പ്രേമത്തിലെ മലർ ജോർജ്ജിനെ മറന്നെങ്കിലും സായ് പല്ലവി നിവിൻ പോളിയെ മറന്നില്ല. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നിവിനെ സായ് പല്ലവി നേരിട്ട് വീട്ടിലെത്തിയാണ് തന്റെ അഭിനന്ദം അറിയിച്ചത്.

കളക്ഷൻ റിക്കോർഡുകൾ തകർത്ത പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജോർജ്ജ് എന്ന നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ നായികയായിരുന്നു മലർ എന്ന വേഷം ചെയ്ത സായ് പല്ലവി.

ആലുവയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സായ് പല്ലവി. പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ വിശ്രമിക്കുമ്പോഴാണ് നിവിൻ പോളിക്ക് അവാർഡ് ലഭിച്ച വിവരമറിഞ്ഞത്. ഇതോടെ സായ് പല്ലവി മാതാപിതാക്കൾക്കും ഒരു സുഹൃത്തിനുമൊപ്പം നിവിന്റെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കളപ്പറമ്പത്ത് വീട്ടിലെത്തുകയായിരുന്നു. ജനപ്രതിനിധികളും ആരാധകരും ഉൾപ്പെടെ നിരവധി പേർ നിവിനെ അഭിനന്ദിക്കാനെത്തി.

അൻവർ സാദത്ത് എംഎ‍ൽഎ അഭിനന്ദനവുമായി നിവിന്റെ വീട്ടിലെത്തി. പുരസ്‌കാര വിവരമറിഞ്ഞ് 'പ്രേമം' സിനിമയിലെ കൂട്ടുകാരും നിവിൻ പോളിയുടെ വീട്ടിലെത്തി. നിവിന്റെ ഭാര്യയും, മകനും, അമ്മയുമെല്ലാം അതിഥികളെ മധുരം നൽകി സ്വീകരിച്ചു. ഇതിനിടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നസ്രിയ ഫഹദിനെ അഭിനന്ദിക്കാനും നിവിൻ മറന്നില്ല. താൻ ആദ്യമായി നായികയായ ചിത്രത്തിലെ നായകന് അവാർഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചാണ് സായ് പല്ലവി മടങ്ങിയത്.