- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയൻ-ലാൽ സിനിമകളുടെ ബോക്സ് ഓഫീസ് വിജയങ്ങളോട് ഒരു കൂട്ടം ആളുകൾക്ക് പതിറ്റാണ്ടുകളായി അമർഷവും അസൂയയും നിരാശയും; ഇരുവരെയും വിരോധികൾ മോശമായി ചിത്രീകരിക്കാൻ കാരണവും അതുതന്നെ: സഫീർ അഹമ്മദ് എഴുതുന്നു
പ്രിയപ്പെട്ട പ്രിയദർശൻ
മലയാളികളെ ഏറ്റവും കൂടുതൽ എന്റർടെയിൻ ചെയ്യിച്ച സംവിധായകൻ എന്ന ചോദ്യത്തിന് ഇന്നും ഒറ്റ ഉത്തരമേ ഉള്ളു, പ്രിയദർശൻ!
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് ഓഡിയൻസിനെ തിയേറ്ററുകളിൽ കിട്ടിയിട്ടുള്ളത് പ്രിയദർശൻ സിനിമകൾക്ക് ആണ്..മറ്റ് പല സംവിധായകർക്കും ഇൻഡസ്ട്രി ഹിറ്റ് സിനിമ ഒരു ഭാരമാകുമ്പോൾ പ്രിയദർശന് വിജയ സിനിമകൾ ഒരു ശീലമായി മാറി..മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റ് സിനിമകൾ ഉള്ള സംവിധായകൻ എന്ന സ്ഥാനം അലങ്കരിക്കുന്നത് ഇന്നും പ്രിയദർശനാണ്..
പ്രേക്ഷകർക്ക് എന്താണ് വേണ്ടത്,അവരെ എങ്ങനെ കൈയിലെടുക്കാം,അതിലുപരി മോഹൻലാലിനെ പ്രേക്ഷകർക്ക് ഏങ്ങനെയാണ് തിരശ്ശീലയിൽ കാണാൻ ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ.. ശരിക്കും പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകൻ.
അങ്ങേയറ്റം ഹ്യൂമറസും രസകരവുമായ രംഗങ്ങളും പാട്ടുകളും ഒരു നൂലിൽ മുത്തുകൾ കോർക്കുന്നത് പോലെ കോർത്ത്,അങ്ങനെ ആസ്വാദനത്തിന്റെ നെറുകയിൽ നില്ക്കുന്ന പ്രേക്ഷകനെ സെന്റിമെൻസിലൂടെ പതിയെ അതിൽ നിന്ന് താഴെക്ക് കൊണ്ട് വന്ന് ചെറു കണ്ണീരോടെ,വിങ്ങുന്ന മനസോടെ തിയേറ്റർ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്ന 'പ്രിയദർശൻ മാജിക്ക്'..പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഈ പ്രിയദർശൻ മാജിക്കിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു,തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ ആ സിനിമ വീണ്ടും വീണ്ടും കാണണമെന്ന മോഹം പ്രേക്ഷകരിൽ ഉണ്ടാക്കുക എന്ന പ്രത്യേകത..
കോമഡി സിനിമകൾ തുടരെ തുടരെ ചെയ്ത അതേ പ്രിയദർശനാണ് ആര്യൻ, അഭിമന്യു,അദ്വൈതം തുടങ്ങിയ ആക്ഷൻ സിനിമകൾ എടുത്ത് പ്രേക്ഷകരെ ത്രസിപ്പിച്ചത്,മലയാളത്തിലെ ഏറ്റവും സാങ്കേതിക മേന്മ ഉള്ള കാലാപാനി എടുത്ത് പ്രേക്ഷകരെ അമ്പരിപ്പിച്ചത്,കാഞ്ചീവരം എന്ന സീരിയസ് സിനിമ തമിഴിൽ എടുത്ത് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് വാങ്ങിയത്..കോമഡി,ആക്ഷൻ,സീരിയസ്,അങ്ങനെ ഏത് ജോണറിലും ഉള്ള സിനിമകളും പൂർണതയോടെ അവതരിപ്പിക്കാൻ പ്രിയദർശനോളം കഴിവ് വേറെ ഒരു സംവിധായകനുമില്ല..
മോഹൻലാലും പ്രിയദർശനും,1986 മുതൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന,തിയേറ്ററുകളെ ജനസാഗരമാക്കുന്ന കൂട്ടുകെട്ട്..നീണ്ട മുപ്പത്തിയെട്ട് വർഷങ്ങൾക്കിടയിൽ പ്രിയൻ-ലാൽ ടീം ഒരുമിച്ച് ചെയ്ത മുപ്പതോളം മലയാള സിനിമകളിൽ ഭൂരിഭാഗം സിനിമകളും വൻ വിജയം നേടിയിട്ട് കൂടി ഇവരിൽ ഈഗൊ ഉണ്ടായിട്ടില്ല എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യം ആണ്..ഇന്ത്യൻ സിനിമയിൽ തന്നെ ഈഗൊ വർക്ക് ഔട്ട് ആകാത്ത അപൂർവ്വം ആക്ടർ-ഡയറക്റ്റർ കോമ്പൊ ആണ് പ്രിയദർശൻ-മോഹൻലാൽ ടീമിന്റെത്..
