾ ആയി...
പ്രണവം ആർട്സിന്റെ ബാനറിൽ സിബിമലയിൽ-ലോഹിതദാസ്-മോഹൻലാൽ ടീം തുടർച്ചയായി ഒന്നിച്ച മൂന്നാമത്തെ സിനിമയാണ് കമലദളം..സംഗീതത്തിനും കലാമൂല്യത്തിനും പ്രാധാന്യം കൊടുത്ത് നിർമ്മിച്ച ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും അക്കാദമിക് പുരസ്‌കാരങ്ങളും പ്രേക്ഷക പ്രീതിയും ബോക്‌സ് ഓഫീസിൽ വൻ വിജയവും ഒരു പോലെ നേടിയിരുന്നു..
ആ സിനിമകളുടെ തുടർച്ചയായി വന്ന,അതും മോഹൻലാൽ നർത്തകന്റെ വേഷത്തിൽ എത്തുന്ന കമലദളത്തിന് വാനോളം ആയിരുന്നു പ്രതീക്ഷ..പ്രേക്ഷകരുടെ ആ പ്രതീക്ഷകളെയൊക്കെ പൂർണമായ രീതിയിൽ നിറവേറ്റാനും അന്ന് വരെ കാണാത്ത മോഹൻലാലിന്റെ അഭിനയ ചാരുത അവർക്കായി സമ്മാനിക്കാനും സിബിമലയിൽ-ലോഹിതദാസ് കൂട്ടുക്കെട്ടിന് സാധിച്ചു..
മോഹൻലാൽ,അദ്ദേഹം വളരെ മികച്ച നടൻ ആണെന്നുള്ള കാര്യം കമലദളത്തിന് മുമ്പ് തന്നെ പലവട്ടം തെളിയിക്കപ്പെട്ടതാണ്, പ്രേക്ഷകരാലും നിരൂപകരാലും അത് അംഗീകരിക്കപ്പെട്ടതുമാണ്..എന്നാൽ കമലദളത്തിലെ പ്രകടനത്തോട് കൂടി മോഹൻലാൽ മലയാള സിനിമയിയോട് ഉറക്കെ വിളിച്ച് പറഞ്ഞത് താൻ അസാമാന്യ കഴിവുകൾ ഉള്ള ഒരു അസാധാരണ നടൻ എന്നാണ്..ഭാവാഭിനയത്തിന്റെ എല്ലാ സാധ്യതകളും തലങ്ങളും തന്റെ ആവനാഴിയിൽ ഒളിപ്പിച്ചിരിക്കുന്ന കലാകാരൻ..എടുക്കുമ്പോൾ ഒന്ന്,തൊടുക്കുമ്പോൾ നൂറ്,കൊള്ളുമ്പോൾ ആയിരം,അതാണ് സത്യത്തിൽ മോഹൻലാലിന്റെ പ്രകടനം..നേരത്തെ സൂചിപ്പിച്ച പോലെ ഒരു നടന് ഏറ്റെടുക്കാവുന്ന ഏറ്റവും വലിയ വെല്ലുവിളി,അതാണ് കമലദളത്തിലെ നന്ദഗോപനിലൂടെ മോഹൻലാൽ ഏറ്റെടുത്തത്..
നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാൽ വിസ്മയകരമായ മികവോടെയാണ് നന്ദഗോപൻ എന്ന നർത്തകനെ/നൃത്താദ്ധ്യാപകനെ അവതരിപ്പിച്ചിരിക്കുന്നത്..ക്ലീൻഷേവ് ചെയ്ത മുഖത്തോടെ,അല്പം സ്‌ത്രൈണതയോടെ അവതരിപ്പിക്കപ്പെടാറുള്ള നർത്തക കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത് അലസമായ താടിയും മുടിയും നീട്ടി വളർത്തി കൊണ്ടാണ്..നന്ദഗോപന്റെ നൃത്ത രംഗങ്ങളിൽ മോഹൻലാൽ എങ്ങാനും ചെറുതായി ഒന്ന് പാളി പോയിരുന്നുവെങ്കിൽ എത്ര നല്ല രീതിയിൽ തന്നെ സംവിധായകൻ കഥ അവതരിപ്പിച്ചാലും കമലദളവും മോഹൻലാലും പരിഹാസശരങ്ങളും പരാജയവും ഒരു പോലെ ഏറ്റ് വാങ്ങുമായിരുന്നു,തീർച്ച..
എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചത്?എല്ലാം അങ്ങ് സംഭവിച്ച് പോകുന്നതാണ് എന്നായിരിക്കും ഇതേപ്പറ്റി അദ്ദേഹത്തോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം..മോഹൻലാലിനെ വിശ്വസിച്ച് നന്ദഗോപൻ എന്ന കഥാപാത്രത്തെ നല്കി,അദ്ദേഹത്തിൽ നിന്നും പരമാവധി മികച്ച പ്രകടനം പുറത്തെടുത്ത സംവിധായകൻ സിബിമലയിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു..
കമലദളം,പേര് പോലെ തന്നെ ഒരു കൂട്ടം മികച്ച കലാകാരന്മാകുന്ന ദളങ്ങൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു കമലം,ആ അഴകുള്ള കമലദളങ്ങളെ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വെച്ചു..കേരള കലാമണ്ഡലത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച കമലദളം പ്രേക്ഷകർക്ക് ഒരു പുതുമ തന്നെയായിരുന്നു..
അനിയത്തിക്കുട്ടിയെ പോലെ ആദ്യം കണ്ട,പിന്നീട് ജീവിതസഖിയായി മാറിയ,ഒരു നർത്തകിയുടെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ സുമയിലൂടെ നന്ദഗോപൻ എന്ന കലാകാരൻ തന്റെ സ്വപ്ന സാക്ഷാത്കാരമായ സീതാരാമായണം എന്ന സംഗീത നൃത്ത നാടകംഅരങ്ങിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതും,വളരെ നിസാര കാര്യത്തിന്റെ പേരിൽ സുമ ജീവിതം അവസാനിപ്പിച്ചതോട് കൂടി വിഷാദത്തിന്റെ പടുകുഴിയിലേയ്ക്ക് നന്ദഗോപൻ വീഴുന്നതും,അതേ തുടർന്ന് കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ അഭയം തേടി ജീവിതം സ്വയം എരിച്ച് തീർക്കുന്നതും,ആദ്യം വെറുപ്പോടെ കണ്ട മാളവിക നന്ദഗോപന്റെ ശിഷ്യയാകുന്നതും,സുമയുടെ മരണത്തോട് കൂടി പാതിവഴിയിൽ നിലച്ച നന്ദഗോപന്റെ സീതാരാമയാണത്തിനായി മാളവിക തയ്യാറെടുക്കുന്നതും,തന്റെ ജീവിതാഭിലാഷം സഫലീകരിക്കുന്ന അവസാന നിമിഷങ്ങളിൽ വിഷം അകത്ത് ചെന്ന് നന്ദൻഗോപൻ തന്റെ ജീവന് വേണ്ടി പിടയുന്നതും,തന്റെ ജീവിതവും സംഗീതശില്പവും മംഗളം പാടി അവസാനിപ്പിക്കുന്നതും ഒക്കെ അതീവ ഹൃദയസ്പർശിയായിട്ടാണ് സിബിമലയിലും ലോഹിതദാസും കൂടി അവതരിപ്പിച്ചിരിക്കുന്നത്..
കമലദളം എന്ന സിനിമയെ പറ്റി കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന രംഗം നന്ദഗോപൻ മാളവികയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കൂത്തമ്പലത്തിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നാട്യ ശാസ്ത്രത്തെ പറ്റി വിശദമായി പറഞ്ഞ് കൊടുക്കുന്നതും അതേ തുടർന്ന് ഉള്ള നന്ദഗോപന്റെ 'ആനന്ദ നടനം' ക്ലാസിക് നൃത്ത ഗാന രംഗവും ആയിരിക്കും..തിയേറ്ററിൽ വൻ ഓളവും കൈയടികളും ഉണ്ടാക്കിയ രംഗമാണത്..ശരിക്കും ഒരു ആക്ഷൻ സിനിമയിലെ അടിപൊളി മാസ് രംഗത്തിന് തിയേറ്ററിൽ ഉണ്ടാക്കാൻ കഴിയുന്ന ആവേശവും ആർപ്പ് വിളികളും കമലദളത്തിലെ ആ ക്ലാസിക് നൃത്ത ഗാന രംഗത്തിന് സൃഷ്ടിക്കാൻ സാധിച്ചു..
