പ്രേമം സൂപ്പർ ഹിറ്റായപ്പോൾ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് സായ് പല്ലവി. മലർ എന്ന കഥാപാത്രവും 'മലരേ നിന്നെ കാണാതിരുന്നാൽ' എന്ന ഗാനവും കേരളം മറക്കാനാകാത്ത അനുഭവമായി മാറ്റുകയും ചെയ്തു.

പ്രേക്ഷകരെല്ലാം മലരിനെ ഒരുനോക്കു കാണാനും സംസാരിച്ചിരിക്കാനും കൊതിച്ചിരിക്കുമ്പോൾ ചാനൽ റിയാലിറ്റി ഷോയിലെ അവതാരകരും വിധികർത്താക്കളും എങ്ങനെയാകും സ്വീകരിക്കുക. മഴവിൽ മനോരമ ചാനലിലെ ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ സായ് പല്ലവി എന്ന മലർ എത്തിയപ്പോൾ ഒപ്പം ആടിപ്പാടാൻ മത്സരിക്കുകയായിരുന്നു അവതാരകരും വിധികർത്താക്കളുമൊക്കെ.

ജോർജിയയിൽ എംബിബിഎസ് ഫൈനൽ ഇയർ വിദ്യാർത്ഥിനിയായ സായി പല്ലവി പ്രേമം സിനിമയിലെ അതേ വേഷത്തിലാണ് ഡി 4 ഡാൻസിലെത്തി നൃത്തം ചെയ്തത്. ആദ്യമായാണ് കേരളത്തിൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ സായി പല്ലവി എത്തുന്നതും നൃത്തം ചെയ്യുന്നതും.

ഒരു ചാനലിലെ നൃത്തമത്സരത്തിലൂടെയാണ് സായി പല്ലവി സിനിമയിലെത്തുന്നത്. അതുകൊണ്ടുതന്നെ ഡി ഫോർ ഡാൻസിലെ നൃത്തം സായിക്ക് ഒരു ഓർമപുതുക്കൽ കൂടിയായി.