- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇടയ്ക്കിടയ്ക്ക് കെട്ടിയോള് എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഇക്കാക്ക് ലാലേട്ടനെയാണൊ എന്നെയാണൊ കൂടുതൽ ഇഷ്ടം എന്ന്; ഒരു ചെറുപുഞ്ചിരി മാത്രമാണ് എന്റെ മറുപടി; മോഹൻലാലിന്റെ ജന്മനാളിൽ കട്ടഫാനായ സഫീർ അഹമ്മദ് എഴുതുന്നു: ഞാനും എന്റെ ലാലേട്ടനും
ഞാനും എന്റെ ലാലേട്ടനും
അഞ്ചാം വയസ്സിൽ കൊടുങ്ങല്ലൂർ എസ്സെൻ തിയേറ്ററിന്റെ തിരശ്ശീലയിൽ തെളിഞ്ഞ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലന്റെ ആ മുഖം കണ്ട മങ്ങിയൊരു ഓർമയുണ്ട് ഇന്നും..അന്ന് എന്തായാലും ആ മുഖം ഞാനെന്ന കൊച്ച് കുട്ടിയെ സന്തോഷിപ്പിച്ചിട്ടില്ല, തീർച്ച..പിന്നീടുള്ള കുറച്ച് വർഷങ്ങളിലും ആ മുഖം തിരശ്ശീലയിൽ തെളിഞ്ഞപ്പോഴൊക്കെ എന്നെ ഭയപ്പെടുത്തിയിട്ടേയുള്ളു.
വിസയിലും, ആട്ടക്കലാശത്തിലും കാറ്റത്തെ കിളിക്കൂടിലും ഒക്കെ ആ മുഖം കണ്ടപ്പോൾ അത്ര ഭയപ്പെടേണ്ടതില്ല ആ മുഖത്തെ എന്ന് തോന്നി തുടങ്ങി. പിന്നീട് എന്നെ പേടിപ്പിച്ച ആ നടൻ പതിയെ പതിയെ എന്നെ ചിരിപ്പിച്ച് തുടങ്ങി, ഒരുപാട് വട്ടം പേടിപ്പിച്ച ആ മുഖത്തോട്, ആ നടനോട് ചെറിയൊരു ഇഷ്ടം ഒക്കെ തോന്നി തുടങ്ങുകയും ചെയ്തു..ടി.പി.ബാലഗോപാലനും ഗാന്ധിനഗറും രാജാവിന്റെ മകനും മുന്തിരിത്തോപ്പുകളും ഒക്കെ കണ്ട് കഴിഞ്ഞപ്പോൾ ആ ഇഷ്ടം കൂടി കൂടി വന്നു..1986ൽ കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ നിന്നും താളവട്ടം കണ്ടതോട് മോഹൻലാലിനോടുള്ള ഇഷ്ടം പാരമ്യത്തിലെത്തി.
അന്ന് ശ്രീകാളീശ്വരി തിയേറ്ററിന്റെ വെള്ളിത്തിരയിൽ മോഹൻലാൽ കുസൃതി കാണിച്ച് ചിരിച്ചപ്പോൾ ആയിരത്തോളം വരുന്ന കാണികൾക്ക് ഒപ്പം കൊച്ച് പയ്യനായ ഞാനും കൂടെ ചിരിച്ചു. മോഹൻലാൽ പാട്ട് പാടി തലകുത്തി മറിഞ്ഞപ്പോൾ അത് വരെ ഇല്ലാത്ത ഒരു സന്തോഷം മനസിൽ തിര തല്ലി. മോഹൻലാൽ കരഞ്ഞപ്പോൾ കൂടെ ഞാനും കരഞ്ഞു, അങ്ങനെ അത് വരെ മറ്റ് സിനിമകൾ കണ്ടിട്ട് ഒന്നും ലഭിക്കാത്ത ആനന്ദവും അനുഭൂതിയും ഞാനെന്ന ആ പതിനൊന്ന് വയസുക്കാരന് താളവട്ടത്തിലൂടെ മോഹൻലാൽ സമ്മാനിച്ചു. താളവട്ടത്തിന്റെ ക്ലൈമാക്സിൽ വിനു മരിക്കുന്നത് കണ്ട് കണ്ണീരോടെ തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാനെന്ന ആ കൊച്ച് പയ്യന്റെ മനസിൽ ഒരാൾ സ്ഥാനം പിടിച്ചിരുന്നു,മോഹൻലാൽ. പതിയെ പതിയെ മോഹൻലാലും അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിന്റെ ഭാഗം തന്നെയായി മാറി..അന്നത്തെ കാലത്ത് മറ്റ് കുട്ടികൾക്ക് കിട്ടാത്ത സ്വാതന്ത്ര്യത്തോടെ, സൗഭാഗ്യത്തോടെ മോഹൻലാൽ സിനിമകൾ റിലീസ് ആകുന്ന കൊടുങ്ങല്ലൂരിലെ തിയേറ്ററുകളിൽ ഞാനും ഇക്കയും നിത്യ സന്ദർശകരായി മാറി.