നാട്യ ശാസ്ത്രത്തെ പറ്റിയുള്ള വിശദീകരണം കഴിഞ്ഞ് ആനന്ദ നടനം ഗാന രംഗം തുടങ്ങുമ്പോൾ പിൻ ഡ്രോപ് സൈലൻസ് ആയിരുന്നു തിയേറ്ററിൽ..മോഹൻലാൽ നൃത്തം എങ്ങനെയാണ് അവതരിപ്പിക്കാൻ പോകുന്നതെന്ന ഞാനടക്കമുള്ള പ്രേക്ഷകരുടെ ആകാംക്ഷയും പിരിമുറക്കവും ആയിരുന്നു അതിന് കാരണം..ആ നിശബ്ദത ആഹ്ലാദത്തിലേക്കും കൈയടികളിലേക്കും ഉയരാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളു..ഭരതനാട്യത്തിൽ തുടങ്ങി നാടോടി നൃത്തത്തിൽ അവസാനിച്ച ആനന്ദനടനം എന്ന നൃത്ത ഗാന രംഗം മോഹൻലാലിന്റെ അസാമാന്യ പ്രതിഭയും മെയ് വഴക്കും വിളിച്ചോതുന്നതായി മാറി..തിരശ്ശീലയിൽ മോഹൻലാൽ ആനന്ദനടനം ആടിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആനന്ദ മഴ പെയ്യുകയായിരുന്നു..വിദ്യാർത്ഥികളെ നൃത്തം പഠിപ്പിക്കുന്ന രംഗങ്ങളിലൊക്കെ ഒരു നൃത്താദ്ധ്യാപകന്റെ ഭാവവും ശരീരഭാഷയും പൂർണതയോടെ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചു..
ലോങ് ഷോട്ടുകളിലേക്ക് ഒന്നും പോകാതെ മോഹൻലാലിന്റെ ഭാവങ്ങളും മുദ്രകളും കൂടി വളരെ വ്യക്തമായി കാണിക്കുന്ന ഷോട്ട് ഡിവിഷനുകളുമാണ് നൃത്ത രംഗങ്ങൾക്കായി സിബിമലയിലും ഛായാഗ്രാഹകൻ ആനന്ദക്കുട്ടനും കൂടി ഒരുക്കിയത്..മോഹൻലാലിന് അനുയോജ്യമായ നൃത്തചുവടുകൾ ഒരുക്കി,അത് മനോഹരമായി ചെയ്യിപ്പിച്ച നൃത്ത സംവിധായകരായ കുമാറും കലാമണ്ഡലം സുജാതയും കമലദളത്തിന്റെ മുഖ്യ ശില്പികളാണ്,സിബിമലയിലിനെ പോലെ ലോഹിതദാസിനെ പോലെ കൈയടി അർഹിക്കുന്നവരുമാണ്..കമലദളം കണ്ട് കഴിഞ്ഞതിന് ശേഷം പ്രശസ്ത നർത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ സിബിയോട് ചോദിച്ചത് ലാൽ ക്ലാസിക് ഡാൻസ് പഠിച്ചിട്ടുണ്ടോ എന്നാണ്..ഇല്ല എന്നറിഞ്ഞപ്പോൾ അവർ പ്രതികരിച്ചത് ഇങ്ങനെയാണ് 'വിശ്വസിക്കാനാകുന്നില്ല, ക്ലാസിക് ഡാൻസ് അറിയാത്ത ഒരാൾക്ക് എങ്ങനെയാണ് ഇത്ര ഭംഗിയായി മുദ്രകൾ കാണിക്കാനാവുന്നത്'
ഹിസ് ഹൈനസ് അബ്ദുള്ള പോലെ,ഭരതം പോലെ കമലദളത്തിന് കൂടുതൽ മിഴിവ് ഏകിയ ഘടകങ്ങളിലൊന്ന് കൈതപ്രം-രവീന്ദ്രൻ ടീമിന്റെ അതി മനോഹരമായ ഗാനങ്ങളാണ്..