1984 മെയ് 18ന് പൂച്ചയ്ക്കൊരു മൂക്കുത്തിയിലൂടെ തുടങ്ങിയ പ്രിയദർശന്റെ ജൈത്രയാത്ര 40 മലയാള സിനിമകളും ഒട്ടനവധി അന്യഭാഷ സിനിമകളും താണ്ടി 2021ൽ 'മരക്കാർ' എന്ന സിനിമയിൽ എത്തിയപ്പോൾ,ആ സിനിമ എന്നിലെ പ്രേക്ഷകന്,എന്നിലെ ലാൽ-പ്രിയദർശൻ ഫാന് സമ്മാനിച്ചത് വലിയ നിരാശയാണ്..ഒരു ഗംഭീര സിനിമ ആകേണ്ടിയിരുന്ന,മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തേണ്ടിയിരുന്ന മരക്കാരിനെ അലസമായ തിരക്കഥ കൊണ്ടും മേക്കിങ്ങ് കൊണ്ടും വെറുമൊരു ശരാശരി നിലവാരത്തിൽ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു.
മരക്കാരിന് ശേഷം പലരും പ്രിയദർശൻ എന്ന സംവിധായകനെ കുറ്റം പറയുന്നതും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു എന്നൊക്കെ പറഞ്ഞ് നീണ്ട ലേഖനങ്ങൾ എഴുതുന്നതുമൊക്കെ കണ്ടിരുന്നു..എന്നെ സംബന്ധിച്ച് ഇനി എത്ര മോശം സിനിമകൾ തന്നാലും പ്രിയദർശനെ ഞാൻ കുറ്റം പറയില്ല,തള്ളി പറയില്ല..അതെനിക്ക് സാധിക്കില്ല..കാരണം ഞാനെന്ന ലാൽ ഫാനിന്,ഞാനെന്ന സിനിമാ പ്രേമിക്ക് തരാവുന്നതിന്റെ അങ്ങേയറ്റം തന്നു കഴിഞ്ഞു പ്രിയദർശൻ,ആസ്വാദനത്തിന്റെ കൊടുമുടിയിൽ എത്തിച്ച് കഴിഞ്ഞു പ്രിയദർശൻ,അതും1999 ന് മുമ്പ് തന്നെ
പ്രിയദർശന്റെ 'ചിത്രം' സിനിമ സൃഷ്ടിച്ച 4 റിലീസ് തിയേറ്ററുകളിലെ 200 ദിവസം റൺ,ഒന്നിലധികം പ്രദർശനങ്ങളോടെ റിലീസ് സെന്ററിലെ 365 ദിവസം റൺ തുടങ്ങിയ ബോക്സ്ഓഫീസ് റെക്കോർഡുകൾ 33 വർഷങ്ങൾക്കിപ്പുറം ഇന്നും മറ്റൊരു സിനിമയ്ക്കൊ സംവിധായകനൊ തകർക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത..
മരക്കാരിന് മോശം അഭിപ്രായം വന്നപ്പോൾ ഞങ്ങളുടെ പി.ഡി.സി വാട്സ് ആപ്പ് ഗ്രൂപ്പിൽ വർഷങ്ങളായിട്ട് ഒരു മെസേജ് പോലും ഇടാത്ത എന്റെ ഒരു സഹപാഠി വന്ന് സന്തോഷം പ്രകടിപ്പിക്കുകയും ആത്മ നിർവൃതിയടയുകയും ഒക്കെ ചെയ്തത് ഞാനീ അവസരത്തിൽ ഓർത്ത് പോകുകയാണ്..പ്രിയൻ-ലാൽ സിനിമകളോട്, അതിന്റെ ജന സ്വീകാര്യതയോട്, ബോക്സ് ഓഫീസ് വിജയങ്ങളോട് ഒരു കൂട്ടം ആളുകൾക്ക് എത്ര മാത്രം അമർഷവും അസൂയയും നിരാശയും പതിറ്റാണ്ടുകളായി ഉണ്ട് എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് മേൽപ്പറഞ്ഞ കാര്യം..ആ നിരാശയും അസൂയയും ഒക്കെ തന്നെയാണ് പ്രിയദർശനെയും മോഹൻലാലിനെയും മോശമായി ചിത്രീകരിക്കാൻ വിരോധികളെ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകവും..
പ്രിയദർശന്റെ പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ മരക്കാർ വരെയുള്ള എല്ലാ മലയാള സിനിമകളും തിയേറ്ററിൽ നിന്നും, അതും ഒന്നിലധികം പ്രാവശ്യം കാണാൻ പറ്റിയെന്നതാണ് ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ എന്റെ ഏറ്റവും ഭാഗ്യങ്ങളിലൊന്ന്..എന്നെ ഒരു സിനിമാ പ്രേമി ആക്കി മാറ്റിയത്,ഒരു മോഹൻലാൽ ഫാൻ ആക്കി മാറ്റിയത് പ്രിയദർശനാണ്,കൃത്യമായി പറഞ്ഞാൽ 1986ൽ താളവട്ടം സിനിമയോട് കൂടി..
പ്രിയദർശൻ ഒരു ഗംഭീര സിനിമയുമായി തിരിച്ച് വന്നിരിക്കും,തീർച്ച..കാരണം ഇത് പ്രിയദർശനാണ്, ഒപ്പം അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ പേര്, നായകന്റെ പേര് മോഹൻലാൽ എന്നാണ്..