മലപ്പുറം: ലോകനിലവാരത്തിലുള്ള ഒരു ടീമിനെ ഇന്ത്യൻ ഫുട്‌ബോളിന് ഇതുവരെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലിതാ പരിശീലനത്തിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു കായികാധ്യാപകനെ കേരളത്തിനു ലഭിച്ചിരിക്കുന്നു.

മലപ്പുറം തിരൂർ പൂക്കയിൽ സ്വദേശി എലനാട്ടിൽ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകൻ സാഹിർ മോനാണ് ഫിഫയുടെ പരിശീലന അംഗീകാരം ലഭിച്ച് മലയാളത്തിന് അഭിമാനമായത്. ഫിഫയുടെ ലൈസൻസായ ഗ്രാസ് റൂട്ട് ലെവൽ പരിശീലന അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി അദ്ധ്യാപകനാണ് സാഹിർ മോൻ.

ഫുട്ബാൾ പരിശീലകരെ കണ്ടെത്തുന്നതിനായി ഫിഫ വിവിധ രാജ്യങ്ങളിലായി നടത്തിവരാറുള്ള സെലക്ഷനാണ് മലയാളിയായ ഈ കായിക അദ്ധ്യാപകനും ലഭിച്ചത്. ഈ മാസം ആദ്യവാരത്തിൽ അബുദാബി ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ചായിരുന്നു ഫിഫ പരിശീലകർക്കായി അഭിമുഖങ്ങളും തെരഞ്ഞെടുപ്പും നടത്തിയത്.

കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചെങ്കിലും സാഹിറിന് ഫിഫയുടെ പരിശീലക ലിസ്റ്റിൽ ഉൾപ്പെടാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്തിരിയാതെ വീണ്ടും ഈ വർഷം ഫിഫയിൽ അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുകയായിരുന്നു. സെലക്ഷൻ കിട്ടിയ വിവരം ഫിഫ അറിയിച്ചു. തുടർന്ന് ഫിഫയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ നടത്തിയ അഭിമുഖങ്ങളിലും ടെസ്റ്റുകളിലും സാഹിർ മോൻ വിജയം കൈവരിക്കുകയായിരുന്നു. താഴെ തട്ടിൽ നിന്നും ഫുട്ബാളിന്റെ ബാലപാഠം നൽകുന്ന മികച്ച പരിശീലകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിഫയു2െ പരീക്ഷ.

കഴിഞ്ഞ അഞ്ചു വർഷമായി അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂൾ കായിക വിഭാഗം മേധാവിയാണ് സാഹിർ. ലൈസൻസ് ലഭിച്ച യു.എ.ഇയിലെ 20 പേരിലൊരാളും ഒരേ ഒരു ഇന്ത്യക്കാരനുമാണ് സാഹിർമോൻ. യു.എ.ഇ ഫുട്‌ബോൾ അസോസിയേഷൻ സ്വദേശികൾക്കു മാത്രമായി നടത്തുന്ന പരിശീലന സെലക്ഷനിലാണ് ഈ മലയാളി യുവാവ് ഇടംപിടിച്ചത്. ഇനി എട്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഫുട്‌ബോളിന്റെ ആദ്യപാഠം പഠിപ്പിക്കാൻ സാഹിറിനു സാധിക്കും.

രണ്ടു വർഷം സീനിയർ കോച്ചിന്റെ കീഴിൽ ജോലി ചെയ്യുന്നതിനു പുറമെ കുട്ടികളുടെ മികവ്, പ്രൊഫൈൽ, ഡോക്യുമെന്റേഷൻ തുടങ്ങിയവ യു.എ.ഇ ഫുട്‌ബോൾ അസോസിയേഷന് സമർപ്പിക്കുകയുമാണ് അടുത്ത ഘട്ടത്തിൽ ചെയ്യേണ്ടത്. തുടർന്ന് ഫിഫക്ക് നൽകിയതിന് ശേഷം ഇവ പരിശോധിച്ചതിന് ശേഷമായിരിക്കും മറ്റു ലൈസൻസ് ലഭിക്കുക.

2002-03 കാലയളവിൽ ജില്ലാ കായികമേളയിൽ മലപ്പുറം ജില്ലാ ടീമിന് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട് സാഹിർമോൻ. 2009ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കായിക പഠനത്തിൽ ബിരുദം നേടിയ സാഹിർ നാഗാലാന്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുകയാണ്. അഞ്ച് വർഷം മുമ്പായിരുന്നു സൺറൈസ് സ്‌കൂളിൽ കായിക അദ്ധ്യാപകനായി ജോലി ആരംഭിച്ചത്. ഇതിനിടയിലായിരുന്നു ഫിഫ ഫുട്‌ബോൾ പരിശീലകനാകാൻ അപേകഷ സമർപ്പിച്ചത്.

തന്റെ കഠിനാധാനവും ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നുള്ള പിന്തുണയുമാണ് തന്റെ നേട്ടത്തിന് സഹായകരമായതെന്ന് സാഹിർമോൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ചെറുപ്പം മുതലേ ഫുട്‌ബോളിനോടുള്ള താൽപര്യമായിരുന്നു സാഹിറിനെ കായികത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുക്കാൻ പ്രേരിപ്പിച്ചത്. സാഹിറിന്റെ പിതാവും മറ്റു ബന്ധുക്കളും ഫുട്‌ബോളിൽ ഏറെ തൽപരരും മികവ് തെളിയിച്ചവരുമാണ്. കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നുമുള്ള പ്രചോദനമാണ് തനിക്ക് വലിയ രീതിയിൽ പിന്തുണയായതെന്നും സാഹിർ പറഞ്ഞു.

സാഹിറിന്റെ അംഗീകാരത്തിളക്കത്തിൽ നാടും വീടും ആഹ്ലാദത്തിലാണ്. തിരൂർ ബ്രദേഴ്‌സ് ക്ലബ്ബിലൂടെയാണ് കളിക്കളത്തിലേക്കുള്ള സാഹിറിന്റെ തുടക്കം. അൽ- ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിലെ വിദേശ കോച്ചുമാരുടെ കീഴിലും സന്തോഷ് ട്രോഫി കോച്ചായ പീതാംബരൻ മാസ്റ്ററുടെ കൂടെ അസിസ്റ്റന്റ് കോച്ചായും ജോലി ചെയ്തിട്ടുണ്ട്. ജിംഖാന തൃശ്ശൂരിന് വേണ്ടിയും സാഹിർ മോൻ ബൂട്ട് കെട്ടിയിട്ടുണ്ട്. മികച്ച രീതിയിലുള്ള കായിക സ്വപ്നങ്ങളും പ്രൊജക്ടുകളുമായിട്ടാണ് കഴിഞ്ഞ 16ന് സാഹിർ നാട്ടിലെത്തിയത്.

നാട്ടിലെ ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കുന്നതിനായി സാഹിർ തയ്യാറാക്കിയ ബഹുമുഖ പദ്ധതി നാടിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഫുട്ബാളിനെ സ്‌നേഹിക്കുന്ന മലപ്പുറത്തെ കുട്ടികൾക്കായി തയ്യാറാക്കി കൊണ്ടുവന്ന പദ്ധതി അടുത്ത ദിവസം തന്നെ ജനപ്രതിനിധികൾക്കു സമർപ്പിക്കുമെന്ന് സാഹിർ പറഞ്ഞു.