കൊച്ചി: ബന്ധു നിയമന വിഷയത്തിൽ ലോകായുക്ത വിധിയെ തുടർന്ന് മന്ത്രി കെ ടി ജലീൽ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നിയമന അട്ടിമറി ആരോപണം പരസ്യമായി ഉന്നയിച്ച ഉദ്യോഗാർഥി സഹീർ കാലടി. നീണ്ട കാലങ്ങളായുള്ള തന്റെ പോരാട്ടം ഒടുവിൽ ഫലം കണ്ടുവെന്ന് സഹീർ മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചു.

മറ്റ് വഴികളൊന്നും മുന്നിലില്ലാത്ത ഒരു ഘട്ടത്തിലാണ് ജലീൽ രാജിവെച്ചത്. ഇത് ഏറെ സന്തോഷമുള്ള ദിവസമാണെന്നും അവഗണിക്കപ്പെട്ട യുവത്വത്തിന് ജലീലിന്റെ രാജി വലിയ ഒരു ആശ്വാസമാണെന്നും സഹീർ കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ ധനകാര്യവികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയ്ക്കുള്ള യോഗ്യതെല്ലാം തനിക്കുണ്ടായിരുന്നിട്ടും ജലീൽ ബന്ധുവിന് വേണ്ടി യോഗ്യത തിരുത്തിയെന്നായിരുന്നു സഹീർ കാലടിയുടെ ആരോപണം. ഇക്കാര്യങ്ങൾ കാണിച്ച് സഹീർ ഫേസബുക്കിലിട്ട പബ്ലിക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. വിവാദത്തിനുശേഷം മാൽകാ ടെക്സിൽ നിന്നും 20 വർഷത്തെ സർവ്വീസ് ബാക്കിനിൽക്കെത്തന്നെ സഹീർ കാലടി രാജിവെച്ചിരുന്നു. ജലീലിനെതിരായ ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സഹീർ പരാതി നൽകിയിരുന്നു.

ജലീൽ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ പാടില്ലെന്ന ലോകായുക്തയുടെ വിധിവന്ന് നാലാം ദിവസമാണ് കെ ടി ജലീൽ രാജി വച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങൾക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീൽ ഇടപെട്ട് യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.

വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവച്ചാണ് ലോകായുക്തയുടെ റിപ്പോർട്ട്. ജലീൽ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങൾ പരിഗണിച്ച് ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.