ചെന്നൈ: ചെന്നൈയിൽ സിവിൽ സർവിസ് മെയിൻ പരീക്ഷക്കിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുന്നതിനിടെ പിടിയിലായ മലയാളി ഐ.പി.എസ് ട്രെയിനി സഫീർ കരീമിന് (25)'കരീംസ് എൽ.എ എക്‌സലൻസ്' എന്ന പേരിൽ രാജ്യത്ത് അഞ്ചിടങ്ങളിലാണ് ഐ.പി.എസ് ട്രെയിനിങ് സെന്ററുകളും. സർക്കാർ സ്ഥാനത്തിരുന്ന് വ്യവസായ താൽപ്പര്യത്തോടെ പ്രവർത്തിച്ചത് സഫീർ കരീമിന് വിനയാകുമെന്നാണ് പുറത്തുവരുന്ന വിവരം.

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഹൈദരാബാദ്, ഭോപാൽ എന്നിവിടങ്ങളിലുമാണ് ഇയാൾക്ക് കേന്ദ്രങ്ങൾ. കേരളത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ ക്ലച്ചു പിടിച്ചതോടെ ഹൈദരാബാദിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു. ഭാര്യക്ക് തന്നെയായിരുന്നു ഈ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലയും. ഇങ്ങനെ കോച്ചിങ് സെന്ററിന്റെ സ്ഥിതി നല്ലനിലയിൽ പോകുന്നതി്‌ന് ഇടെയാണ് ഐഎഎസ് പരീക്ഷക്ക് കോപ്പിയടിച്ച് കുടുങ്ങുന്നത്. അതുകൊണ്ട് തന്നെ ഇനി സഫീറിന്റെ ഭാവി കൂടുതൽ അവതാളത്തിലേക്കാണ് പോകുന്നത്.

എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരിക്കടുത്ത് കുന്നുകര പഞ്ചായത്തിലെ വയൽക്കര സ്വദേശിയായ സഫീർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കുന്നുകര കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂളിൽനിന്നാണ്. തുടർ വിദ്യാഭ്യാസത്തിനുശേഷം നാടുമായി കൂടുതൽ അടുപ്പമില്ലാതിരുന്ന സഫീർ 2014ലെ സിവിൽ സർവിസ് പരീക്ഷയിൽ 112ാം റാങ്ക് നേടിയതോടെയാണ് നാട്ടിൽ അറിയാൻ തുടങ്ങിയത്. ഐ.പി.എസ് ലഭിച്ചെങ്കിലും നാട്ടിൽ സാധാരണ ഗതിയിലുള്ള സ്വീകരണമൊന്നും സഫീറിന് ലഭിച്ചിരുന്നില്ല.

ഐ.പി.എസ് ലഭിച്ചശേഷം സഫീർ ക്രിസ്തുരാജ് സ്‌കൂൾ കേന്ദ്രീകരിച്ച് ഐ.പി.എസ് കോച്ചിങ് ക്ലാസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും കുറച്ചുനാൾ അത് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പരിശീലന ആസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റിയതോടെ നാട്ടിലെ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. സന്റെറിലെ വിദ്യാർത്ഥിനിയായിരുന്ന ജോയ്‌സിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയുമായിരുന്നു.

ഭാര്യ ജോയ്സി ജോയ്സിന്റെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി. ജോയ്സിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈക്രോ കാമറ, ഗൂഗിൾ ഡ്രൈവ്, ബ്ലൂടൂത്ത് എന്നിവയുടെ സഹായത്തോടെയായിരുന്നു കരീമിന്റെ പരീക്ഷയെഴുത്ത്. ഗൂഗിൾ ഡ്രൈവുമായി കണക്റ്റ് ചെയ്ത മൈക്രോ കാമാറ കരീം നെഞ്ചിൽ ഘടിപ്പിച്ചിരുന്നു. മുന്നിലിരിക്കുന്ന ചോദ്യ പേപ്പർ ഈ കാമറ സ്‌കാൻ ചെയ്ത് ഗൂഗിൾ ഡ്രൈവ് വഴി ഹൈദരാബാദിലുള്ള ജോയ്സി ജോയ്സിനു മുന്നിൽ എത്തിക്കും. ഓരോ ചോദ്യത്തിന്റെയും ഉത്തരം അവിടെയിരുന്ന ജോയ്സി പറയും. ജോയ്സിയുടെ ശബ്ദം ബ്ലൂടൂത്ത് വഴി സഫറിന്റെ കാതുകളിൽ എത്തും. ജോയ്സി പറഞ്ഞത് വ്യക്തമായില്ലെങ്കിൽ ഒരു കടലാസിൽ സഫീർ പെൻസിൽ കൊണ്ട് അടയാളം കാണിക്കും. ഇത് കാമറ സ്‌കാൻ ചെയ്ത് ജോയിസിയുടെ ലാപ്ടോപ്പിൽ എത്തിക്കും. ഉടൻ തന്നെ ഉത്തരം വ്യക്തമായ രീതിയിൽ ജോയ്സി ഒരാവർത്തി കൂടി പറയും.

ജോയ്സിയെ സഹായിക്കാൻ ഹൈദരാബാദിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അശോക്നഗറിൽ ലാ എക്സലൻസ് ഐഎഎസ് സ്റ്റഡി സർക്കിൾ എന്ന പേരിൽ കോച്ചിങ് സെന്റർ നടത്തിവരുന്ന ഡോ. പി ആർ രാംബാബു. രാംബാബുവാണ് ജോയ്സിക്കുവേണ്ട ഹൈടെക് സപ്പോർട്ട് നൽകി കൊണ്ടിരുന്നത്. രണ്ടു കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, ഐപാഡ് മറ്റു ചില ഉപകരണങ്ങൾ എന്നിവയയാണ് സഫീറിന് ഉത്തരങ്ങൾ അയച്ചുകൊടുക്കാനായി ഇവർ ഉപയോഗിച്ചിരുന്നത്. ഹൈദരാബാദ് പൊലീസാണ് ജോയ്സിയേയും രാംബാബുവിനെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പൊലീസ് സഫീറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇവരുവരുടേയും അറസ്റ്റ് നടന്നത്. ഇവരെ തമിഴ്‌നാടിനു പൊലീസിന് കൈമാറി. ഇവരിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്.