മുംബൈ: സെയ്ഫ് അലിഖാൻ - കരീന കപൂർ ദമ്പതികളുടെ മകന് തൈമൂർ എന്ന് പേരിട്ടതിനെ അധിക്ഷേപിച്ചു കൊണ്ട് സൈബർ ലോകത്ത് ഒരു വിഭാഗം ആളുകൾ രംഗത്തുവന്നിരുന്നു. വർഗീയത പ്രചരിപ്പിക്കുന്ന ഈ പ്രചരണങ്ങൾക്ക് ഒടുവിൽ മറുപടിയുമായി സെയ്ഫ് അലിഖാൻ രംഗത്തെത്തി.

ഇന്ത്യ നെയ്‌തെടുത്തത് ഇംഗ്ലീഷും മുസ്‌ലിമും ഹിന്ദുവും ചേർന്നെന്ന് നടൻ സെയ്ഫ് അലി ഖാൻ പറഞ്ഞു. മിശ്രവിഹാഹമെന്നത് ജിഹാദല്ലെന്നും മിശ്രവിവാഹം കഴിഞ്ഞാലും ഭാര്യക്കും ഭർത്താവിനും അവരുടെ വിശ്വാസങ്ങൾ പുലർത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്നും സെയ്ഫ് അലി ഖാൻ. സെയ്ഫ് കരീന ദമ്പതികളുടെ മകന് തൈമൂർ എന്ന് പേരിട്ടതിനെ ചൊല്ലി സംഘപരിവാർ സംഘടനകൾ ആക്ഷേപിക്കുന്ന സമയത്ത് ഇന്ത്യൻ എക്സ്‌പ്രസ്സിൽ എഴുതിയ അഭിമുഖത്തിലൂടെ സെയ്ഫിന്റെ പ്രതികരണം.

ഇന്ത്യ നെയ്‌തെടുത്തത് ഇംഗ്ലീഷും മുസ്‌ലിമും ഹിന്ദുവും ചേർന്നാണ്. ഈ ബഹുസ്വരതയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഇന്നത്തെ കാലത്ത് മതത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. മനുഷ്യത്വത്തിനല്ല. ഇന്ന് ഓരോ മതത്തിനും ഓരോ നിയമമാണ്. ഇത് ദോഷമാണെന്നും ഇന്ത്യക്കാർക്കെല്ലാവർക്കും ഒരു നിയമേ പാടുള്ളുവെന്നും സെയ്ഫ് പറയുന്നു. ഇസ്ലാം മതത്തിൽ ഒരു പാട് പരിഷ്‌ക്കരണങ്ങൾ വരേണ്ട നേരമായെന്നും ഇന്ന് മനുഷ്യ നിർമ്മിതമായ മതങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ് താനെന്നും സെയ്ഫ് ലേഖനത്തിൽ എഴുതുന്നു.