തിരുവനന്തപുരം: സാഫ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ നേപ്പാളിനെ 4-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇരുടീമുകളെ കൂടാതെ ശ്രീലങ്കയും കൂടിയുള്ള ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ആദ്യമത്സരത്തിൽ തന്നെ എതിരില്ലാത്ത ഒരു ഗോളിന് ശ്രീലങ്കയോട് തോറ്റാണ് നേപ്പാളെത്തിയത്. ഇതിന് മുമ്പ് മാൽദീവ്‌സും അഫ്ഗാനിസ്ഥാനും സെമി ബെർത്ത് ഉറപ്പിച്ചിരുന്നു.

ബിമൽ മഗാറിലൂടെ ആദ്യഗോൾ നേടിയ നേപ്പാൾ കളി കൈക്കലാക്കുമെന്ന രീതിയിലാണ് തുടങ്ങിയതെങ്കിലും വൈകാതെ തിരിച്ചടിച്ച ഇന്ത്യ എല്ലാ പ്രതീക്ഷകളും കാത്ത് മുന്നേറുകയായിരുന്നു. 26ആം മിനിട്ടിൽ റൗളിൻ ബോർജസിലൂടെയാണ് ഇന്ത്യ സമനില ഗോൾ നേടിയത്. 67ആം മിനിട്ടിൽ ഹാലി ചരൺ നർസാരിയിലൂടെ നേടിയ ഗോൾ ഇന്ത്യയെ മുന്നിലെത്തിച്ചു. 74ആം മിനിട്ടിൽ ഇന്ത്യയുടെ കുട്ടിത്താരം ലാലിയൻ സുവാലായാണ് ഗോൾ നേട്ടം മൂന്നായി ഉയർത്തിയത്. മികച്ച ലീഡെത്തിയിട്ടും അടങ്ങാത്ത ഗോൾ ആവേശം ലാലിയനിലൂടെ തന്നെ അവസാനമിനിട്ട് ഗോളായി പിറന്നതോടെ ഇന്ത്യ സെമിയിലെത്തി.

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. സാഫ് ടൂർണ്ണമെന്റിൽ ഇതുവരെ 11 തവണ പങ്കെടുത്തിട്ടുള്ള ഇന്ത്യ ആറുതവണ ചാമ്പ്യന്മാരുമായിട്ടുണ്ട്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനിയും കളത്തിലിറങ്ങുക. സാഫ് ടൂർണ്ണമെന്റ് കിരീടനേട്ടത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ബഹുദൂരം മുന്നിലാണ്.