ജിദ്ദ: വധ ശിക്ഷയ്ക്ക് ഇളവ് കിട്ടിയിട്ടും നാട്ടിലേക്ക് മടങ്ങാൻ വധി സെയ്തലവിയെ അനുവദിച്ചില്ല. പാലക്കാട് പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി നമ്പ്യാരത്തൊടി ഹൗസിൽ ചെറിയങ്ങാട്ടിൽ സെയ്തലവി (42) യുടെ മരണ വാർത്ത സൗദി മലയാളികൾക്ക് ആകെ ദുഃഖമാവുകയാണ്.

ജയിൽ മോചനത്തിനുള്ള സാധ്യത തെളിയുമ്പോഴായിരുന്നു മരണം. കഴിഞ്ഞ ഞായറാഴ്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൈതലവി മരണപ്പെട്ടത്. അടുത്തിടെ ക്ഷയരോഗം ബാധിച്ച സെയ്തലവിയെ ശുമൈസിയിലെ ഡിപോർട്ടേഷൻ - ജയിൽ സമുച്ചയത്തിൽ നിന്ന് നഗരത്തിലെ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് രോഗം കീഴടക്കിയത്.

ജിദ്ദയിൽ കഫറ്റീരിയ ജീവനക്കാരനായിരുന്നു സൈതലവി. ആറര വർഷത്തിനു മുമ്പായിരുന്നു മതകാര്യ നിയമപാലകരുടെ പിടിയിലകപ്പെട്ടു സെയ്തലവി ജയിലിലായത്. കേസിൽ കോടതി സെയ്തലവിക്കു നൽകിയത് വധശിക്ഷയായിരുന്നു. എന്നാൽ, വധശിക്ഷയ്ക്ക് ആവശ്യമായ തെളിവുകളുടെ അഭാവത്തിൽ മേൽക്കോടതി സെയ്തലവിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി. മൂന്ന് വർഷത്തെ തടവും തുടർന്ന് നാടുകടത്തലും മേൽകോടതി വിധിച്ചു. ഇതോടെയാണ് സെയ്തലവിക്ക് നാട്ടിലെത്താമെന്ന പ്രതീക്ഷയുമായി. ഇതിനിടെയാണ് മരണമെത്തിയത്.

രണ്ടു സഹോദരങ്ങൾ ജിദ്ദയിലുള്ള സെയ്തലവിയെ അനുജൻ ഉമർ സ്ഥിരമായി ജയിലിൽ ചെന്ന് സന്ദർശിച്ചിരുന്നു. ഉമറിന്റെ പേരിലാണ് ഭാര്യ സാബിറ മരണാനന്തര നടപടികൾക്കുള്ള രേഖകൾ അയച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി. ഇന്ന് മൃതദേഹം അയക്കാനാകുമെന്നു ഇക്കാര്യത്തിന് രംഗത്തുള്ള കെഎംസിസി പ്രവർത്തകൻ നാസർ ഒളവട്ടൂർ പറഞ്ഞു.

ഒമ്പതു വർഷം മുമ്പ് സൗദിയിൽ എത്തിയ സൈതലവിക്ക് ലഭിച്ച മേൽക്കോടതിയുടെ ആശ്വാസ വിധിയുടെ പകർപ്പ് സഹോദരനോ ഇക്കാര്യത്തിൽ നിയമസഹായം ചെയ്തുകൊടുക്കുന്നവർക്കോ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മൂന്നു വർഷത്തെ തടവ് ആയി ശിക്ഷയിൽ ഇളവുണ്ടായതായി അറിയാമെന്നല്ലാതെ അതിൽ വ്യക്തയില്ല. മേൽക്കോടതി വിധി മുതൽ മൂന്നു വർഷം എന്നാണെങ്കിൽ ഇനിയും തടവിൽ തന്നെ തുടരണമായിരുന്നു. എങ്കിലും മൂന്ന് കൊല്ലം കൊണ്ട് പുറത്തിറങ്ങാമായിരുന്നു.

അതേസമയം, മൊത്തം മൂന്നു വർഷം ശക്ഷയാണെങ്കിൽ ആറര വർഷം തടവിൽ കഴിഞ്ഞ സെയ്തലവിക്കു വേഗത്തിൽ പുറത്തിറങ്ങാമായിരുന്നു. അധികകാലം തടവിൽ കഴിഞ്ഞതിന്റെ സാമ്പത്തിക നഷ്ടപരിഹാരം കൂടി സ്വീകരിച്ചു കൊണ്ട് നാട്ടിലേക്ക് വരമായിരുന്നു. ഇത്തരത്തിൽ അനൂകല കോടതി വിധിയെത്തിയപ്പോഴാണ് മരണം സെയ്തലവിയെ കൂട്ടിക്കൊണ്ട് പോയത്.