തിയേറ്ററുകളിൽ നിന്ന് കണ്ട് മതി വരാത്ത ആ മോഹൻലാൽ സിനിമകൾ ഒക്കെ വീട്ടിലെ ടിവി-വിസിആറി ലൂടെ വീണ്ടും വീണ്ടും കണ്ട് കൊതി തീർത്തു. ഓരോ പുതിയ സിനിമകൾ കാണും തോറും മോഹൻലാലിനോടുള്ള ഇഷ്ടവും ആവേശവും കൂടി കൊണ്ടേയിരുന്നു. ആദ്യ കാലങ്ങളിൽ മോഹൻലാലിന്റെ കളി ചിരികളും കുസൃതികളും ഗാനരംഗങ്ങളും കണ്ട് രസിച്ചിരുന്ന, മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ കണ്ട് ആവേശം കൊണ്ടിരുന്ന ഞാൻ കൗമാര പ്രായത്തോട് കൂടി സീരിയസ് സിനിമകളിലെ അദ്ദേഹത്തിന്റെ ഗംഭീര അഭിനയ പ്രകടനങ്ങളുടെയും കടുത്ത ആരാധകനായി മാറി. ചിത്രവും വന്ദനവും കിലുക്കവും ഒക്കെ തിയേറ്ററുകളിൽ നിന്നും ആവർത്തിച്ച് കണ്ടിരുന്ന പോലെ തന്നെ കിരീടവും സദയവും ഭരതവും ഒക്കെ കണ്ട് തുടങ്ങി. മോഹൻലാൽ സിനിമകളുടെ റിലീസ് ദിവസങ്ങളിലെ ഉൽസവ പ്രതീതി ഉണർത്തുന്ന ജനതിരക്ക് കണ്ണിന് കുളിർമ നല്കുന്ന കാഴ്ച്ചയായി മാറി. ഒപ്പം മോഹൻലാലിനെ അത്ര താൽപ്പര്യമില്ലാത്ത എന്റെ ചുറ്റും ഉണ്ടായിരുന്നവരുമായി അദ്ദേഹത്തിന്റെ അഭിനയ മേന്മകൾ എണ്ണിയെണ്ണി പറഞ്ഞ് വാഗ്വാദങ്ങളിൽ ഏർപ്പെട്ടു.
2002ൽ പ്രവാസി ആയപ്പോൾ എന്നെ ഏറ്റവും കൂടുതൽ അലട്ടിയ പ്രശ്നം അല്ലെങ്കിൽ സങ്കടം, അത് വീട്ടുകാരെയൊ കൂട്ടുകാരെയൊ പിരിഞ്ഞ് നില്ക്കുന്നത് ആയിരുന്നില്ല, മറിച്ച് മോഹൻലാൽ സിനിമകൾ റിലീസ് ദിവസം കാണാൻ പറ്റില്ലല്ലൊ എന്നതായിരുന്നു. നാട്ടിൽ റിലീസായി മൂന്നോ നാലോ ആഴ്ച്ചകൾ കഴിഞ്ഞ് ഖത്തറിൽ റിലീസ് ചെയ്യുന്ന ലാൽ സിനിമകൾ ആദ്യ ദിവസം പോയി കണ്ടു. നാട്ടിലെ ആ ശീലം തുടർന്ന് കൊണ്ടേയിരുന്നു..ഇതിനിടയിൽ കല്യാണം കഴിഞ്ഞു, കെട്ടിയോളായി വന്നതാകട്ടെ ആകെ കൂട്ടി മൈ ഡിയർ കുട്ടിച്ചാത്തൻ മാത്രം തിയേറ്ററിൽ നിന്നും കണ്ടവൾ.
