കൊച്ചി:സിനിമാ കുടുംബത്തിൽ നിന്നും സിനിമയിലേക്ക് കടന്നുവന്ന ഇളംതലമുറക്കാരനായി പിന്നീട് കാരണവരായ സായി കുമാറിനെ ഇപ്പോൾ മലയാള സിനിമയിൽ കാണാൻ കിട്ടാറെ ഇല്ല. സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സായ് കുമാറിന്റെ അഭാവത്തിൽ ആരാധകർ ആശങ്കയിലാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ഏത് തരം കഥാപാത്രങ്ങളായാലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് സായ് കുമാർ.വർഷത്തിൽ പത്തോളം സിനിമകൾ ചെയ്ത അദ്ദേഹം ഇപ്പോൾ സിനിമയേ ചെയ്യുന്നില്ല എന്ന അവസ്ഥയിലാണെന്നും ആരാധകർ പറയുന്നു. സഹനടൻ, വില്ലൻ, നായകൻ തുടങ്ങിയ റോളുകളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഇപ്പോ അദ്ദേഹത്തെ കാണാൻ കിട്ടാറെ ഇല്ല. ഒടുവിൽ വില്ലനിൽ ഒരു ചെറിയ വേഷത്തിലാണ് സായികുമാറിനെ നാം കണ്ടത്.

വ്യത്യസ്ത റോളുകളിൽ തിളങ്ങി നിന്നിരുന്ന താരം സിനിമ ഉപേക്ഷിച്ചതാണോയെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്ന ഇമേജിൽ സിനിമയിൽ തുടക്കം കുറിച്ച സായ്കുമാർ പിന്നീട് തന്റേതായ ഇടം നേടിയാണ് മുന്നേറിയത്.മലയാള സിനിമയിലെ വില്ലന്മാരിൽ പ്രധാനികളിലൊരാളാണ് സായ് കുമാർ. കുഞ്ഞിക്കൂൻ, ഭരത്ചന്ദ്രൻ ഐ.പിഎസ്, വല്ല്യേട്ടൻ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്മാരെ നമ്മൾ ഒരിക്കലും മറക്കില്ല,

ഒരു ബാലതാരമായി വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം സായി കുമാർ തുടങ്ങിയത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സിദ്ദിഖ് ലാലിന്റെ റാംജി റാവ് സ്പീക്കിങ് (1989) എന്ന സിനിമയിലാണ്. ഇതിൽ സായി കുമാറിന്റെ റോൾ ഒരു ഹാസ്യ കഥാപാത്രമായിരുന്നു. പക്ഷേ പിന്നീട് ഗൗരവമുള്ള കഥാ പാത്രങ്ങളെ അവതരിപ്പിച്ചും സായി കുമാർ തന്റെ കഴിവ് തെളിയിച്ചു. വർഷത്തിൽ അഞ്ചും പത്തും സിനിമകൾ ചെയ്തിരുന്ന താരത്തിന് ഇപ്പോൾ സിനിമ ലഭിക്കാത്തതാണോ, അതോ താരം സിനിമ വേണ്ടെന്ന് വെച്ചതാണോയെന്ന ചോദ്യവുമായാണ് ആരാധകർ രംഗത്തെത്തിയിട്ടുള്ളത്.

ശോഭ മോഹൻ ഉൾപ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാർ. പ്രസന്ന കുമാരിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. വില്ലനായും സ്വഭാവ നടനായും സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സായ് കുമാർ പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരുന്നത് കാത്തിരിക്കുകയാണ് ആരാധകർ.