മസ്‌കറ്റ്: ഇന്ത്യൻ ഹോക്കി ഇതിഹാസം സയ്യിദ് അലി സിബ്തൈൻ നഖ്വി (89) ഒമാനിൽ അന്തരിച്ചു. മുൻ ഇന്ത്യ, ഒമാൻ ഹോക്കി പരിശീലകനും ഇന്ത്യൻ വനിതാ ടീം പരിശീലകനുമായിരുന്ന നഖ്വി ഇന്ന് രാവിലെ മസ്‌കറ്റിലാണ് മരണമടഞ്ഞത്.

1982-ൽ രണ്ടുവർഷത്തെ ഡെപ്യൂട്ടേഷനിൽ ഒമാനിലെത്തിയ സയ്യിദ് നഖ്വി, പിന്നീട് 39 വർഷം ഒമാനിൽ തുടരുകയായിരുന്നു. ഒമാനിൽ ഹോക്കി പുനരുജ്ജീവിപ്പിക്കുകയും രാജ്യത്ത് ഒളിമ്പിക് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. 1973-75ലെ ഇന്ത്യൻ പുരുഷ ഹോക്കി ടീം, 1978-79ലെ ഇന്ത്യൻ വനിതാ ഹോക്കി ടീം 1982ൽ ഒമാനിന്റെ ദേശീയ ഹോക്കി ടീം എന്നീ ടീമുകളുടെ പരിശീലകനായും 18 വർഷം ഒമാൻ ഒളിമ്പിക് കമ്മിറ്റിയുടെ സാങ്കേതിക ഉപദേഷ്ടാവുമായിരുന്നു അന്തരിച്ച സയ്യിദ് അലി സിബ്തൈൻ നഖ്വി.

1984 മുതൽ 2002 വരെ സയ്യിദ് നഖ്വി അഞ്ച് ഒളിമ്പിക്സുകളുടെ ഉപദേഷ്ടാവായും ഒമാൻ ഒളിമ്പിക് കമ്മിറ്റിയിൽ രണ്ട് പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. 'ഇന്ത്യൻ പുരുഷ-വനിത ഹോക്കി ടീമിന്റെയും ഒമാൻ ഹോക്കി ടീമിന്റെയും പരിശീലകനായി സേവനമനുഷ്ഠിച്ച, കായിക രംഗത്ത് വളരെ പ്രിയപ്പെട്ടതും ബഹുമാനിക്കപ്പെടുന്നതുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സയ്യിദ് നഖ്വിയെന്ന്' മസ്‌കറ്റ് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറയുന്നു. ഒമാൻ സമയം വൈകിട്ട് 4.30 ഓടെ മൃതദേഹം ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കി.