തിയേറ്ററിലെ വലിയ സ്ക്രീനുമായി പരിചിതമാകാൻ കുറച്ച് സമയം എടുത്തുവെങ്കിലും ആ അവൾ പിന്നീട് സിനിമ തിയേറ്ററുകളിലെ സ്ഥിരം സന്ദർശകയായി, വലിയൊരു ലാൽ സിനിമ ആസ്വാദകയും വിമർശകയും ആയി മാറി. ഇതിനിടയിൽ എനിക്ക് ആദ്യത്തെ മകൻ പിറന്നു, ജൂലൈ ആദ്യ വാരം റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നവൻ അതൊക്കെ തെറ്റിച്ച് കൊണ്ട് മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് റിലീസായി. അത് ആദ്യമൊന്ന് ഞങ്ങളെ കുറച്ച് ആശങ്കപ്പെടുത്തിയെങ്കിലും പിന്നീട് ഇരട്ടി മധുരം സമ്മാനിച്ചു. 2007ന്റെ തുടക്കത്തിൽ ഓർക്കൂട്ടിൽ എത്തിയതോട് കൂടി ഓർക്കൂട്ട് മോഹൻലാൽ കമ്മ്യൂണിറ്റിയിൽ സജീവമായി. എന്റെ ആദ്യത്തെ ലാൽ കൂട്ടായ്മ കൂടിയായിരുന്നു അത്. ഞാൻ ഖത്തറിൽ നിന്ന് നാട്ടിൽ വെക്കേഷന് വരുമ്പോഴുള്ള ഗെറ്റ് ടുഗെതറുകളിലൂടെ ആ കൂട്ടായ്മയിലെ സൗഹൃദം വളർന്നു, ഇന്നും ആ സൗഹൃദങ്ങൾ അതേ ഊഷ്മളതയോടെ നില നില്ക്കുന്നു.
ഒഎംസി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ..ആ ഓർക്കൂട്ട് കൂട്ടായ്മയിലെ ചില സുഹൃത്തുക്കളിലൂടെയാണ് മോഹൻലാലിനെ ആദ്യമായി നേരിൽ കാണാൻ പറ്റിയത്, അതും എറണാകുളം തേവരയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച്,2009 ഡിസംബർ 23ന്. നാഷണൽ അവാർഡുകളാലും പത്മശ്രീ ബഹുമതി കൊണ്ടും ഒക്കെ അലംകൃതമായ മോഹൻലാലിന്റെ ഗസ്റ്റ് റൂമിൽ കൂടെ നിന്ന് ഫോട്ടോ എടുക്കാനും വിശേഷങ്ങൾ പങ്ക് വെയ്ക്കാനുമായി താരജാഡകൾ ഒന്നുമില്ലാതെ അദ്ദേഹം എനിക്കും കുടുംബത്തിനുമായി കുറച്ച് സമയം മാറ്റി വെച്ചു. കേരളത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയായിട്ട് പോലും ഒട്ടും തന്നെ ജാഡയില്ലാതെ മോഹൻലാൽ ഞങ്ങളോട് സ്നേഹത്തോടെയും വിനയത്തോടെയും പെരുമാറിയത് ശരിക്കും അതിശയിപ്പിച്ച് കളഞ്ഞു. ഒപ്പം അദ്ദേഹത്തോടുള്ള ഇഷ്ടം പതിന്മടങ്ങ് കൂടുകയും ചെയ്തു.