സായന്തനം,പ്രേമോദാരനായ്,ആനന്ദനടനം തുടങ്ങിയവ അക്കാലത്ത് വൻ ജനപ്രീതി നേടിയ ഗാനങ്ങളാണ്..ആനന്ദനടനം ഗാനത്തിലെ അനുപല്ലവിയിൽ വരുന്ന 'രാസകേളി നികുഞ്ജങ്ങളിൽ' എന്ന ഭാഗത്തിന്,യേശുദാസിന്റെ ആലാപനത്തിന് വല്ലാത്തൊരു വശ്യതയാണ്..എൺപതുകളിലും തൊണ്ണുറുകളിലും ഒക്കെ സിനിമയുടെ വിജയത്തിന് ഗാനങ്ങൾ അവിഭാജ്യ ഘടകം ആയിരുന്നെങ്കിലും അല്പം പതിഞ്ഞ താളത്തിലുള്ള ഗാനരംഗങ്ങൾ വരുമ്പോൾ പ്രേക്ഷകർ സിഗരറ്റ് വലിക്കും മറ്റും സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോകുന്ന ഒരു പ്രവണതയുണ്ടായിരുന്നു..അതിന് വലിയൊരു മാറ്റം വന്ന് തുടങ്ങിയത് ഗാനരംഗങ്ങളിൽ പതിവ് രീതികൾ വിട്ട് കളിയും ചിരിയും കുസൃതിയും പ്രണയവും ഒക്കെ കാണിച്ച് മോഹൻലാൽ അഭിനയിച്ച് തുടങ്ങിയപ്പോഴാണ്..ഗാന രംഗങ്ങളിലെ മോഹൻലാലിന്റെ ആകർഷകമായ ഈ പ്രകടനം കൊണ്ട് ക്ലാസിക്കൽ-സെമി ക്ലാസിക്കൽ ഗാനങ്ങൾ വരെ തിയേറ്ററുകളിൽ ആഘോഷിക്കപ്പെട്ടു..
ചിത്രം,അബ്ദുള്ള,ഭരതം,കമലദളം തുടങ്ങിയ സിനിമകൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്..
മോനിഷ,പാർവ്വതി,മുരളി,വിനീത്,ഒടുവിൽ ഉണ്ണിക്കൃഷ്ണൻ,നെടുമുടി വേണു,ശാന്താദേവി,മാമുക്കോയ തുടങ്ങിയ നടീനടന്മാരും നല്ല പ്രകടനം കാഴ്‌ച്ച വെച്ചു..1986ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി അരങ്ങേറ്റം കുറിച്ച മോനിഷ സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിപ്പെട്ടത് കമലദളത്തിലെ മാളവികയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതോട് കൂടിയാണ്..കുറച്ച് നാളുകൾക്ക് ശേഷം പാർവ്വതിക്ക് കിട്ടിയ മികച്ച വേഷമായിരുന്നു സുമ,ചെറുതെങ്കിലും നല്ല രീതിയിൽ തന്നെ അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചു..നെടുമുടിയുടെ വേലായുധനുമായിട്ടുള്ള നന്ദഗോപന്റെ രംഗങ്ങൾ തിയേറ്ററിൽ ചിരി സമ്മാനിച്ചവയാണ്..
കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നാണ് ഞാൻ കമലദളം കാണുന്നത്,ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ..അബ്ദുള്ളയും ഭരതവും കണ്ട് കഴിഞ്ഞപ്പോൾ കിട്ടിയ അതേ സന്തോഷവും സംതൃപ്തിയാണ് കമലദളത്തിനും കിട്ടിയത്, ദുഃഖ:പര്യവസായിയായ ക്ലൈമാക്‌സ് രംഗത്തിനാൽ തെല്ല് നൊമ്പരവും..റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും 50 ദിവസങ്ങളും 5 തിയേറ്ററുകളിൽ 100 ദിവസങ്ങളും പ്രദർശിപ്പിച്ച് കമലദളം 1992ലെ ഏറ്റവും സാമ്പത്തിക വിജയം നേടിയ സിനിമകളിൽ ഒന്നായി മാറി..ഇഷ്ടപ്പെട്ട സിനിമകൾ ഒന്നിലധികം തവണ കാണുന്ന ശീലമുള്ളതുകൊണ്ട് കമലദളം 4 വട്ടം തിയേറ്ററിൽ നിന്നും കണ്ടിട്ടുണ്ട്..
