മലപ്പുറം: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമനത്തിൽ ബലിയാടായ സഹീർ കാലടി നീതിതേടി മുഖ്യമന്ത്രിക്ക് നൽകിയ ഏഴാമത്തെ പരാതിയിലും ലഭിച്ചത് ആറു തവണ ലഭിച്ച മറുപടി തന്നെ. പരാതി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുടർ നടപടിക്കായി കൈമാറി എന്ന ഒരെ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സഹീർകാലടിക്ക് ഇ-മെയിൽ വന്നത്. ഈ സർക്കാരിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നതായും സഹീർ കാലടി.

പരാതികാരനെ ഒരിക്കൽ പോലും കേൾക്കാതെ ആരോപണ വിധേയനായ എം.ഡി നൽക്കിയ വിശദീകരണം മാത്രം സർക്കാർ പരിഗണിച്ച് രണ്ട് വർഷത്തിനു ശേഷം ആറ് പരാതികളും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒക്ടോബർ 8 നു നിരസിച്ചതായും സഹീർ കാലടി പറഞ്ഞു.ഇതെ തുടർന്ന് ഏഴാം തവണയും മുഖ്യമന്ത്രിക്ക് സഹീർ പരാതി നൽകിയിരുന്നു.

7 തവണയും മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ച മറുപടി ഒന്ന് തന്നെയായിരുന്നു. തുടർ നടപടികൾക്കായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇതെ മറുപടി തന്നെയാണ് മുൻപ് നൽകിയ ആറ് പരാതികൾക്കും മുഖ്യമന്ത്രിയിൽ നിന്നും സഹീറിനു മറുപടി ലഭിച്ചത്. രണ്ട് വർഷത്തിൽ കൂടുതലായി പരാതികൾ നിരന്തരം നൽകിയിട്ടും ഒരു അന്വേഷണത്തിനു പോലും ഉത്തരവിടാതെ നിതി നിഷേധം തുടർന്നത് അതീവ ദുഃഖകരമാണെന്ന് സഹീർ പറഞ്ഞു.

മുൻ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനത്തിൽ ബലിയാടായ ഉദ്യോഗസ്ഥനാണ് സഹീർ കാലടി. യോഗ്യതയും പ്രവർത്തന പരിചയം ഉണ്ടായിട്ടും ബന്ധു നിയമനത്തിനായി അവഗണിച്ചതിൽ പരസ്യമായി പ്രതികരിച്ചതും തുടർന്നുള്ള വിവാദവും കൂടാതെ കുറ്റിപ്പുറം മാൽകോടെക്സ് സ്പിന്നിങ് മിൽ എം.ഡി നടത്തിയ അഴിമതികൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തതിനാൽ സഹീർ കാലടിക്ക് ഏൽകേണ്ടി വന്ന നിരന്തര തൊഴിൽ പീഡനങ്ങളെ തുടർന്ന് 20വർഷം സർവ്വീസ് ബാക്കി നിൽകെ 38 വയസിൽ പൊതുമേഖലാ സ്ഥാപനമായ മാൽകോടെക്സിൽ നിന്നും അക്കൗണ്ട്സ് മാനേജർ ജോലിയിൽ നിന്നും 2019 ജൂലൈ ഒന്നിനു രാജിവെച്ചിരുന്നു.

ഏകപക്ഷീയമായി പരാതികൾ നിരസിച്ച വ്യവസായ വകുപ്പിന്റെ നടപടി പുനഃ പരിശോധിക്കാനും മേൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും കൂടാതെ പൂർണ്ണമായ ഗ്രാറ്റുവിറ്റി , തടഞ്ഞുവെച്ച ശമ്പളം, പ്രൊവിഡന്റ് ഫണ്ട് കുടിശിഖ, നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവ തേടിയാണ് താൻ മുഖ്യമന്ത്രിക്ക് ഏഴാം തവണയും പരാതി നൽകി പോരാട്ടം തുടരുന്നതെന്നും സഹീർ പറഞ്ഞു. മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഹാന്റ്ലൂം ഡയറക്ടർ എന്നിവർക്ക് 2019 മുതൽ 2021 ഓഗസ്റ്റ് വരെ രണ്ട് വർഷത്തിൽ കൂടുതലായി മേൽ ആവശ്യം ഉന്നയിച്ച് ആറ് പരാതികൾ നൽകിയിരുന്നു.

പരാതികാരനായ സഹീർ കാലടിയെ നേരിൽ ഒരു തവണ പോലും കേൾക്കാതെ തൊഴിൽ പീഡനത്തിനു നേതൃത്വം നൽകിയ എം.ഡിയെ മാത്രം കേട്ട് എം.ഡി.നൽകിയ വിശദീകരണം അതെ പടി രേഖപെടുത്തി സഹീറിന്റെ 6 പരാതികളും നിരസിച്ചതായി അറിയിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2 വർഷത്തിനു ശേഷം ഒക്ടോബർ 8നു കത്ത് സാധാരണ തപ്പാൽ മാർഗം സഹീറിനു ലഭിക്കുകയാണുണ്ടായത്. സഹീർ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൺ നൽകി 2019 മുതൽ നിയമ പോരാട്ടവും നടത്തുന്നുണ്ട്.

വ്യവസായ വകുപ്പ് അപേക്ഷ നിരസിച്ചതിനു അപ്പീലായാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് എഴാം തവണയും സഹീർ കാലടി പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ കുറ്റിപ്പുറം മാൽകോടെക്സ്, കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലുകളുടെ ഇരട്ട എം.ഡി. പദവിയിൽ തുടരുന്ന സി.ആർ.രമേഷ് നടത്തിയ അഴിമതികളും ഇവ സംസ്ഥാന സഹകരണ ആഡിറ്റ് വിഭാഗവും, ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയതും മറ്റു തെളിവുകൾ ഉൾപ്പെടെ പരാതിയിൽ രേഖപെടുത്തിയിട്ടുണ്ട്.

മുൻ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കാനുള്ള തിരക്കഥയിൽ അറിയാതെ അപേക്ഷകനായതിനെ തുടർന്നുള്ള വിവാദവും എം.ഡി. നടത്തിയ അഴിമതികൾ തെളിവ് സഹിതം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ റിപ്പോർട്ട് ചെയ്തതുമാണ് ഗുരുതര തൊഴിൽ പീഡനം ഏൽകേണ്ടിവന്നതും നിവൃത്തിയില്ലാതെ 20 വർഷം സർവ്വീസ് ബാക്കി നിൽകെ ജോലി രാജിവെക്കേണ്ടി അവസ്ഥയിൽ ആയതെന്നും പരാതിയിൽ പറയുന്നുണ്ട്.

അധികാരം, രാഷ്ട്രീയ സ്വാധീനം, പണം എന്നിവ ഒന്നും ഇല്ലാത്ത എനിക്ക് നീതി കിട്ടാൻ എന്ത് ചെയ്യണമെന്ന മറുപടി കൂടി തരണമെന്ന് മുഖ്യമന്ത്രിയോട് സഹീർ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന അപേക്ഷയോടെയാണ് പരാതി അവസാനിപ്പിക്കുന്നത്.