പിന്നീട് എനിക്ക് വഴിത്തിരിവായത് ഖത്തറിലെ മോഹൻലാൽ കൂട്ടായ്മയായ ലാൽ കെയേഴ്സും എഫ്.എം റെഡിയൊ ജോക്കിമാരുമാണ്. വർഷങ്ങളായി ഞാൻ സൂക്ഷിച്ച് വെച്ചിരുന്ന ഭരതത്തിലൂടെ മോഹൻലാൽ ദേശീയ അവാർഡ് നേടിയ വാർത്ത വന്ന മനോരമ പത്രവും മറ്റു ചില പേപ്പർ കട്ടിങ്ങുകളും ഒക്കെ ലാൽ കെയേഴ്സിലൂടെയും റേഡിയൊ ഷോയിലൂടെയും ഒക്കെ ആളുകൾ കണ്ട് തുടങ്ങി. റേഡിയോയിൽ പഴയ മോഹൻലാൽ സിനിമകളുടെ വാർഷികത്തിന് പരിപാടികൾ കേട്ട് തുടങ്ങിയതോട് കൂടിയാണ് സിനിമകളെ കുറിച്ച് എഴുതാൻ ആഗ്രഹം എന്റെ ഉള്ളിൽ മൊട്ടിട്ടത്.
അങ്ങനെ പഴയ മോഹൻലാൽ സിനിമ ഓർമകൾ എല്ലാം പൊടി തട്ടിയെടുത്ത് എഴുതി തുടങ്ങി,അതൊക്കെ ആ സിനിമകളുടെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ റേഡിയൊ സുനൊ എഫ്എമ്മിലൂടെ ആർജെ സൂരജ് മനോഹരമായി അവതരിപ്പിച്ചപ്പോൾ അവയെല്ലാം ഒരുപാട് സന്തോഷം നല്കി, ഒപ്പം ആ ലേഖനങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ പബ്ലിഷ് ചെയ്ത് വന്നതുമൊക്കെ വീണ്ടും എഴുതാനുള്ള പ്രചോദനവും ആയി. ഖത്തറിലെ മറ്റൊരു റേഡിയൊ സ്റ്റേഷനായ റേഡിയൊ മലയാളം മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള ഒരു സ്പെഷ്യൽ പ്രോഗ്രാമിൽ അതിഥിയായി എന്നെ ക്ഷണിച്ചതും അരമണിക്കൂറോളം ഓൺ എയറിൽ പോകാൻ സാധിച്ചതും മറ്റൊരു മറക്കാനാകാത്ത അനുഭവമാണ്. 2018ൽ ദേശീയ അവാർഡ് വാർത്ത വന്ന, ഇരുപ്പത്തിയാറ് വർഷങ്ങൾ പഴക്കം ഉള്ള മനോരമ പത്രം മോഹൻലാലിനെ നേരിട്ട് കാണിക്കുവാനും സാധിച്ചു.
എന്റെ ഇഷ്ട മോഹൻലാൽ സിനിമകളെ കുറിച്ചുള്ള ഓരോ ലേഖനങ്ങൾ എഴുതുമ്പോഴും, അത് പ്രധാനപ്പെട്ട ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് വരുമ്പോഴും ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ആ ലേഖനങ്ങൾ ലാലേട്ടന്റെ കൈയിൽ എത്തി ചേർന്നിരുന്നുവെങ്കിൽ എന്ന്, അത് വായിച്ച് അദ്ദേഹത്തിന് എന്ത് തോന്നിയിട്ടുണ്ടാകാം എന്ന്, എനിക്ക് ഒരു വോയ്സ് മെസേജ് അയച്ചിരുന്നുവെങ്കിൽ എന്ന്. ഓരോ പ്രാവശ്യം അതുണ്ടാകാതെ വരുമ്പോൾ ചെറിയൊരു നിരാശ തോന്നും, പക്ഷേ അടുത്ത എഴുത്ത് തുടങ്ങുമ്പോൾ ആ നിരാശ അങ്ങ് പോകും. എന്നാൽ ഒരിക്കൽ എന്റെ ചന്ദ്രലേഖ ലേഖനം അദ്ദേഹം കണ്ടു, അത് വായിച്ചിട്ട് എനിക്കൊരു വോയ്സ് മെസേജും അയച്ചു, എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ വോയ്സ് മെസേജ്..