നൃത്തരംഗങ്ങളൊക്കെ അനായാസമായി അവതരിപ്പിച്ചതിനൊപ്പം തന്നെ മോഹൻലാലിലെ മികച്ച നടനെ ഒരിക്കൽ കൂടി അടയാളപ്പെടുത്തിയ കഥാപാത്രമാണ് നന്ദഗോപൻ..മാളവികയോട് സുമയെ കുറിച്ച് പറയുന്നത് വളരെ ഹൃദയസ്പർശിയായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്, എഴുത്തിന്റെ ഇരട്ടി ശക്തിയോടെയാണ് സിബിമലയിൽ അത് അവതരിപ്പിച്ചിരിക്കുന്നത്..
'എന്റെ കുഞ്ഞന്മാമാടെ മോളാ..മരണവീട്ടിന്ന് അമ്മ അവളെ കൂട്ടി കൊണ്ട് വന്നു,അടുക്കളേല് അമ്മക്കൊരു സഹായം,ജീവിക്കാനൊരിടം,വേലക്കാരി തന്നെ വേലക്കാരി,അവൾക്കന്നൊരു പതിനാറ് പതിനേഴ് വയസ് കാണും,ഒരു ചടച്ച് മെലിഞ്ഞ പെണ്ണ്,പിന്നെ വാരി വലിച്ച് തിന്ന് തടിച്ചതാ അവള്,തീറ്റ തന്നെ തീറ്റ ഭ്രാന്തി'.. നന്ദഗോപൻ മദ്യപിച്ച് ഇത് പറയുമ്പോഴുള്ള ഭാവങ്ങളും ശരീര ഭാഷയും വോയ്‌സ് മോഡുലേഷനും ഒക്കെ വളരെ ഗംഭീരമായിട്ടാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്..സുമയെ കുറിച്ച് പറയുന്നതിനിടയിൽ നന്ദഗോപൻ വലത്തെ കൈ കൊണ്ട് ഇടത്തെ കൈയിൽ പിടിച്ച് ചെറിയൊരു തിരുമ്മൽ ഉണ്ട്,ലാലിന്റെ കൈകളും വിരലുകളും അഭിനയിക്കുമെന്നതിന്റെ മറ്റൊരു തെളിവ്..
വളരെ നിസാര കാര്യത്തിന് ജീവിതം ഹോമിക്കുന്നതും ഗുരു-ശിഷ്യ ബന്ധത്തിലെ പവിത്രതയെ കുറിച്ചും ഒക്കെ മനോരഹരമായി തന്നെ ലോഹിതദാസ് കമലദളത്തിൽ പറയുന്നുണ്ട്..
സിബി-ലോഹി-ലാൽ കൂട്ടുക്കെട്ടിൽ പിറന്ന ഏഴ് സിനിമകളും കലാമൂല്യമുള്ള മികച്ച സിനിമകളായിരുന്നു,പുതു തലമുറ പോലും ചർച്ച ചെയ്യപ്പെടുന്ന സിനിമകൾ.. ലോഹിതദാസ് കൂട്ടുക്കെട്ടിൽ ഇനി ഒരു സിനിമ സാധ്യമല്ലെങ്കിലും സിബി-ലാൽ കുട്ടുക്കെട്ടിൽ സിനിമകൾ ഇനിയും സാധ്യമാണ്..പ്രതീക്ഷയോടെ കാത്തിരിക്കാം നമുക്ക്,സിബി-ലാൽ ടീമിന്റെ മികച്ച ആ സിനിമകൾക്കായി..
ന്യൂസ് ഡെസ്ക്