മോഹൻലാൽ എന്ന നടൻ ബഹുഭൂരിപക്ഷം മലയാളികളുടെ മനസിൽ ഇത്രമാത്രം ആഴത്തിൽ പതിഞ്ഞിരിക്കുന്നത് ഒരിക്കലും അദ്ദേഹത്തിന്റെ സൗന്ദര്യം കൊണ്ട് അല്ല, പ്രതിഭ കൊണ്ട് മാത്രമാണ്. വേറെ ഒരു തരത്തിൽ പറഞ്ഞാൽ മോഹൻലാൽ തന്റെ കുറവുകളെ ഒക്കെ അതിശയിപ്പിക്കുന്ന അഭിനയ ചാരുത കൊണ്ട് സൗന്ദര്യമുള്ളതാക്കി തീർത്തു. ആ പ്രതിഭ കൊണ്ടാണ് ഇത്രയധികം ബോഡി ഷെയിമിങ്ങിന് ഇരയാക്കപ്പെട്ടിട്ടും മലയാളികൾക്ക് 40 വർഷങ്ങളായിട്ടും മോഹൻലാലിനെ മടുക്കാത്തത്. ഇന്നും മലയാള സിനിമയിലെ ഏറ്റവും വലിയ താരവും നടനും എന്ന സ്ഥാനം മോഹൻലാലിന് മാത്രം അലങ്കരിക്കാൻ പറ്റുന്നത്. മലയാളികൾ മോഹൻലാലിനെ ഇഷ്ടപ്പെടുന്നത് പോലെ ഇത് വരെ വേറെ ഒരു കലാകാരനെയും ഇഷ്ടപ്പെട്ടിട്ടില്ല, ഇഷ്ടപ്പെടുമെന്നും തോന്നുന്നില്ല..
എന്റെ ബാല്യവും കൗമാരവും യൗവ്വനവും ഒക്കെ കൂടുതൽ നിറമുള്ളതാക്കി മാറ്റിയത് മോഹൻലാലും അദ്ദേഹത്തിന്റെ സിനിമകളും ആണ്. അന്ന് താളവട്ടത്തിലൂടെ മോഹൻലാലിനെ ഇഷ്ടപ്പെട്ട് നെഞ്ചിലേറ്റിയപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അത് ജീവിതക്കാലം മുഴുവൻ ഉള്ള ഇഷ്ടമായി മാറുമെന്ന്, ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുമെന്ന്..എന്റെ ആ വലിയ ഇഷ്ടത്തിന്, മലയാളത്തിന്റെ നടന വിസ്മയത്തിന് ഇന്ന് 61 വയസ് തികയുന്നു...
Happy Birthday ലാലേട്ടാ..
ആയുരാരോഗ്യ സൗഖ്യവും ദീർഘായുസും നേരുന്നു..
ഒരു കാര്യം കൂടി..ഇടയ്ക്കിടയ്ക്ക് കെട്ടിയോള് എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഇക്കാക്ക് ലാലേട്ടനെയാണൊ എന്നെയാണൊ കൂടുതൽ ഇഷ്ടം എന്ന്.. ഒരു ചെറുപ്പുഞ്ചിരി മാത്രമേ ഞാൻ ഈ ചോദ്യത്തിന് ഉത്തരമായി നല്കാറുള്ളു,കാരണം ഞാൻ സത്യം പറഞ്ഞാലും അവളത് വിശ്വസിക്കില്ല, അംഗീകരിക്കില്ല.
പിന്നെ ഓരൊ പിറന്നാൾ വരുമ്പോഴും സത്യത്തിൽ എനിക്ക് വിഷമം ആണ്,എനിക്ക് പ്രായം കൂടുന്നതിൽ അല്ല,മറിച്ച് ലാലേട്ടന് പ്രായമാകുന്നതിൽ
സഫീർ അഹമ്മദ്